രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതനാണെന്നും അതിജീവിതൻ്റെ ഭാഗം കൂടി കേള്‍ക്കണമെന്നും ശ്രീനാദേവി കുഞ്ഞമ്മ

പത്തനംതിട്ട: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ. രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതനാണെന്നും അതിജീവിതൻ്റെ ഭാഗം കൂടി കേള്‍ക്കണമെന്നും അവര്‍ പറഞ്ഞു. താൻ അവനൊപ്പമാണെന്നും ശ്രീനാദേവി കുഞ്ഞമ്മ ഫേസ്‌ബുക്ക് ലൈവിലൂടെ വ്യക്തമാക്കി.രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതനാണ്. പ്രതിസന്ധിയെ നേരിടാൻ അതിജീവിതന് മനക്കരുത്ത് ഉണ്ടാകട്ടെ. അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുമ്പോള്‍ തന്നെ ‘അതിജീവിതൻ്റെ’ ഭാഗം കൂടി കേള്‍ക്കണമെന്നും രാഹുലിനെതിരെ ഉയർന്ന പരാതികളില്‍ പലയിടത്തും സംശയമുണ്ടെന്നും രാഹുലിനൊപ്പം താൻ ഉറച്ച് നില്‍ക്കുന്നുവെന്നും അവർ വ്യക്തമാക്കി.
"രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന പരാതികളില്‍ പലയിടത്തും സംശയമുണ്ട്. ഒന്നാമത്തെ പരാതിയില്‍ പീഡന ആരോപണം നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ട്. രണ്ടാമത്തെ പരാതിയിലും കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. പുതിയ പരാതിയില്‍ പെണ്‍കുട്ടി ഉപദ്രവിക്കപ്പെട്ടുവെന്ന് കേള്‍ക്കുമ്പോള്‍ വേദനയുണ്ട്. എന്നാല്‍ പീഡനത്തിനുശേഷം പ്രതി ചെരുപ്പ് വാങ്ങി നല്‍കി, ഫ്ലാറ്റ് വാങ്ങാൻ ശ്രമിച്ചു എന്നൊക്കെയുള്ള മൊഴികള്‍ കേള്‍ക്കുമ്പോള്‍ ചില സംശയങ്ങള്‍ തോന്നുന്നു. സ്ത്രീകള്‍ കുടുംബ ബന്ധത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണം. വിവാഹിതരാണെങ്കില്‍ ആ ബന്ധത്തിൻ്റെ വില കല്‍പ്പിക്കണം. രാഹുല്‍ കുറ്റക്കാരനാണോയെന്ന് കോടതി തീരുമാനിക്കട്ടെ. മാധ്യമങ്ങള്‍ ഇല്ലാത്ത കഥകള്‍ പടച്ചുവിടുന്നുണ്ടോയെന്ന് പരിശോധിക്കണം. കുടുംബം ഒരാള്‍ക്ക് മാത്രമല്ല, ഇപ്പുറത്തുമുണ്ട്. എന്നാല്‍ രണ്ടുപേർക്കും ഒരേ പരിഗണനയല്ല ലഭിക്കുന്നത്. അതിജീവിതന്മാർക്കൊപ്പം നില്‍ക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. പ്രഥമദൃഷ്ട്യാ തെറ്റ് കണ്ടതുകൊണ്ടാകാം പൊലീസ് അറസ്റ്റ് ചെയ്‌തത്. സത്യം പുറത്തുവരുന്നതുവരെ രാഹുല്‍ ക്രൂശിക്കപ്പെടരുത്" ശ്രീനാദേവി കുഞ്ഞമ്മയുടെ ഫേസ് ബുക്ക് ലൈവിലൂടെ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് സിപിഐയില്‍ നിന്നും കോണ്‍ഗ്രസില്‍ ചേര്‍ന്ന ശ്രീനാദേവി കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചാണ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമായത്. സിപിഐയിൽ നിന്നും രാജിവയ്ക്കുന്നതിന് തൊട്ട് മുമ്പും രാഹുലിനെ പിന്തുണച്ച് ഇവർ രംഗത്തെത്തിയതും വിവാദമായിരുന്നു. ജില്ലയിലെ ഒരു വിഭാഗം കോൺഗ്രസ് നേതൃത്വത്തിൻ്റെ പിന്തുണയിലാണ് ശ്രീനാദേവി ബലാത്സംഗ കേസിൽ പ്രതിയായ രാഹുലിനെ പരസ്യമായി പിന്തുണച്ചു രംഗത്തെത്തിയതെന്നാണ് ആരോപണം ഉയരുന്നത്.കഴിഞ്ഞ ദിവസം ജില്ലയിൽ നിന്നുള്ള കോൺഗ്രസ് നേതാവ് രാഹുലിനെ കാണാൻ മാവേലിക്കര ജയിലിൽ എത്തിയതും ചേർത്ത് വായിക്കണമെന്നാണ് രാഷ്ട്രീയ എതിരാളികൾ പറയുന്നത്. രാഹുലിനുള്ള ശ്രീനാദേവിയുടെ പരസ്യ പിന്തുണ പ്രതിപക്ഷ കക്ഷികൾ രാഷ്ട്രീയ ആയുധമാക്കിയിട്ടുണ്ട്.