ചെമ്പൂരിലെ ശ്രീനാരായണ ഗുരു കോളേജിന് സ്വയംഭരണ പദവി ലഭിച്ചു

മുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ചെമ്പൂരിലെ ശ്രീനാരായണ ഗുരു കോളേജ് ഓഫ് കൊമേഴ്‌സ് ആൻഡ് സയൻസിനു സ്വയംഭരണ (Autonomous )പദവി ലഭിച്ചു.
മുംബൈ സർവ്വകലാശാലയിൽ സംയോജിപ്പിച്ച ശ്രീനാരായണ ഗുരു കോളേജിൻ്റെ വിവിധ തലങ്ങളിലെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ(യു. ജി. സി.)2026 - 027 വർഷം മുതൽ അടുത്ത അഞ്ചു വർഷത്തേക്ക് ഈ പദവി നൽകാൻ തീരുമാനിച്ചത്. ഇത് മുംബൈ സർവ്വകലാശാല അംഗീകരിക്കുകയും ചെയ്തു.
സ്ഥിരമായ അക്കാദമിക് മികവ്, കരുത്തുറ്റ മാനേജ്‌മെന്റ് , മികച്ച അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ കണക്കിലെടുത്താണ് യു. ജി. സി. ഈ പദവി നൽകിയത്.ഇത് ലഭ്യമായതോടെ കോളേജിന് അക്കാദമിക് സ്വാതന്ത്ര്യം ഉണ്ടായിരിക്കും. പാഠ്യപദ്ധതി രൂപകല്പന ചെയ്യുകയും പരിഷ്കരിക്കുകയും ചെയ്യുക, നൂതന അധ്യാപന, മൂല്യനിർണ്ണയ രീതികൾ വികസിപ്പിക്കുന്ന പുതിയ കോഴ്സുകൾ / പ്രോഗ്രാമുകൾ അവതരിപ്പിക്കുക, പരീക്ഷകൾ നടത്തുകയും ഫലങ്ങൾ സ്വതന്ത്രമായി പ്രഖ്യാപിക്കുകയും ചെയ്യുക തുടങ്ങിയവയിൽ കോളേജിന് സ്വന്തമായ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള സ്വാതന്ത്ര്യം ഇതോടെ ലഭ്യമായിരിക്കുകയാണ്. എങ്കിലും ബിരുദ സർട്ടിഫിക്കറ്റുകൾ മുംബൈസർവ്വകലാശാല തന്നെയായിരിക്കും നൽകുക.
അക്കാദമിക് ഫ്ലെക്സിബിലിറ്റി, വ്യവസായ മേഖലയിലെ ആവശ്യകതകൾ, കാലികപ്രസക്തമായ വിഷയങ്ങൾ, ദേശീയ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ എന്നിവയുമായി പൊരുത്തപ്പെടുന്നപാഠ്യവിഷയങ്ങൾ സ്വന്തമായി അപ്ഡേറ്റ് ചെയ്യാൻ കോളേജിന് ഇനിമുതൽ കഴിയും. തുടർച്ചയായ മൂല്യനിർണ്ണയ സംവിധാനങ്ങൾ, ഗ്രേഡിംഗ് പരിഷ്കാരങ്ങൾ, പരീക്ഷാ ഫലത്തെ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലുകൾ എന്നിവ സ്വീകരിക്കാം. യൂണിവേഴ്സിറ്റി റെഗുലേഷനുകൾ പാലിക്കുന്നത് തുടരുമ്പോൾ തന്നെ അക്കാദമിക് പ്രവർത്തനങ്ങൾ സ്വതന്ത്രമായി കൈകാര്യം ചെയ്യാവുന്നതാണ് . കോളേജിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടത്തുന്നതിന് മാനേജ്‌മെന്റിന് കീഴിൽ ഒരു ഭരണസമിതി , അക്കാദമിക് കൗൺസിൽ , ഫിനാൻസ് കമ്മിറ്റി, പരീക്ഷാ കമ്മിറ്റി ,ബോർഡ് ഓഫ് സ്റ്റഡീസ് തുടങ്ങിയ നിയമപരമായ ബോഡികൾ യുജിസി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഇവിടെ രൂപീകരിക്കും.ശ്രീനാരായണ മന്ദിരസമിതിയുടെ പ്രഖ്യാപിത ലക്ഷ്യമായ കൽപ്പിത സർവകലാശാലയുടെ പൂർത്തീകരണത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണ് ഈ സ്വയംഭരണ പദവി എന്ന് സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ പറഞ്ഞു. ഇത് സമിതിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക് മൂല്യം വർദ്ധിപ്പിക്കുമെന്നും അതുവഴി ഇവിടെ നിന്നും ബിരുദം നേടി പുറത്തുവരുന്നവരുടെ വിദ്യാഭ്യാസപരമായ അന്തസ്സ് പൂർവാധികം ഉയരുമെന്നും സമിതി ചെയർമാൻ എൻ. മോഹൻദാസ്, ജനറൽ സെക്രട്ടറി ഒ. കെ. പ്രസാദ് എന്നിവർ അഭിപ്രായപ്പെട്ടു.
ചെമ്പൂർ വിദ്യാഭ്യാസ സമുച്ചയത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടാതെ ഉൾവെയിലെ ശ്രീനാരായണ ഗുരു ഇന്റർനാഷണൽ സ്‌കൂൾ, താരാപ്പൂരിലെ ഡോ. പൽപ്പു മെമ്മോറിയൽ ഇന്റർനാഷണൽ സ്‌കൂൾ എന്നിവയും ശ്രീനാരായണ മന്ദിരസമിതിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്നു.