ചീഫ് ജസ്റ്റിസിനെതിരെ നടന്ന അക്രമം ഭരണഘടനക്കെതിരെയുള്ള അക്രമമെന്ന് സോണിയ ഗാന്ധി.

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ബിആർ ഗവായ്‌ക്കെതിരെ നടന്ന ആക്രമണത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. സുപ്രീംകോടതിയിലെ ബഹുമാനിതനായ ചീഫ് ജസ്റ്റിസിന് നേരെ നടന്ന ആക്രമണത്തെ അപലപിക്കാൻ വാക്കുകൾ പര്യാപ്‌തമല്ലായെന്ന് പറഞ്ഞ സോണിയ ഗാന്ധി ഭരണഘടനയ്ക്ക് എതിരെ നടന്ന അക്രമം കൂടിയാണിതെന്നും പറഞ്ഞു.ചീഫ് ജസ്റ്റിസ് ഗവായ് വളരെ ദയാലുവായ വ്യക്തിയാണ്. രാഷ്ട്രം അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും അദ്ദേഹത്തിനേറ്റ ആക്രമണത്തിൽ അഗാധമായ വേദനയും രോക്ഷവും പ്രകടിപ്പിക്കുകയും വേണമെന്നും സോണിയ ഗാന്ധി പറഞ്ഞു.
മധ്യപ്രദേശിലെ ഖജുരാഹോയിൽ വിഷ്‌ണു വിഗ്രഹം പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന് നേരെ അഭിഭാഷകന്‍ ഷൂ എറിയാന്‍ ശ്രമിച്ചത്. 'സനാതന ധർമ്മത്തോടുള്ള അനാദരവ് ഇന്ത്യ സഹിക്കില്ല' എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് അഭിഭാഷകന്‍ ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാന്‍ ശ്രമിച്ചത്. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ അഭിഭാഷകനെ കോടതി മുറിയിൽ നിന്നും പുറത്താക്കി. സെഷൻ പുനരാരംഭിക്കുന്നതിന് മുൻപുള്ള നടപടികൾക്ക് ഏതാനും മിനിറ്റ് തടസമുണ്ടായതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
അതേസമയം ആക്രമണത്തെ 'ലജ്ജാകരമായ പ്രവൃത്തി' എന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വിശേഷിപ്പിച്ചു. "ചീഫ് ജസ്റ്റിസ് സൗമ്യതയോടും ശാന്തതയോടും മഹാമനസ്‌കതയോടും പ്രതികരിച്ച രീതി സ്ഥാപനത്തിൻ്റെ ശക്തിയെ സൂചിപ്പിക്കുന്നു. പക്ഷേ അത് സംഭവത്തെ നിസാരമാക്കി കാണുവാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നില്ല. നമ്മുടെ ജനാധിപത്യത്തിലെ പരമോന്നത നീതിപീഠത്തിനെതിരെ നടന്ന ആക്രമണമായിരുന്നു അത്. ഏറ്റവും ശക്തമായി അതിനെ അലപിക്കുന്നുവെന്ന്" അദ്ദേഹം പറഞ്ഞു.സമൂഹത്തിൽ നിലനിൽക്കുന്ന അടിച്ചമർത്തലുകളാണ് ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യാൻ കാരണമായതായി ആക്രമണകാരി പറയുന്നതെന്നും ഇത്തരത്തിലുള്ള അടിച്ചമർത്തലുകൾ സമൂഹത്തിൽ എത്രത്തോളം ആഴത്തിൽ നിലനിൽക്കുന്നുണ്ട് എന്നതാണ് ഇത് സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു.
"നമ്മുടെ സ്ഥാപനങ്ങളെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും പെരുമാറ്റത്തിൽ പക്വത പ്രകടിപ്പിക്കുകയും ചെയ്യുന്ന ഒരു സംസ്‌കാരം നാം വളർത്തിയെടുക്കണം," അദ്ദേഹം പറഞ്ഞു.