സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

കണ്ണൂർ: പയ്യാവൂരില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു.പ്ലസ് ടു വിദ്യാർത്ഥിനി അയോന മോണ്‍സനാണ് (17) മരിച്ചത്. കുട്ടിയുടെ അവയവങ്ങള്‍ ദാനം ചെയ്യും. സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് അയോന. ഇന്നലെ രാത്രിയോടെ മസ്തിഷ്ക മരണം സംഭവിച്ചെന്നാണ് വിവരം. തലശ്ശേരിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തും ചികിത്സയിലുള്ള നാലു പേർക്കാണ് അയോനയുടെ അവയവങ്ങള്‍ ദാനം ചെയ്യുന്നത്.
രണ്ടു വൃക്കകള്‍, കരള്‍, കോര്‍ണിയ എന്നീ അവയവങ്ങളാണ് ദാനം ചെയ്തത്. വിദ്യാർഥിനിയുടെ കിഡ്നി തിരുവനന്തപുരം മെഡിക്കൽ കോളജിൽ കഴിയുന്ന രോഗിക്കായി വിമാന മാർഗമാണ് എത്തിച്ചത്. കണ്ണൂരില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് അവയവം തിരുവനന്തപുരത്ത് എത്തിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു യാത്രാവിമാനത്തില്‍ അവയവം എത്തിക്കുന്നത്. ഇന്‍ഡിഗോ അധികൃതര്‍ സൗജന്യമായാണ് സീറ്റ് അനുവദിച്ചത്. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അയോനയുടെ അവയവങ്ങള്‍ ശസ്ത്രക്രിയ നടത്തി പുറത്തെടുത്തത്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വിദ്യാർത്ഥിനി താഴേയ്ക്ക് ചാടിയത്. പ്ളസ് ടു സയൻസ് സ്‌ട്രീം വിദ്യാർത്ഥിനിയാണ്. ലാബ് പരീക്ഷയടക്കം നടക്കാനിരിക്കെയായിരുന്നു സംഭവം.ക്രിസ്മസ് അവധി കഴിഞ്ഞ് സ്കൂൾ തുറന്ന വേളയിൽ, ക്ലാസുകൾ തുടങ്ങുന്നതിന് തൊട്ടുമുമ്പ് സ്കൂൾ കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്ന് അയോന താഴേക്ക് ചാടുകയായിരുന്നു. സ്കൂളിലെ ബാസ്കറ്റ് ബോൾ കോർട്ടിലേക്കാണ് കുട്ടി വീണത്. ഉടൻ തന്നെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് അയോനയുടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം സന്നദ്ധത അറിയിക്കുകയായിരുന്നു.
കുടുംബത്തിലെ ചില പ്രശ്നങ്ങള്‍ കുട്ടിയെ അലട്ടിയിരുന്നതായി വിവരമുണ്ട്. അയോനയുടെ അമ്മ വിദേശത്തേയ്ക്ക് പോകാനിരിക്കുകയായിരുന്നുവെന്നും ഇക്കാരണത്താലടക്കം വിദ്യാർത്ഥിനി വിഷാദത്തിലായിരുന്നുവെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം. രാവിലെ സ്‌കൂളിലെത്തിയ കുട്ടി ക്ളാസ് മുറിയില്‍ നിന്നിറങ്ങിയതിനു ശേഷം കെട്ടിടത്തിന് മുകളിലേയ്ക്ക് പോയി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.