ശ്രീനഗർ-കത്ര വന്ദേഭാരത് എക്‌സ്പ്രസ്സിന് ഇനി മുതൽ കശ്‌മീരിലെ റിയാസിൽ നിർത്തും

ശ്രീനഗർ: കത്രയിൽ നിന്ന് ശ്രീനഗറിലേക്ക് പോകുന്ന യാത്രക്കാർക്ക് ഒരു സന്തോഷവാർത്ത. ഇനി മുതൽ ശ്രീനഗർ-കത്ര വന്ദേ ഭാരത് എക്‌സ്പ്രസ് ജമ്മു കശ്‌മീരിലെ റിയാസി റെയിൽവേ സ്റ്റേഷനിൽ നിർത്തും. കത്രയ്ക്കും ശ്രീനഗറിനും ഇടയിൽ ബനിഹാളിൽ മാത്രമേ വന്ദേഭാരത് എകസ്പ്രസിന് സ്റ്റോപ്പ് ഉണ്ടായിരുന്നുള്ളൂ, ഇനി മുതൽ റിയാസി റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് എക്‌സ്പ്രസിന് സ്റ്റോപ്പുണ്ട്. 2 മിനിറ്റ് ഇവിടെ ട്രെയിൻ നിർത്തിയിടും.
കത്ര റെയിൽവേ സ്റ്റേഷനിൽ നിന്ന് രാവിലെ 08:10ന് പുറപ്പെടുന്ന ട്രെയിൻ 08:28ന് റിയാസി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. തുടർന്ന് ശ്രീനഗറിലേയ്‌ക്ക് യാത്ര തുടരും. അതുപോലെ, ട്രെയിൻ വൈകുന്നേരം 4:34ന് റിയാസി റെയിൽവേ സ്റ്റേഷനിൽ തിരിച്ചെത്തും. ഇതുമായി ബന്ധപ്പെട്ട് വടക്കൻ റെയിൽവേയുടെ ജമ്മു ഡിവിഷൻ റിയാസി സ്റ്റേഷനിൽ എംഎൽഎ കുൽദീപ് രാജ് ദുബെയുടെ സാന്നിധ്യത്തിൽ ഒരു ചടങ്ങ് സഘടിപ്പിച്ചിരുന്നു.സീനിയർ ഡിവിഷണൽ കൊമേഷ്യൽ മാനേജർ ഉച്ചിത് സിംഗാൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ട്രെയിനിനെ സ്വാഗതം ചെയ്യുകയും തുടർന്നുള്ള യാത്രയ്ക്കായി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്‌തു. "പൊതുജനങ്ങളുടെ നിരന്തരമായ ആവശ്യത്തിൻ്റെ നേരിട്ടുള്ള ഫലമായാണ് റിയാസിയിൽ സ്റ്റോപ്പ് അനുവദിച്ചത്, റിയാസിയിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് യാത്രാ സൗകര്യം വർധിപ്പിക്കുകയാണ് ഇതിൻ്റെ ലക്ഷ്യം" സിംഗാൾ പറഞ്ഞു.
2025 ജൂൺ 6ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌ത വന്ദേഭാരത് എക്‌സ്‌പ്രസ് ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് പാലം വഴി കശ്‌മീർ താഴ്‌വരയെ ജമ്മുവുമായി ബന്ധിപ്പിക്കുന്ന ആദ്യത്തെ റെയിൽ സർവീസായി ഇത് മാറി. റിയാസിയിലെ ജനങ്ങൾക്ക് ഇത് ഏറെ ഉപകാരപ്പെടും. കൂടാതെ ചെനാബ് റെയിൽവേ പാലവും റിയാസി പട്ടണവും ചുറ്റി സഞ്ചരിക്കുന്ന വിനോദസഞ്ചാരികൾക്ക് ഈ സേവനം പ്രയോജനപ്പെടും.
എറണാകുളം ടു ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ്
ഏറെക്കാലത്തെ കാത്തിരിപ്പിന് ഒടുവിൽ കേരളത്തിന് എറണാകുളം ടു ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് അനുവദിച്ചിരിക്കുകയാണ്. വന്ദേഭാരത് ആരംഭിച്ചതു മുതലുള്ള കേരളത്തിൻ്റെ ആവശ്യമായിരുന്നു എറണാകുളം ടു ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ്. നവംബർ പകുതിയോടെയായിരിക്കും ട്രെയിൻ സർവീസ് ആരംഭിക്കുക. റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.മലയാളികളെ സംബന്ധിച്ച് ഏറെ ആശ്വാസകരമായ ഒരു നടപടിയാണിത്. ജോലി സംബന്ധിച്ചും പഠനകാര്യവുമായി ബന്ധപ്പെട്ടും ബെംഗളൂരുവിൽ ഒരുപാട് മലയാളികൾ താമസമാക്കിയിട്ടുണ്ട്. ഇത്തരക്കാർക്ക് ഈ ഒരു നടപടി വൻ ആശ്വാസമാണ് നൽകുന്നത്.