സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് കൊടിയേറ്റം : ഇനി അഞ്ചുനാൾ പൂരനഗരിയിൽ ഉത്സവം

തൃശൂർ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൻ്റെ ഒന്നാം ദിവസം ജനപ്രിയ ഇനങ്ങളടക്കം 63 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 25 വീതം മത്സരങ്ങൾ ആദ്യദിനം തന്നെ പൂർത്തിയാകും. സംസ്‌കൃതം കലോത്സവത്തിൽ ഏഴും അറബിക് സാഹിത്യോത്സവത്തിൽ ആറും ഇനങ്ങളിലുള്ള മത്സരങ്ങൾ ബുധനാഴ്‌ച പൂർത്തിയാകും.തേക്കിൻകാട് മൈതാനത്തെ എക്‌സിബിഷൻ ഗ്രൗണ്ടിൽ സജ്ജമാക്കിയ വേദി ഒന്ന് സൂര്യകാന്തിയിൽ രാവിലെ പത്തിനാണ് ഉദ്‌ഘാടന സമ്മേളനം. പതിനൊന്നരയോടെ പ്രധാന വേദിയിൽ മത്സരങ്ങൾ ആരംഭിക്കും. മറ്റ് 23 വേദികളിലും രാവിലെ 11ന് തന്നെ മത്സരങ്ങൾ തുടങ്ങും. കലോത്സവങ്ങളിലെ ശ്രദ്ധാകേന്ദ്രമാകാറുള്ള നൃത്തയിനങ്ങൾ ആദ്യദിനം തന്നെ അരങ്ങേറുന്നുണ്ട്. വേദി ഒന്നിൽ ഹൈസ്‌കൂൾ വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം രാവിലേയും ഹൈസ്‌കൂൾ വിഭാഗം സംഘനൃത്തം ഉച്ചകഴിഞ്ഞും നടക്കും.

തേക്കിൻകാട് മൈതാനത്ത് തന്നെ സിഎംഎസിലെ രണ്ടാം വേദിയിൽ ഹൈസ്‌കൂൾ വിഭാഗം ആൺകുട്ടികളുടെ ഭരതനാട്യം രാവിലേയും ഹയർ സെക്കൻഡറി വിഭാഗം ഒപ്പന ഉച്ചകഴിഞ്ഞും നടക്കും. തേക്കിൻകാട് മൈതാനത്തെ ബാനർജി ക്ലബ്ബിൽ ഹയർ സെക്കൻഡറി, ഹൈസ്‌കൂൾ വിഭാഗം പണിയനൃത്തമാണ് ആദ്യദിനം നടക്കുക. തേക്കിൻകാട് മൈതാനത്തുനിന്ന് പത്തു മിനിറ്റ് നടന്നാൽ ഒന്നര കിലോമീറ്റർ അകലെ ടൗൺ ഹാളിലെ വേദി നാലിലെത്തും. അനുകരണ കലയിലെ പുത്തൻ വാഗ്ദാനങ്ങളെ ഇവിടെ കണ്ടെത്താം. പവിഴമല്ലി എന്ന് പേരിട്ടിരിക്കുന്ന ഈ വേദിയിൽ രാവിലെ ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും മിമിക്രി മത്സരം കാണാം.

ഉച്ചകഴിഞ്ഞ് ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗം ദേശഭക്തിഗാന മത്സരവും ഇവിടെയാണ്. ടൗൺ ഹാളിൽ നിന്ന് അര കിലോമീറ്റർ അകലെ അഞ്ച് മിനിറ്റ് നടക്കാനുള്ള ദൂരത്തിലാണ് വേദി അഞ്ച്. വിവേകോദയം ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ വേദിക്ക് പേര് ശംഖുപുഷ്പം. ആദ്യദിനം രാവിലെ ഇവിടെ ഹൈസ്‌കൂൾ ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ലളിതഗാനമത്സരമാണ്. ഉച്ചകഴിഞ്ഞ് ഹയർ സെക്കൻഡറി വിഭാഗം സംഘഗാനവും നടക്കും. സാഹിത്യ അക്കാദമിയിലെ രണ്ടു വേദികളിൽ ചാക്യാർകൂത്തും തുള്ളൽ മത്സരങ്ങളും നടക്കും. നാടക മത്സരങ്ങൾ നടക്കുന്ന കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്‌കൂളിൽ ആദ്യദിനം സംസ്കൃത നാടക മത്സരമാണ്. ഹോളി ഫാമിലി സിജിഎച്ച്എസ്എസിൽ കേരളനടനം, ദഫ്മുട്ട്, മാപ്പിളപ്പാട്ട് മത്സരങ്ങളും നടക്കും.

വിശദമായ മത്സരക്രമം

തേക്കിൻകാട് മൈതാനത്തെ എക്‌സിബിഷൻ ഗ്രൗണ്ടിലുള്ള പ്രധാന വേദിയായ സൂര്യകാന്തിയിൽ ജനുവരി 14 ബുധനാഴ്‌ച രാവിലെ 10ന് ഉദ്‌ഘാടന സമ്മേളനവും തുടർന്ന് 11.30ന് ഹൈസ്‌കൂൾ പെൺകുട്ടികളുടെ മോഹിനിയാട്ടവും വൈകിട്ട് മൂന്നിന് സംഘനൃത്തവും നടക്കും. 15ന് രാവിലെ 9.30ന് ഹയർ സെക്കൻഡറി ആൺകുട്ടികളുടെ ഭരതനാട്യവും ഉച്ചയ്ക്ക് രണ്ടിന് ഹൈസ്‌കൂൾ തിരുവാതിരകളിയും അരങ്ങേറും. 16ന് രാവിലെ ഹയർ സെക്കൻഡറി പെൺകുട്ടികളുടെ കുച്ചിപ്പുടിയും ഉച്ചയ്ക്ക് ഹൈസ്‌കൂൾ തിരുവാതിരകളിയും നടക്കും. 17ന് രാവിലെ ഹയർ സെക്കൻഡറി പെൺകുട്ടികളുടെ ഭരതനാട്യവും ഉച്ചയ്ക്ക് സംഘനൃത്തവും നടക്കുമ്പോൾ 18ന് രാവിലെ ഹയർ സെക്കൻഡറി ആൺകുട്ടികളുടെ നാടോടിനൃത്തവും വൈകുന്നേരം നാലിന് സമാപന സമ്മേളനവും നടക്കും.

സിഎംഎസിലെ പാരിജാതം വേദിയിൽ 14ന് രാവിലെ 11ന് ഹൈസ്‌കൂൾ ആൺകുട്ടികളുടെ ഭരതനാട്യവും ഉച്ചയ്ക്ക് രണ്ടിന് ഹയർ സെക്കൻഡറി ഒപ്പനയും നടക്കും. 15ന് രാവിലെ ഹയർ സെക്കൻഡറി പെൺകുട്ടികളുടെ നാടോടിനൃത്തവും ഉച്ചയ്ക്ക് ഹൈസ്‌കൂൾ ഒപ്പനയുമാണ്. 16ന് രാവിലെ ഹൈസ്‌കൂൾ പരിചമുട്ടും ഉച്ചയ്ക്ക് ഹയർ സെക്കൻഡറി വൃന്ദവാദ്യവും നടക്കും. 17ന് രാവിലെ ഹയർ സെക്കൻഡറി പരിചമുട്ടും ഉച്ചയ്ക്ക് ഹൈസ്‌കൂൾ വൃന്ദവാദ്യവും നടക്കുമ്പോൾ 18ന് രാവിലെ ഹൈസ്‌കൂൾ ആൺകുട്ടികളുടെ കുച്ചിപ്പുടിയോടെ ഇവിടെ മത്സരങ്ങൾ അവസാനിക്കും.

ബാനർജി ക്ലബ്ബിലെ നീലക്കുറിഞ്ഞി വേദിയിൽ 14ന് രാവിലെ ഹയർ സെക്കൻഡറി വിഭാഗം പണിയനൃത്തവും ഉച്ചയ്ക്ക് ഹൈസ്‌കൂൾ വിഭാഗം പണിയനൃത്തവും നടക്കും. 15ന് ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗം മംഗലം കളിയും 16ന് മലപുലയ ആട്ടവും 17ന് ഇരുള നൃത്തവും യഥാക്രമം രാവിലെയും ഉച്ചയ്ക്കുമായി നടക്കും. 18ന് രാവിലെ വഞ്ചിപ്പാട്ട് മത്സരമാണ്.തൃശൂർ ടൗൺ ഹാളിലെ പവിഴമല്ലി വേദിയിൽ 14ന് രാവിലെ 11 മുതൽ ഹയർ സെക്കൻഡറി ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മിമിക്രിയും ഉച്ചകഴിഞ്ഞ് ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗം ദേശഭക്തിഗാനവും നടക്കും. 15ന് രാവിലെ ഹൈസ്‌കൂൾ വിഭാഗം മിമിക്രിയും ഉച്ചയ്ക്ക് ഹയർ സെക്കൻഡറി പെൺകുട്ടികളുടെ മോഹിനിയാട്ടവും നടക്കും. 16ന് രാവിലെ ഹയർ സെക്കൻഡറി ചവിട്ടുനാടകവും 17ന് രാവിലെ ഹൈസ്‌കൂൾ ചവിട്ടുനാടകവുമാണ് ഇവിടെ നടക്കുക.

വിവേകോദയം ബോയ്‌സ് എച്ച്എസ്എസിലെ ശംഖുപുഷ്പം വേദിയിൽ 14ന് രാവിലെ ഹൈസ്‌കൂൾ ലളിതഗാനവും വൈകിട്ട് ഹയർ സെക്കൻഡറി സംഘഗാനവും നടക്കും. 15ന് രാവിലെ ഹൈസ്‌കൂൾ വട്ടപ്പാട്ടും ഉച്ചയ്ക്ക് ഹയർ സെക്കൻഡറി ഇംഗ്ലീഷ് സ്‌കിറ്റും നടക്കുമ്പോൾ 16ന് രാവിലെ ഹൈസ്‌കൂൾ പെൺകുട്ടികളുടെ ഭരതനാട്യവും ഉച്ചയ്ക്ക് ഹയർ സെക്കൻഡറി മൂകാഭിനയവുമാണ്. 17ന് പളിയ നൃത്തവും 18ന് ഹൈസ്‌കൂൾ ഉറുദു സംഘഗാനവും നടക്കും.കോവിലകത്തുംപാടം കേരള ബാങ്ക് ഹാളിലെ ചെമ്പകം വേദിയിൽ 14ന് അറബനമുട്ട് നടക്കും. 15ന് രാവിലെ ഹയർ സെക്കൻഡറി ലളിതഗാനവും ഉച്ചയ്ക്ക് ഹൈസ്‌കൂൾ ദഫ്‌മുട്ടും നടക്കും. 16ന് നാടൻപാട്ടും 17ന് രാവിലെ മോണോആക്ടും ഉച്ചയ്ക്ക് ഹൈസ്‌കൂൾ പെൺകുട്ടികളുടെ നാടോടിനൃത്തവും നടക്കും.

സാഹിത്യ അക്കാദമി ഓപ്പൺ സ്‌റ്റേജിലെ മന്ദാരം വേദിയിൽ 14ന് ചാക്യാർകൂത്തും 15ന് രാവിലെ ഹൈസ്‌കൂൾ പെൺകുട്ടികളുടെ കേരളനടനവും ഉച്ചയ്ക്ക് പൂരക്കളിയും നടക്കും. 16ന് രാവിലെ ഹയർ സെക്കൻഡറി പൂരക്കളിയും ഉച്ചയ്ക്ക് ഹൈസ്‌കൂൾ സംഘഗാനവും നടക്കുമ്പോൾ 17ന് രാവിലെ ഹയർ സെക്കൻഡറി പെൺകുട്ടികളുടെ കേരളനടനവും ഉച്ചയ്ക്ക് കോൽക്കളിയും അരങ്ങേറും.

സാഹിത്യ അക്കാദമി ഹാളിലെ കനകാംബരം വേദിയിൽ 14ന് ഹൈസ്‌കൂൾ പെൺകുട്ടികളുടെയും ഹയർ സെക്കൻഡറി ആൺകുട്ടികളുടെയും തുള്ളൽ നടക്കും. 15ന് ഹൈസ്‌കൂൾ ആൺകുട്ടികളുടെയും ഹയർ സെക്കൻഡറി പെൺകുട്ടികളുടെയും തുള്ളൽ നടക്കും. 16ന് നങ്ങ്യാർകൂത്തും 17നും 18നുമായി കഥകളി സംഗീതവുമാണ് ഇവിടെ നടക്കുക.സെൻ്റ് ജോസഫ് സിജിഎച്ച്എസിലെ ഗുൽമോഹർ വേദിയിൽ 14ന് ഉറുദു ഗസൽ ആലാപനവും 15ന് ഹൈസ്‌കൂൾ കൂടിയാട്ടവും നടക്കും. 16ന് യക്ഷഗാനവും 17ന് ഹയർ സെക്കൻഡറി കൂടിയാട്ടവുമാണ് ക്രമീകരിച്ചിരിക്കുന്നത്.

എംടി എച്ച്എസ്എസിലെ ചെമ്പരത്തി വേദിയിൽ 14ന് ഗിറ്റാർ, ഹൈസ്‌കൂൾ കഥാപ്രസംഗം എന്നിവ നടക്കും. 15ന് രാവിലെ ഹയർ സെക്കൻഡറി കഥാപ്രസംഗവും ഉച്ചയ്ക്ക് ഹൈസ്‌കൂൾ പെൺകുട്ടികളുടെ കുച്ചിപ്പുടിയും നടക്കും. 16ന് ഹയർ സെക്കൻഡറി ആൺകുട്ടികളുടെ കേരളനടനവും ഹൈസ്‌കൂൾ ആൺകുട്ടികളുടെ നാടോടിനൃത്തവും നടക്കുമ്പോൾ 17ന് രാവിലെ ഹൈസ്‌കൂൾ വഞ്ചിപ്പാട്ടും ഉച്ചയ്ക്ക് ഹയർ സെക്കൻഡറി ആൺകുട്ടികളുടെ കുച്ചിപ്പുടിയും നടക്കും.കാൽഡിയൻ സിറിയൻ എച്ച്എസ്എസിലെ കർണികാരം വേദിയിൽ 14ന് രാവിലെ ഹൈസ്‌കൂൾ സംസ്‌കൃത നാടകം നടക്കും. 15ന് ഹൈസ്‌കൂൾ നാടകവും 16ന് രാവിലെ ഹൈസ്‌കൂൾ ഇംഗ്ലീഷ് സ്‌കിറ്റും ഉച്ചയ്ക്ക് കോൽക്കളിയും നടക്കും. 17ന് ഹയർ സെക്കൻഡറി നാടകമാണ്. സേക്രഡ് ഹാർട്ട് സിജിഎച്ച്എസ്എസിലെ നിത്യകല്ല്യാണി വേദിയിൽ 14ന് പഞ്ചവാദ്യവും 15, 16, 17 തീയതികളിലായി കഥകളി (സിംഗിൾ, ഗ്രൂപ്പ്) മത്സരങ്ങളും നടക്കും.

ജവഹർ ബാലഭവനിലെ പനിനീർപ്പൂവ് വേദിയിൽ സംസ്‌കൃത കലോത്സവമാണ് നടക്കുന്നത്. 14ന് അഷ്‌ടപദി, സംസ്‌കൃത പദ്യം ചൊല്ലൽ എന്നിവ നടക്കും. 15ന് ചമ്പുപ്രഭാഷണം, പ്രഭാഷണം, പ്രസംഗം എന്നിവയും 16ന് ഹിന്ദി പദ്യംചൊല്ലൽ, വന്ദേമാതരം, സംഘഗാനം, അക്ഷരശ്ലോകം എന്നിവയും നടക്കും. 17ന് പാഠകം, ഗാനാലാപനം എന്നിവയോടെ മത്സരങ്ങൾ സമാപിക്കും.

ഹോളി ഫാമിലി സിജിഎച്ച്എസ്എസിലെ നന്ത്യാർവട്ടം വേദിയിൽ 14ന് ഹൈസ്‌കൂൾ ആൺകുട്ടികളുടെ കേരള നടനവും ഹയർ സെക്കൻഡറി ദഫ്‌മുട്ടും നടക്കും. 15ന് മാർഗംകളിയും 16ന് മോണോ ആക്ടും ഹയർ സെക്കൻഡറി വട്ടപ്പാട്ടും നടക്കും. 17നും 18നുമായി ശാസ്‌ത്രീയ സംഗീത മത്സരങ്ങൾ നടക്കും. ഹോളി ഫാമിലിയിലെ തന്നെ ഡാലിയ വേദിയിൽ 14ന് മാപ്പിളപ്പാട്ടും 15, 16 തീയതികളിൽ ചെണ്ടമേളം, തായമ്പക എന്നിവയും നടക്കും. 17, 18 തീയതികളിൽ ഓടക്കുഴൽ, നാദസ്വരം, ട്രിപ്പിൾ/ജാസ് മത്സരങ്ങളാണ്.

സിഎംഎസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വാടാമല്ലി വേദിയിൽ 14ന് അറബിഗാനവും ഹൈസ്‌കൂൾ മോണോആക്ടും നടക്കും. 15ന് അറബിക് സെമിനാർ, സംഘഗാനം, കഥാപ്രസംഗം എന്നിവയും 16ന് സംസ്‌കൃത സെമിനാർ, പദ്യംചൊല്ലൽ, പ്രസംഗം എന്നിവയും നടക്കും. 17ന് അറബിക് നാടകമാണ്. സിഎംഎസിലെ തന്നെ മുല്ലപ്പൂവ് വേദിയിൽ 14ന് ഖുർആൻ പാരായണം, മുശാഅറ, സംഭാഷണം എന്നിവ നടക്കും. 15ന് ഉപന്യാസ രചന, കഥാരചന എന്നിവയും 16ന് നിഘണ്ടു നിർമ്മാണം, പ്രശ്‌നോത്തരി, അടിക്കുറിപ്പ് എന്നിവയും നടക്കും. 17ന് വിവർത്തനവും പോസ്‌റ്റർ രചനയുമാണ്.

ഗവ. മോഡൽ ബോയ്‌സ് എച്ച്എസ്എസിലെ ആമ്പൽപ്പൂവ് വേദിയിൽ 14ന് വീണ, ക്ലാർനെറ്റ്/ബീഗിൾ മത്സരങ്ങളും 15ന് മദ്ദളം, മൃദംഗം മത്സരങ്ങളും നടക്കും. 16ന് മദ്ദളം, തബല മത്സരങ്ങളും 17, 18 തീയതികളിൽ വയലിൻ മത്സരങ്ങളും നടക്കും. ഇതേ സ്‌കൂളിലെ തുമ്പപ്പൂവ് വേദിയിൽ 14ന് കന്നട പദ്യം ചൊല്ലൽ, പ്രസംഗം എന്നിവയും 15ന് ഹിന്ദി പ്രസംഗം, പദ്യം ചൊല്ലൽ എന്നിവയും നടക്കും. 16ന് അറബിക് പ്രസംഗം, പദ്യം ചൊല്ലൽ എന്നിവയും 17ന് ഉറുദു പദ്യം ചൊല്ലൽ, പ്രസംഗം എന്നിവയുമാണ് ഇനങ്ങൾ.

സെൻ്റ് ക്ലെയേഴ്‌സ് കോൺവെൻ്റ് സ്‌കൂളിലെ കണ്ണാന്തളി വേദിയിൽ 14ന് ഇംഗ്ലീഷ് പദ്യം ചൊല്ലൽ, പ്രസംഗം എന്നിവയും 15ന് മലയാളം പ്രസംഗം, പദ്യം ചൊല്ലൽ എന്നിവയും നടക്കും. 16ന് തമിഴ് പദ്യം ചൊല്ലൽ, പ്രസംഗം എന്നിവയും 17ന് കാവ്യകേളി, അക്ഷരശ്ലോകം എന്നിവയും നടക്കും. സെൻ്റ് തോമസ് കോളജ് എച്ച്എസ്എസിലെ പിച്ചകപ്പൂവ് വേദിയിൽ 14ന് കാർട്ടൂൺ, കൊളാഷ് മത്സരങ്ങൾ നടക്കും. 15, 16 തീയതികളിൽ പെൻസിൽ, ജലഛായം, എണ്ണഛായം ചിത്രരചന മത്സരങ്ങളും 17ന് ഉറുദു കഥാരചന, കവിതാരചന മത്സരങ്ങളും നടക്കും.

സെൻ്റ് തോമസ് കോളജ് സ്‌കൂളിലെ ജമന്തി വേദിയിൽ 14ന് മലയാളം കഥാരചന, കവിതാരചന എന്നിവയും 15ന് മലയാളം കവിതാരചന, ഉപന്യാസരചന എന്നിവയും നടക്കും. 16ന് ഹിന്ദി രചന മത്സരങ്ങളും 17ന് ഹിന്ദി കഥാരചന, ഉപന്യാസരചന എന്നിവയും 18ന് ഹൈസ്‌കൂൾ ബാൻഡ് മേളവും നടക്കും. ഇതേ സ്‌കൂളിലെ തെച്ചിപ്പൂവ് വേദിയിൽ 14ന് സംസ്‌കൃതം ഉപന്യാസരചനയും 15ന് ഇംഗ്ലീഷ് കഥാരചന, ഉപന്യാസരചന എന്നിവയും നടക്കും. 16ന് ഉറുദു ക്വിസ്, ഉപന്യാസരചന എന്നിവയും 17ന് അറബിക് രചന മത്സരങ്ങളും നടക്കും.

സെൻ്റ് തോമസ് കോളജ് സ്‌കൂളിലെ തന്നെ താഴമ്പൂ വേദിയിൽ 14ന് സമസ്യാപൂരണം, പ്രശ്‌നോത്തരി എന്നിവയും 15ന് സംസ്‌കൃതം, കന്നട രചന മത്സരങ്ങളും നടക്കും. 16ന് തമിഴ്, ഇംഗ്ലീഷ് കവിതാരചന, ഉപന്യാസരചന എന്നിവയും 17ന് സംസ്‌കൃതം (ജനറൽ) രചന മത്സരങ്ങളും 18ന് ബാൻഡ് മേളവും നടക്കും. ലാലൂർ ഐഎം വിജയൻ സ്പോർട്‌സ് കോംപ്ലക്‌സിലെ ചെണ്ടുമല്ലി വേദിയിലും മത്സരങ്ങൾ നടക്കും.