മദ്യപിച്ചു യാത്രചെയ്‌താൽ പ്രശ്‌നമാകും : റെയിൽവേ സ്റ്റേഷനിൽ പരിശോധന കർശനം

മദ്യപിച്ചു യാത്രചെയ്‌താൽ പ്രശ്‌നമാകും  : റെയിൽവേ സ്റ്റേഷനിൽ പരിശോധന കർശനം

എറണാകുളം :ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൊലീസുകാര്‍ക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ കര്‍ശന നിര്‍ദേശം. റെയില്‍വേ പൊലീസിനു പുറമേ ആവശ്യമെങ്കില്‍ ലോക്കല്‍ സ്റ്റേഷനുകളിലെ പൊലീസുകാരെയും താല്‍ക്കാലികമായി റെയില്‍വേ സ്റ്റേഷനിലേക്ക് നല്‍കി സുരക്ഷ കര്‍ശനമാക്കാനാണ് നിര്‍ദേശം. വര്‍ക്കലയില്‍ പെണ്‍കുട്ടിയെ യാത്രക്കാരന്‍ ആക്രമിച്ച് പുറത്തേക്കു തള്ളിയിട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.ട്രെയിനുകളില്‍ പ്രത്യേക പരിശോധനയ്ക്ക് പുറമെ പ്ലാറ്റ്‌ഫോമുകളിലും പരിശോധന കര്‍ശനമാക്കി. ട്രെയിനുകളിലും പ്ലാറ്റ്‌ഫോമുകളിലും മദ്യപിച്ച് യാത്ര ചെയ്യുന്നത് കണ്ടെത്തിയാല്‍ പിടികൂടി നിയമനടപടി സ്വീകരിക്കാനാണ് നിര്‍ദേശം. യാത്ര മുടങ്ങുമെന്ന് മാത്രമല്ല കേസ് എടുക്കുമെന്നും പൊലീസ് പറഞ്ഞു. മദ്യപിച്ച നിലയില്‍ കണ്ടെത്തിയാല്‍ അടുത്ത സ്റ്റേഷനില്‍ ഇറക്കി, പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് നടപടിയെടുക്കാനാണ് തീരുമാനം.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പരിശോധന കർശനമാക്കി:

 രണ്ടാഴ്ച നീളുന്ന പരിശോധന ക്യാംപെയ്ൻ ആരംഭിച്ചു. റെയിൽവേ ഉദ്യോഗസ്ഥർ, ആർപിഎഫ്, റെയിൽവേ പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണു പരിശോധനയും ബോധവൽക്കരണവും.മദ്യപിച്ചിട്ടുണ്ടോയെന്നു കണ്ടെത്താൻ ബ്രെത്ത് അനലൈസർ സംവിധാനം ഉപയോഗിച്ചു പരിശോധിക്കുന്നുണ്ട്. യാത്രക്കാരെ ശല്യപ്പെടുത്തുന്നവർക്കെതിരെ നടപടിയുണ്ടാകും. യാചകരെ നിയന്ത്രിക്കും. മദ്യപിച്ചു പ്ലാറ്റ്ഫോമുകളിൽ അലഞ്ഞു തിരിയാനും കിടന്നുറങ്ങാനും അനുവദിക്കില്ല. മദ്യപിച്ചു പ്ലാറ്റ്ഫോമിൽ കണ്ടെത്തിയ മൂന്നുപേരെ താക്കീത് ചെയ്തു വിട്ടയച്ചു. പരിശോധനയ്ക്കും ബോധവൽക്കരണത്തിനും സ്റ്റേഷൻ മാനേജർ എസ്.സജിത്ത് കുമാർ, ഡപ്യൂട്ടി കമേഴ്സ്യൽ മാനേജർ കോളിൻസ്, ആർപിഎഫ് ഇൻസ്പെക്ടർ വർഗീസ്, റെയിൽവേ പൊലീസ് എസ്ഐ സുനിൽ എന്നിവർ നേതൃത്വം നൽകി.