കാന്തിവലി പാചകവാതക സിലിണ്ടർ അപകടം : പൊള്ളലേറ്റ 6 സ്ത്രീകളും മരിച്ചു

മുംബൈ:കാന്തിവലിയിലെ ഒരു കാറ്ററിംഗ് യൂണിറ്റിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആറ് വനിതകളും മരണപ്പെട്ടു . ശിവാനി ഗാന്ധി, രക്ഷാ ജോഷി, ദുർഗ്ഗാവതി ഗുപ്ത, ജാനകി ഗുപ്ത, നിതു ഗുപ്ത, പുനിത ഗൗതം എന്നിവരാണ് മരണപ്പെട്ടത് .സെപ്റ്റംബർ 24 ബുധനാഴ്ചയാണ് കാന്തിവാലിയിലെ അകുർലി ക്രോസ് റോഡ് നമ്പർ 3 ലെ 'ശിവാനി കാറ്ററേഴ്‌സ്' എന്ന കാറ്ററിംഗ് സർവീസ് അടുക്കളയിൽ ഗ്യാസ് പൊട്ടിത്തെറിച്ചതിനെ തുടർന്ന് ആറ് സ്ത്രീകൾ ഉൾപ്പെടെ ഏഴ് പേർക്ക് 90% വരെ ഗുരുതരമായ പൊള്ളലേറ്റത്. ഇ.എസ്.സി.ഐ, ബോറിവ ലിയിലെ ഓം ആശുപത്രി എന്നിവിടങ്ങളിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ ഐറോളിയിലെ നാഷണൽ ബേൺസ് സെന്ററിലേക്കും കസ്തൂർബ ആശുപത്രിയിലേക്കും കൊണ്ടുപോകുകയായിരുന്നു .70% പൊള്ളലേറ്റ കാറ്ററിംഗ് ബിസിനസിന്റെ ഉടമയായ ശിവാനി ഗാന്ധി (51) കഴിഞ്ഞ തിങ്കളാഴ്ച ആശുപത്രിയിൽ വെച്ച് മരണപ്പെട്ടിരുന്നു.സംഭവത്തിൽ പരിക്കേറ്റ ഏക പുരുഷനായ മനാരം കുമാവത് (55) 40% പൊള്ളലേറ്റിട്ടുണ്ട്. ഐറോളി ബേൺസ് സെന്ററിൽ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.
500 ചതുരശ്ര അടി വിസ്തീർണ്ണത്തിലുള്ള ഒരു മുറിയിലാണ് കാറ്ററിംഗ് യൂണിറ്റ് പ്രവർത്തിച്ചു വന്നിരുന്നത് .അപകടം പറ്റിയവരിൽ ഭൂരിഭാഗവും അടുത്തുള്ള രാം നഗർ ചേരികളിൽ താമസിക്കുന്ന ദരിദ്ര വിഭാഗത്തിൽപെട്ടവരാണ്. നേരത്തെ അതെ ഭാഗത്ത് മറ്റൊരു മുറിയിൽ പ്രവർത്തിച്ചിരുന്ന കട ,സംഭവം നടന്നതിന് രണ്ട് ദിവസം മുമ്പാണ് അപകടം നടന്ന മുറിയിലേക്ക് പ്രവർത്തനമാരംഭിച്ചിരുന്നത് .