''വെള്ളാപ്പള്ളിയുടെ മുഖത്ത് കരിഓയിൽ ഒഴിക്കുന്നവർക്ക്‌ ക്യാഷ് അവാർഡ് '': യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ എസ്എൻഡിപി പ്രതിഷേധം

''വെള്ളാപ്പള്ളിയുടെ മുഖത്ത്  കരിഓയിൽ ഒഴിക്കുന്നവർക്ക്‌ ക്യാഷ് അവാർഡ് '': യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ എസ്എൻഡിപി പ്രതിഷേധം

പത്തനംതിട്ട: വെള്ളാപ്പള്ളി നടേശനെതിരെ വിവാദ ഫേസ്ബുക്ക് പോസ്‌റ്റിട്ട യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡൻ്റിൻ്റെ കോലം കത്തിച്ച് എസ്എൻഡിപി പ്രവർത്തകർ. മലപ്പുറം ജില്ലാ പ്രസിഡന്‍റ് ഹാരീസ് മൂതൂരിന്‍റെ കോലമാണ് എസ്എൻഡിപി പത്തനംതിട്ട യുണിയൻ പ്രവർത്തകർ കത്തിച്ചത്.എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിയെ കരി ഓയിൽ ഒ‍ഴിക്കണമെന്നും ഒഴിക്കുന്നവർക്ക് പാരിതോഷികം നൽകുമെന്നുമായിരുന്നു ഹാരീസ് ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടത്. പത്തനംതിട്ട നഗരത്തിൽ പ്രതിഷേധ മാർച്ച്‌ നടത്തിയ ശേഷം ഗാന്ധി സ്‌ക്വയറിലാണ് കോലം കത്തിച്ചത്. പ്രതിഷേധ യോഗം എസ്എൻഡിപി പത്തനംതിട്ട യൂണിയൻ പ്രസിഡന്‍റ് പത്മകുമാർ ഉദ്ഘാടനം ചെയ്‌തു.

ഹാരിസ് മുഡൂരിൻ്റെ നീചമായ വിവാദ പോസ്റ്റിൽ പ്രതിപക്ഷ നേതാവ്, യുഡിഎഫ് കൺവീനർ തുടങ്ങിയ കോൺഗ്രസ് നേതൃത്വം മൗനം പാലിക്കുന്നുവെന്ന് എസ്എൻഡിപി പത്തനംതിട്ട യൂണിയൻ പ്രസിഡന്‍റ് പത്മകുമാർ ആരോപിച്ചു.

"യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡൻ്റ് ഹാരിസ് മുഡൂരിൻ്റെ നീചമായ ഫേസ്ബുക്ക് പോസ്റ്റ് വന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും കെപിസിസി പ്രസിഡൻ്റ്, പ്രതിപക്ഷ നേതാവ്, യുഡിഎഫ് കൺവീനർ തുടങ്ങിയ കോൺഗ്രസ് നേതൃത്വം ഇതിനോട് പ്രതികരികരിച്ചിട്ടില്ല"- പത്മകുമാർ പറഞ്ഞു.നേതൃത്വത്തിൻ്റെ അറിവോടെ ആല്ലെങ്കിൽ എന്തുകൊണ്ടാണ് ഒരു നേതാവും ഇതുവരെ ഹാരിസിൻ്റെ ഫേസ്ബുക്ക് പോസ്‌റ്റിനെ തള്ളി പറയാതതെന്നും ഇതിൽ കെപിസിസി പ്രസിഡൻ്റിൻ്റെ നിലപാട് എന്താണെന്നറിയാൻ തങ്ങൾക്ക് ആകാംക്ഷയുണ്ടെന്നും പത്മകുമാർ പറഞ്ഞു.

കോൺഗ്രസ്‌ ഈ കാര്യത്തിൽ കനത്ത വില നൽകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സമൂഹത്തിൽ വിഭാഗീയത സൃഷ്‌ടിക്കുന്നതും തെറ്റായ സന്ദേശം നൽകുന്നതുമായ ഈ പോസ്റ്റിനെതിരെ സർക്കാരും പൊലീസും കർശനമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം അവശ്യപ്പെട്ടു.

"എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ മുഖത്ത് കരി ഓയില്‍ ഒഴിക്കുന്നവര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി അവാര്‍ഡും ക്യാഷും നല്‍കും", എന്നായിരുന്നു ഹാരിസ് മൂതൂരിൻ്റെ ഫെയ്‌സ്‌ബുക്ക് പോസ്‌റ്റ്. പോസ്റ്റ് വിവാദമാകുകയും വ്യാപക പ്രതിഷേധം ഉയരുകയും ചെയ്‌തതോടെ ഇയാൾ കുറിപ്പ് ഒഴിവാക്കി. തുടർന്ന് വിഷയം മയപ്പെടുത്തി പുതിയ പോസ്റ്റുമായി രംഗത്തെത്തുകയും ചെയ്‌തു.

ഹാരിസിൻ്റെ പുതിയ പോസ്റ്റ്:

''ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് ജാതി ബോധം കൊടികുത്തി വാണ കേരളത്തിൽ വച്ച് പ്രഖ്യാപിച്ച ജാതി ശരീരമായിരുന്ന കേരളത്തെ മാനവ ശരീരമായി പരുവപ്പെടുത്തിയ ശ്രീനാരായണഗുരുവിൻ്റെ നാമധേയത്തിലുള്ള പ്രസ്ഥാനത്തിൻ്റെ അമരത്തിരുന്ന് കൊണ്ട് നിരന്തരം വർഗീയത പറയുന്ന ഒരു മാധ്യമ പ്രവർത്തകനെപ്പോലും തീവ്രവാദി ആക്കുന്ന വെള്ളാപ്പള്ളി നടേശൻ്റെ വാക്കിനോട് പ്രതികരിച്ചതിൻ്റെ പേരിൽ ശശികലയും ബി ഗോപാലകൃഷ്‌ണനും ഭീഷണിപ്പെടുത്തുവാനാണ് ശ്രമമെങ്കിൽ ഒരു തരിമ്പും അതിനോട് ഭയമില്ല.ജനിച്ചത് മുസ്ലിം വിശ്വാസ ധാരയിൽ ആണെങ്കിലും ജീവിച്ചത് ജാതിയും മതവും വർഗവും വർണവും ഇല്ലാത്ത മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്തുള്ള മുതൂരിലാണ്. രണ്ട് പെരുന്നാള് പോലെ തന്നെ എനിക്ക് പ്രധാനമാണ് പൂരവും വേലയും അതില്ലാതെ എൻ്റെ ഒരു വർഷവും പൂർത്തിയാകാറില്ല.അത്തരം ജീവിത സാഹചര്യത്തിലൂടെ കടന്നുപോയ ഒരു മലപ്പുറംകാരന് വെള്ളാപ്പള്ളിയുടെ നിരന്തരമായ വിഷം വമിപ്പിക്കുന്ന പ്രസ്‌താവന രോഷം ഉണ്ടാക്കുക തന്നെ ചെയ്യും. അത് വെള്ളാപ്പള്ളി മുസ്ലിമിനെ പറഞ്ഞതുകൊണ്ടല്ല നാളെ ഏതെങ്കിലും ഒരാൾ ഒരു ഹൈന്ദവ സമുദായത്തെ പറഞ്ഞാലും അതിനെതിരെ ആദ്യം പ്രതികരിക്കുന്ന ഒരാൾ ഞാനായിരിക്കും. അത് കോൺഗ്രസും മുസ്ലിം ലീഗും മലപ്പുറത്തെ ഇതര രാഷ്ട്രീയ സമുദായിക പ്രസ്ഥാനങ്ങൾ ഉണ്ടാക്കിയെടുത്ത മാനവിക ബോധം കൊണ്ടാണ്.

ശശികലക്കും ബി ഗോപാലകൃഷ്‌ണനും മാത്രമല്ല സംഘപരിവാറിൻ്റെ ഏതു വ്യക്തിക്കും നിർഭയം മലപ്പുറത്തേക്ക് വരാം മുതൂരിലേക്കും വരാം നിരായുധനായി ഞാൻ ഇവിടെ തന്നെ ഉണ്ടാകും. നിങ്ങൾക്ക് ലഭിക്കുന്ന ഏതായുധം വെച്ചും എന്നെ കീഴ്പ്പെടുത്തുകയോ കൊല്ലുകയോ ചെയ്യാം.പക്ഷേ അപ്പോഴും കേരളത്തിലെ മലപ്പുറത്തെ മതസൗഹാർദ്ദത്തിനും മതേതരത്വത്തിനും മനുഷ്യത്വത്തിനും വേണ്ടി ഞാൻ സംസാരിച്ചുകൊണ്ടിരിക്കും.എൻ്റെ ശ്വാസം നിലയ്ക്കും വരെ... ഭാരതം എന്ന ഈ രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച അനേകം മനുഷ്യരുടെ പേരിൻ്റെ അവസാന നാമമായി എൻ്റെ പേര് കൂട്ടിച്ചേർക്കുന്നുവെങ്കിൽ അതിലേറെ സന്തോഷം മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല'' - ഹാരിസ് ഫേസ്‌ബുക്കിൽ കുറിച്ചു.