നോർക്ക ഇൻഷുറൻസ് പദ്ധതി ഉടൻ പുനരാരംഭിക്കുമെന്ന് സി.ഇ.ഒ ആസിഫ് കെ. യൂസഫ് IAS

നോർക്ക ഇൻഷുറൻസ് പദ്ധതി ഉടൻ പുനരാരംഭിക്കുമെന്ന് സി.ഇ.ഒ ആസിഫ് കെ. യൂസഫ് IAS

തിരുവനന്തപുരം/മുംബൈ : പ്രവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നോർക്ക ഇൻഷുറൻസ് പദ്ധതികൾ ഉടൻ പുനരാരംഭിക്കുമെന്ന് നോർക്ക റൂട്ട്സ് സി.ഇ.ഒയും നോർക്ക ഡയറക്ടറുമായ ആസിഫ് കെ. യൂസഫ് IAS . പ്രവാസി ക്ഷേമനിധി ബോർഡിൽ പുതിയതായി അംഗങ്ങളാകുന്നതിനും ഓൺലൈനായി വരിസംഖ്യ അടയ്ക്കുന്നതിനും സാധാരണക്കാരായ പ്രവാസികൾ നിലവിൽ നേരിടുന്ന സാങ്കേതിക തടസ്സങ്ങളും ബുദ്ധിമുട്ടുകളും അടിയന്തരമായി പരിഹരിക്കാൻ നിർദ്ദേശം നൽകുമെന്നും അദ്ദേഹം അറിയിച്ചു.മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും പ്രമുഖ സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനും ഓൾ മുംബൈ മലയാളി അസോസിയേഷൻ (AMMA) പ്രസിഡന്റുമായ ജോജോ തോമസുമായി തിരുവനന്തപുരത്ത് നടത്തിയ നിർണ്ണായക കൂടിക്കാഴ്ചയിലാണ് സി.ഇ.ഒ ഇക്കാര്യം വ്യക്തമാക്കിയത്. നോർക്ക പ്രവാസി വെൽഫെയർ ബോർഡ് പ്രതിനിധികളും ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.

മുടങ്ങിയിരുന്ന പ്രവാസി ക്ഷേമ പെൻഷൻ വിതരണം പുനരാരംഭിച്ച നടപടിയെ സ്വാഗതം ചെയ്ത ജോജോ തോമസ്, പെൻഷൻ അപേക്ഷകർ നേരിടുന്ന സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് വരാനിരിക്കുന്ന ഓണത്തിന് മുൻപായി പെൻഷൻ തുക വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. 

നോർക്കയുടെ സേവനങ്ങൾ  ജനകീയമാക്കും 

തടസ്സമില്ലാത്ത പെൻഷൻ വിതരണത്തോടൊപ്പം, പ്രവാസി കുടുംബങ്ങൾക്ക് തണലായ 'നോർക്ക കെയർ', 'പ്രവാസി സുരക്ഷാ പ്ലസ്' പദ്ധതികൾ കൂടുതൽ ശക്തിപ്പെടുത്തണമെന്ന്  അഭ്യർത്ഥിച്ചതായും  നോർക്കയുടെ സേവനങ്ങൾ പൂർണ്ണമായും പ്രവാസി സൗഹൃദവും ജനകീയവുമാക്കാൻ ആവശ്യമായ നടപടികൾ ഉണ്ടാകുമെന്ന്  സി.ഇ.ഒ ഉറപ്പുനൽകിയിട്ടുണ്ടെന്നും  ജോജോതോമസ് വേൾഡ് എം ന്യൂസിനോട് പറഞ്ഞു.നാടിൻ്റെ  നട്ടെല്ലായ പ്രവാസികളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കേണ്ടത് സർക്കാരിന്റെയും നോർക്കയുടെയും കടമയാണെന്ന്  ജോജോ പറഞ്ഞു .

ക്രിയാത്മകഇടപെടലുകൾ തുടരും 

 "തടസ്സപ്പെട്ട ഇൻഷുറൻസ് പദ്ധതികൾ പുനരാരംഭിക്കുക, ക്ഷേമനിധി ബോർഡിലെ അനാവശ്യ സങ്കീർണ്ണതകൾ ഒഴിവാക്കി അത് സാധാരണക്കാർക്ക് പ്രാപ്യമാക്കുക, ഓണത്തിന് മുൻപ് തന്നെ പ്രവാസി പെൻഷൻ ലഭ്യമാക്കുക എന്നിവയാണ് ഞങ്ങൾ പ്രധാനമായും ആവശ്യപ്പെട്ടത്. നോർക്കയെ കൂടുതൽ ജനകീയമാക്കി പ്രവാസി സമൂഹത്തിന് പൂർണ്ണ സംരക്ഷണം ഉറപ്പാക്കുന്നതുവരെ ഞങ്ങളുടെ ക്രിയാത്മകമായ ഇടപെടലുകൾ തുടരുo":  അദ്ദേഹം കൂട്ടിച്ചേർത്തു.

https://norkaroots.kerala.gov.in/