ശബരിമല സ്വർണക്കൊള്ള: അറസ്റ്റിലായ പത്മകുമാറിൻ്റെ വീട്ടിൽ എസ്‌ഐടി റെയ്‌ഡ്‌ നടന്നു

ശബരിമല സ്വർണക്കൊള്ള:  അറസ്റ്റിലായ പത്മകുമാറിൻ്റെ വീട്ടിൽ എസ്‌ഐടി റെയ്‌ഡ്‌  നടന്നു

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിൻ്റെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്ഐടി) പരിശോധന നടന്നു . ആറന്മുളയിലെ കീച്ചം പറമ്പിലെ വീട്ടിലാണ്  ഇന്നലെ ഉച്ചയോടെ  വനിതാ ഉദ്യോഗസ്ഥരടക്കമുളള ഏഴംഗ സംഘം പരിശോധനയ്ക്ക് എത്തിയത്.ശബരിമല സ്വർണ കവർച്ചയുമായി ബന്ധപ്പെട്ട രേഖകൾ  പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്തതായാണ് വിവരം . 

ശബരിമല സ്വർണക്കൊള്ളയുടെ മുഖ്യ ആസൂത്രകൻ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ. പത്മകുമാറാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇയാളുടെ അറസ്റ്റ്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പത്മകുമാർ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും ഒന്നാം പ്രതി ഉണ്ണികൃഷ്‌ണൻ പോറ്റിയുമായി ഗൂഢാലോചന നടത്തിയെന്നും അന്യേഷണ സംഘം കണ്ടെത്തിയിട്ടുണ്ട് .

ഉണ്ണികൃഷ്‌ണൻ പോറ്റി പത്മകുമാറിൻ്റെ വീട്ടിലെത്തി ഗൂഢാലോചന നടത്തിയതിൻ്റെയും പത്മകുമാർ സംസ്ഥാനത്തിന് പുറത്തേക്ക് നടത്തിയ യാത്രകളുടെയും തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് നവംബര്‍ 20ന് വൈകുന്നേരത്തോടെയാണ് എസ്‌ഐടി പത്മകുമാറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് പിന്നാലെ കൊല്ലം വിജിലന്‍സ് ജഡ്‌ജിയുടെ വസതിയില്‍ എത്തിച്ച് റിമാന്‍ഡ് ചെയ്‌തു. ശേഷം ഇന്നലെ രാത്രിയോടെ തന്നെ പത്മകുമാറിനെ തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് പത്മകുമാറിനുമേലുള്ളത്.

കേസിൽ മുൻ ദേവസ്വം കമ്മിഷണർ എൻ വാസുവിന് പിന്നാലെയാണ് 2019ൽ ദേവസ്വം ബോർഡ് പ്രസിഡൻ്റായിരുന്ന എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുന്നത്. സംഘം കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടില്‍ പത്മകുമാറിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. ശബരിമലയിലെ സ്വര്‍ണക്കട്ടിളപ്പാളിയും ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണക്കവചവും ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്ക് കൈമാറാനുള്ള നിർദേശം മുന്നോട്ടുവച്ചത് പത്മകുമാറായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.