സാമൂഹ്യ സുരക്ഷ പെൻഷൻ വിതരണം നാളെ മുതൽ

സാമൂഹ്യ സുരക്ഷ പെൻഷൻ വിതരണം നാളെ മുതൽ

തിരുവനന്തപുരം: ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി ബോർഡ് പെൻഷൻ നാളെമുതൽ വിതരണം ചെയ്യും. ഇതിനായി 1095 കോടിരൂപ അനുവദിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ അറിയിച്ചു. ഗുണഭോക്താക്കളുടെ താൽപര്യപ്രകാരം സാമൂഹ്യ സുരക്ഷാ പെൻഷൻ ബാങ്ക് അക്കൗണ്ട് വഴിയോ നേരിട്ടോ ആണ് പണം നൽകുന്നത്. 2026 ജൂൺ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകിയിരുന്നു. പെൻഷൻ വിതരണം നാളെ ആരംഭിച്ച് അടുത്തമാസം മൂന്നിനുള്ളിൽ പൂർത്തിയാക്കും.51,10,908 ഗുണഭോക്താക്കൾക്ക് 2026 ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിന് ആവശ്യമായ തുകയായ 941,73,02,800 കോടിരൂപ അനുവദിക്കണമെന്ന് തദ്ദേശ വകുപ്പ് ഡയറക്‌ടർ (റൂറൽ) അറിയിച്ചിരുന്നു. കൂടാതെ, ദേശീയ സാമൂഹ്യ സഹായ പദ്ധതിയിൽ വരുന്ന ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ ഭിന്നശേഷി പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വിധവാ പെൻഷൻ എന്നിവയിലെ 8,46,456 ഗുണഭോക്താക്കൾക്ക് 2026 ജൂലൈ മാസത്തെ വിഹിതം നൽകുന്നതിനായി 24,76,14,200 കോടിരൂപ ആവശ്യമാണെന്നും അറിയിച്ചിരുന്നു. ഇക്കാര്യം പരിശോധിച്ചാണ് 51,10,908 ഗുണഭോക്താക്കൾക്ക് 2026 ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനാവശ്യമായ തുകയായ 941,73,02,800 കോടിരൂപ സംസ്ഥാനത്തിന്റെ വിഹിതമായി അനുവദിച്ച് ഉത്തരവായത്.

സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെൻഷൻ കൃത്യമായി വിതരണം ചെയ്യുന്നതിനായി സർക്കാർ രൂപീകരിച്ച പ്രൈമറി സഹകരണ സംഘങ്ങളുടെ കൺസോർഷ്യം പിരിച്ചുവിട്ട് സഹകരണ വകുപ്പ് ഉത്തരവിറക്കിയിരുന്നു. എന്നാൽ, ഗുണഭോക്താക്കൾക്കുള്ള പെൻഷൻ വിതരണത്തെ ഇത് യാതൊരു തരത്തിലും ബാധിക്കില്ലെന്നും പെൻഷൻ മുടങ്ങാതെ നൽകാനായി പുതിയ സംവിധാനം അടിയന്തരമായി സജ്ജീകരിക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു.

പെൻഷൻ തുക ലഭ്യമാക്കാൻ സഹകരണ സംഘങ്ങളിൽ നിന്ന് വായ്‌പയെടുക്കുന്ന നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരണ്ടി നൽകുകയും ഒൻപത് ശതമാനം പലിശ നിശ്ചയിക്കുകയും ചെയ്‌തിരുന്നു. എന്നാൽ മുൻകാല തുകകൾ തിരികെ ലഭിക്കുന്നതിലുണ്ടായ കാലതാമസവും രാഷ്ട്രീയ നിലപാടുകളുമാണ് കൺസോർഷ്യം പിരിച്ചുവിടുന്നതിലേക്ക് നയിച്ചതായാണ് സൂചന.സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിനായി കൺസോർഷ്യം വഴി 3,000 കോടി രൂപ സമാഹരിക്കാനായിരുന്നു സർക്കാർ പ്രാഥമികമായി ലക്ഷ്യമിട്ടിരുന്നത്. 2026 മാർച്ച് 31 വരെ 1,325.12 കോടി രൂപയോളം വായ്‌പയായി പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്ന് സമാഹരിച്ചിട്ടുണ്ടായിരുന്നു. കൺസോർഷ്യം വഴി സ്വീകരിക്കുന്ന നിക്ഷേപങ്ങൾക്ക് സംഘങ്ങൾക്ക് ഒൻപതു ശതമാനം പലിശയാണ് സർക്കാർ വാഗ്‌ദാനം ചെയ്‌തത്.

എന്നാൽ സർക്കാരിൽ നിന്നും വായ്‌പാ തുകയും പലിശയും തിരിച്ചുകിട്ടാൻ കാലതാമസം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രൈമറി സഹകരണ സംഘങ്ങൾ കടുത്ത എതിർപ്പ് ഉയർത്തിയിരുന്നു. ചില സഹകരണ സംഘങ്ങൾ തുക നൽകാൻ വിസമ്മതിക്കുകയും വായ്പകൾ തടസ്സപ്പെടുത്തുകയും ചെയ്‌തതും പ്രതിസന്ധിക്ക് ഇടയാക്കിയിരുന്നു