ആഗോള അയ്യപ്പ സംഗമത്തിലെ കണക്കെടുക്കാൻ പ്രത്യേക ദൗത്യസംഘം

ആഗോള അയ്യപ്പ സംഗമത്തിലെ കണക്കെടുക്കാൻ പ്രത്യേക ദൗത്യസംഘം

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൻ്റെ ചെലവ് കണക്കുകളിൽ വ്യക്തത വരുത്തുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രത്യേക ടാസ്ക് ഫോഴ്സിനെ നിയോഗിച്ചു. ദേവസ്വം കമ്മിഷണർ, അക്കൗണ്ട്സ് ഓഫിസർ, ചീഫ് എൻജിനീയർ എന്നിവരടങ്ങിയ സംഘം ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് നൽകിയ ഉപകരാറുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇന്നുമുതൽ പരിശോധിക്കും.

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോർട്ടിലെ ക്രമക്കേടുകൾ വലിയ വിവാദങ്ങൾക്ക് വഴിവച്ചതോടെ ദേവസ്വം ബോർഡിന് വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വന്നത്. ഊരാളുങ്കലിൻ്റെ കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ കമ്പനി ഏഴ് കോടിയിലധികം രൂപയുടെ ബില്ലാണ് സമർപ്പിച്ചത്. എന്നാൽ 4.91 കോടി രൂപ മാത്രമേ നൽകാൻ കഴിയൂ എന്ന നിലപാടിലാണ് ദേവസ്വം ബോർഡ്. ഇക്കാര്യത്തിൽ കമ്പനിയുമായി പ്രാഥമിക ചർച്ചകൾ നടന്നിരുന്നു.ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കുന്നതിൽ പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്നും അത് ഓഡിറ്ററുടെ മാത്രം വീഴ്ചയല്ലെന്നും ദേവസ്വം പ്രസിഡന്റ് കെ ജയകുമാർ വ്യക്തമാക്കിയിരുന്നു. ഓഡിറ്റർ ആവശ്യപ്പെട്ട ചില കാര്യങ്ങൾക്ക് ദേവസ്വം ബോർഡിന് സമയബന്ധിതമായി മറുപടി നൽകാൻ കഴിയാത്തതാണ് പിഴവുകൾക്ക് കാരണമായതെന്നാണ് വിശദീകരണം. കോടതിയിൽ സമർപ്പിച്ചത് അന്തിമ റിപ്പോർട്ടോ സത്യവാങ്മൂലമോ അല്ലെന്നും സമയപരിധിക്കുള്ളിൽ നൽകേണ്ടിയിരുന്നതിനാൽ ഓഡിറ്റർ നൽകിയ റിപ്പോർട്ട് കൈമാറുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ സാഹചര്യത്തിലാണ് കണക്കുകൾ വീണ്ടും പരിശോധിക്കാൻ ടാസ്ക് ഫോഴ്സിനെ നിയോഗിച്ചത്. ഊരാളുങ്കലിന് കീഴിലുള്ള ഇവന്റ് മാനേജ്മെൻ്റ് കമ്പനിയുമായും ഓഡിറ്ററുമായും ചർച്ച നടത്തി പത്ത് ദിവസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് തയ്യാറാക്കാനാണ് തീരുമാനം. തുടർന്ന് 26-ാം തീയതിയോടെ അന്തിമ ഓഡിറ്റ് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് ടാസ്ക് ഫോഴ്സ് ഇന്നുമുതൽ പ്രവർത്തനം ആരംഭിക്കുന്നത്.

തന്ത്രിയുടെ കത്ത് ഹൈക്കോടതിയെ അറിയിക്കും

ശബരിമല ദ്വാരപാലക പാളിയുടെ സാമ്പിൾ ശേഖരണത്തിലെ പോരായ്മകൾ പരിഹരിക്കണമെന്ന തന്ത്രിയുടെ ആവശ്യം ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിക്കും. ദ്വാരപാലക പാളിയിൽനിന്ന് എസ്‌ഐടിയുടെ പരിശോധനയ്ക്കായി ഭാഗങ്ങൾ മുറിച്ചു മാറ്റിയിരുന്നു. ഇതിലൂടെ പാളിക്ക് അംഗഭംഗം സംഭവിച്ചിട്ടുണ്ടെന്നും അത് തിരികെ സ്ഥാപിക്കുന്നത് ശരിയല്ലെന്നുമുള്ള നിലപാടിലാണ് തന്ത്രി കണ്ഠര് മഹേഷ് മോഹനര്.തന്ത്രി ഇക്കാര്യം വ്യക്തമാക്കി ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് തന്ത്രിയുടെ നിലപാട് ഹൈക്കോടതിയെ അറിയിക്കാൻ ദേവസ്വം ബോർഡ് യോഗം തീരുമാനമെടുത്തത്. പരിശോധനയ്ക്കായി പാളിയിൽനിന്ന് ഭാഗങ്ങൾ മുറിച്ചുമാറ്റിയത് ഉചിതമായില്ലെന്നും അംഗഭംഗം വന്ന ദ്വാരപാലക പാളി തിരികെ സ്ഥാപിക്കുന്നത് ആചാരപരമായി ശരിയല്ലെന്നുമാണ് തന്ത്രിയുടെ പക്ഷം. ഈ വിഷയം ഗൗരവമായി കണ്ട് ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ദേവസ്വം ബോർഡിൻ്റെ നീക്കം.