സ്‌പാ കൂട്ട ബലാത്സംഗ കേസ്; ഒരു പ്രതി കൂടി പിടിയില്‍

പത്തനംതിട്ട: തിരുവല്ല സ്‌പാ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ ഒരു പ്രതി കൂടി പിടിയില്‍. തിരുവല്ല ചുമത്ര സ്വദേശി പ്രശോഭാണ് പിടിയിലായത്. റാന്നിയില്‍ നിന്നാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. കേസില്‍ ഇനി രണ്ട് പ്രതികളെ കൂടി കണ്ടെത്താനുണ്ട്. ഇവര്‍ ബെംഗളൂരുവില്‍ ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം. അന്വേഷണം ബെംഗളൂരുവിലേക്ക് വ്യാപിപ്പിക്കാന്‍ അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ഞായറാഴ്‌ചയാണ് തിരുവല്ലയിലെ സ്‌പാ ജീവനക്കാരി കൂട്ടബലാത്സംഗത്തിന് ഇരയായത്. കേസില്‍ നേരത്തെ മൂന്ന് പ്രതികള്‍ പിടിയിലായിട്ടുണ്ട്. കാപ്പ കേസില്‍ ഉള്‍പ്പെട്ട മരണ സുബിന്‍ എന്ന സുബിന്‍ അലക്‌സാണ്ടറാണ് ഒന്നാം പ്രതി. കേസില്‍ ആറ് പ്രതികളാണുള്ളത്. ഇനി കിരണ്‍, സജിന്‍ എന്നീ പ്രതികളെയാണ് കണ്ടെത്താനുള്ളത്.സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാണെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. നേരത്തെ പിടിയിലായ സുബിന്‍ അലക്‌സാണ്ടറിനെതിരെ വീണ്ടും കാപ്പ ചുമത്താനുള്ള നീക്കങ്ങളും തുടരുകയാണ്. ഇതുസംബന്ധിച്ച് ജില്ലാ കലക്‌ടര്‍ക്കും റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. ബലാത്സംഗ കേസില്‍ ഇയാള്‍ക്ക് ജാമ്യം ലഭിച്ചാലുടന്‍ വീണ്ടും കാപ്പ ചുമത്തി ജയിലിലാക്കും. കൊടും കുറ്റവാളിയായ ഇയാളെ അഴിക്കുള്ളില്‍ തന്നെ കിടത്താനാണ് പൊലീസ് നീക്കം.