ആംബുലൻസിൽ ട്രക്കിടിച്ച് നവജാത ശിശുവടക്കം ആറുപേർക്ക് ദാരുണാന്ത്യം

ദിസ്‌പൂർ: അസമിൽ രോഗിയുമായി പോയ ആംബുലൻസിൽ ട്രക്കിടിച്ച് ആറുപേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്‌ച പുലർച്ചെ ധേക്കിയാജുലിയിലെ ദേശീയപാത 15ൽ റബ്ബർട്ടോലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ട്യൂലിപ് തേയിലത്തോട്ടത്തിൽനിന്ന് രോഗിയുമായി വന്ന ആംബുലൻസ് എതിർദിശയിൽ വന്ന ചരക്ക് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.ചികിത്സയ്ക്കായി രോഗിയെ തേസ്‌പൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. അപകടത്തിൻ്റെ ആഘാതത്തിൽ ആറുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ആംബുലൻസ് ഡ്രൈവർ, രോഗി, നവജാത ശിശു എന്നിവരുൾപ്പെടെയുള്ളവരാണ് മരിച്ചതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ ഉടൻ തേസ്‌പൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് സൂപ്രണ്ട് വരുൺ പുരകായസ്‌ത പറഞ്ഞു. ഫയർഫോഴ്‌സും പൊലീസും ചേർന്ന് ആംബുലൻസ് വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ഇത് അപകടത്തിൻ്റെ തീവ്രത വെളിവാക്കുന്നു. പൊലീസും അടിയന്തര സേവന വിഭാഗങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയും ഹൈവേയിലെ ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്‌തു.
മരിച്ചവരിൽ നവജാത ശിശു ഉള്ളത് ഏവരെയും കണ്ണീരിലാഴ്ത്തി. ജനിച്ചയുടനെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് പിഞ്ചുകുഞ്ഞ് അപകടത്തിൽപ്പെട്ടത്. ഈ പ്രദേശത്തെ ആശുപത്രികളിൽ അത്യാഹിത വിഭാഗം സംവിധാനങ്ങൾ ഇല്ലാത്തതാണ് രോഗികളെ വിദൂരത്തുള്ള തേസ്‌പൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ ബന്ധുക്കളെ നിർബന്ധിതരാക്കുന്നത്.
അടിസ്ഥാന ആരോഗ്യ സൗകര്യങ്ങളുടെ അപര്യാപ്‌തത ഇത്തരം മരണങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് പൊതുപ്രവർത്തകർ ആരോപിക്കുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഇതിനായി ഡിഎൻഎ പരിശോധന ഉൾപ്പെടെ വേണ്ടിവന്നേക്കുമെന്ന് പൊലീസ് വ്യക്തമാക്കി.