ശ്രീനിവാസൻ ഇനി ഓർമ! അന്ത്യോപചാരം അർപ്പിക്കനായി എത്തുന്നത് ആയിരങ്ങള്‍

ശ്രീനിവാസൻ ഇനി ഓർമ!  അന്ത്യോപചാരം  അർപ്പിക്കനായി എത്തുന്നത്  ആയിരങ്ങള്‍

എറണാകുളം: നടൻ ശ്രീനിവാസന് കേരളത്തിൻ്റെ അന്ത്യാഞ്ജലി. ഭൗതിക ശരീരം പൊതു ദർശനത്തിന് വച്ച എറണാകുളം ടൗൺഹാളിലേക്ക് രാഷ്ട്രീയ, സിനിമാ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരാണ് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ സജി ചെറിയാൻ, പി രാജീവ്, നടൻ മമ്മൂട്ടി,തമിഴ്‌ നടൻ സൂര്യ  ഉൾപ്പടെ സിനിമാ രംഗത്തെ പ്രമുഖരെല്ലാം ടൗൺഹാളിലെത്തിയാണ് അന്തിമോപചാരം അർപ്പിച്ചത്. പ്രിയപ്പെട്ട നടനെ അവസാനമായി ഒരുനോക്കുകാണാൻ എത്തുന്നത് ആയിരങ്ങളാണ്.

മലയാള ചലച്ചിത്ര രംഗത്ത് നിസ്‌തുലമായ സംഭാവനയർപ്പിച്ച പ്രതിഭയായിരുന്നു നടൻ ശ്രീനിവാസനെന്ന് മന്ത്രി പി രാജീവ് അനുസ്‌മരിച്ചു. മലയാള സിനിമയുടെ ചരിത്രത്തിൽ സവിശേഷമായ ഘട്ടത്തെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കാണ് അദ്ദേഹം വഹിച്ചത്. നർമ്മത്തെ ചിന്തയുമായി ചേർത്ത് വെച്ച് സാമൂഹ്യ പ്രശ്‌നങ്ങൾ അവതരിപ്പിക്കുന്നതിൽ അസാധാരണമായ മികവാണ് ശ്രീനിവാസൻ കാണിച്ചത്.മലയാളിയെന്നും ഓർമിക്കുന്ന വിഷയങ്ങളാണത്. നിരവധി പുരസ്ക്കാരങ്ങളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. കാർഷിക മേഖലയിൽ നടപ്പിലിക്കിയ പദ്ധതികളോട് അദ്ദേഹം ഏറെ സഹകരിച്ചിരുന്നു. ഏറെ അടുപ്പമുണ്ടായിരുന്ന കലാകരനായിരുന്നു. അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെയും എല്ലാവരുടെയും ദു:ഖത്തിൽ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു.

സിനിമാ ലോകത്തിന് വലിയ നഷ്‌ടമാണ് നടൻ ശ്രീനിവാസൻ്റെ വിയോഗമെന്ന് നടി രോഹിണി അനുസ്‌മരിച്ചു. ഒരു സാധാരണ മനുഷ്യൻ്റെ വിചാര, വികാരങ്ങളാണ് അദ്ദേഹം തൻ്റെ സിനിമയിലൂടെ ആവിഷ്‌കരിച്ചത്. ശ്രീനിവാസനെ പോലെയുള്ള ഒരു നടനെയും സംവിധായകനെയും ഇനി ലഭിക്കുമോയെന്നത് സംശയമാണ്. കുറേ സിനിമകളിൽ അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ മരണ വാർത്ത തനിക്ക് വലിയൊരും ഞെട്ടലാണ് ഉണ്ടാക്കിയതെന്നും രോഹിണി കൂട്ടിച്ചേർത്തു.

മലയാള സിനിമയിലെ വലിയൊരു പ്രതിഭയായിരുന്നു നടൻ ശ്രീനിവാസനെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ പറഞ്ഞു. തനിക്ക് അദ്ദേഹത്തെയും സിനിമയെയും ഇഷ്‌ടമായിരുന്നു. നടൻ , എഴുത്തുകാരൻ , സംവിധായകൻ ഉൾപ്പടെ വളരെ പ്രിയപ്പെട്ട ഒരാളെയാണ് നഷ്ട്ടമായത്. അദ്ദേഹത്തെ കുറിച്ചുള്ള നല്ല ഓർമകൾ മനസിൽ സൂക്ഷിക്കാൻ ആഗ്രഹിക്കുന്നുവെന്നും അടൂർ പറഞ്ഞു.

തനിക്ക് ദേശീയ അവാർഡ് ലഭിച്ച സിനിമയിലേക്ക് തന്നെ നിർദ്ദേശിച്ചത് ശ്രീനിവാസൻ സാറായിരുന്നുവെന്ന് നടി സുരഭിലക്ഷിമി പറഞ്ഞു. താനുമായി അന്ന് അടുത്ത ബന്ധമുണ്ടായിരുന്നില്ലെങ്കിലും തൻ്റെ ജീവിതത്തിൽ അദ്ദേഹം നടത്തിയത് വലിയ ഒരു ഇടപെടലായിരുന്നു. പിന്നീട് അദ്ദേഹവുമായി നല്ല ബന്ധം കാത്ത് സൂക്ഷിച്ചിരുന്നുവെന്നും അവർ പറഞ്ഞു.

ഉച്ചയ്ക്ക് ഒരു മണിക്ക് പൊതു ദർശനത്തിനായി എത്തിച്ചത് മുതൽ സമൂഹത്തിൻ്റെ നാനാ തുറകളിലുള്ള ആളുകളാണ് അദ്ദേഹത്തെ അവസാനമായി ഒരു നോക്കു കാണാൻ ഒഴുകിയെത്തിയത്.   രാവിലെ പത്തു മണിക്ക് സംസ്‌കാരം കണ്ടനാട്ടെ വീട്ടുവളപ്പിൽ ഒദ്യോഗിക ബഹുമതികളോടെ നടക്കും.