Keralam
സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറിയും പ്രമുഖ ഇസ്‌ലാമിക പണ്ഡിതനുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ (81) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം സംഭവിച്ചത്.നിരവധി മഹല്ലുകളുടെ ഖാസിയായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം പണ്ഡിതൻ, ഗ്രന്ഥകർത്താവ്, പ്രഭാഷകൻ എന്നീ നിലകളിൽ പ്രശസ്തനാണ്. പട്ടിക്കാട് ജാമിയ നൂരിയ അറബിക് കോളേജ് പ്രിൻസിപ്പൽ, എസ്.എം.എഫ് സ്റ്റേറ്റ് പ്രസിഡന്റ്, കേന്ദ്ര ഹജ്ജ് കമ്മിറ്റി മുൻ അംഗം, ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് അംഗം തുടങ്ങി നിരവധി പ്രമുഖ പദവികൾ വഹിച്ചിട്ടുണ്ട്.സ്വദേശമായ മലപ്പുറം തിരൂർക്കാട്ടെ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും. വിയോഗത്തിൽ പ്രമുഖ സാമൂഹിക-രാഷ്ട്രീയ നേതാക്കളും പ്രസ്ഥാനങ്ങളും അനുശോചനം രേഖപ്പെടുത്തി.