എസ്എസ്എൽസി, ഹയർ സെക്കൻഡറി ഗ്രേസ് മാർക്ക് പരിഷ്കരിച്ചു; പരമാവധി 100 മാർക്ക് വരെ ലഭിക്കും

എസ്എസ്എൽസി, ഹയർ സെക്കൻഡറി ഗ്രേസ് മാർക്ക് പരിഷ്കരിച്ചു; പരമാവധി 100 മാർക്ക് വരെ ലഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഗ്രേസ് മാർക്ക് പുതുക്കി നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. പുതിയ പരിഷ്കരണ പ്രകാരം വിവിധ മേഖലകളിൽ മികവ് തെളിയിക്കുന്ന വിദ്യാർത്ഥികൾക്ക് കുറഞ്ഞത് 2 മാർക്ക് മുതൽ പരമാവധി 100 മാർക്ക് വരെ ഗ്രേസ് മാർക്കായി ലഭിക്കും.

പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്:

 സംസ്ഥാനതല മത്സരങ്ങളിൽ എ ഗ്രേഡ് നേടുന്നവർക്ക് 20 മാർക്കും, ബി ഗ്രേഡിന് 15 മാർക്കും, സി ഗ്രേഡിന് 10 മാർക്കും ലഭിക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 20, 17, 14 എന്നിങ്ങനെയാണ് മാർക്ക്.

 ഹൈസ്കൂൾ വിഭാഗത്തിൽ രാജ്യപുരസ്കാർ നേടിയവർക്ക് 20 മാർക്കും രാഷ്ട്രപതി അവാർഡ് ജേതാക്കൾക്ക് 25 മാർക്കും ലഭിക്കും. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇത് യഥാക്രമം 40, 50 എന്നിങ്ങനെയാണ്.

റിപ്പബ്ലിക് ഡേ ക്യാമ്പിൽ പങ്കെടുത്ത വോളന്റിയർമാർക്ക് 40 മാർക്കും, ദേശീയ ക്യാമ്പുകളിൽ പങ്കെടുത്തവർക്ക് 25 മാർക്കും, സർട്ടിഫിക്കറ്റ് ഉള്ളവർക്ക് 20 മാർക്കും ലഭിക്കും.

 സ്റ്റുഡന്റ് പോലീസ് കേഡറ്റിന് (SPC) 20 മാർക്കും, ജൂനിയർ റെഡ് ക്രോസിന് 10 മാർക്കും, ലിറ്റിൽ കൈറ്റ്സിന് 15 മാർക്കും അനുവദിച്ചു.

അന്തർദേശീയ കായിക മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 100 മാർക്ക് വരെ ലഭിക്കും. രണ്ടാം സ്ഥാനത്തിന് 90-ഉം മൂന്നാം സ്ഥാനത്തിന് 80-ഉം മാർക്ക് ലഭിക്കുമ്പോൾ, പങ്കാളിത്തത്തിന് മാത്രം 75 മാർക്ക് ലഭിക്കും.

ദേശീയ ബാലശാസ്ത്ര കോൺഗ്രസ്, സി.വി. രാമൻ ഉപന്യാസ മത്സരം, ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ തുടങ്ങി വിവിധ വൈജ്ഞാനിക മത്സരങ്ങളിലും ഗ്രേസ് മാർക്ക് ആനുകൂല്യം ലഭ്യമാണ്.