ഗായകൻ സുബിൻ ഗാർഗ് വധക്കേസ്: 3500 പേജുള്ള കുറ്റപത്രത്തിൽ മാനേജരും ബന്ധുവും ഉൾപ്പെടെ 7 പ്രതികൾ

ഗുവാഹട്ടി: പ്രശസ്ത ഗായകൻ സുബിൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണസംഘം ഗുവാഹട്ടിയിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. രണ്ടു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ, 300 സാക്ഷിമൊഴികൾ, മറ്റ് ഡിജിറ്റൽ തെളിവുകൾ എന്നിവ ഉൾപ്പെടുത്തി 3500-ഓളം പേജുകളുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഗായകന്റെ മരണം നടന്ന് ഏകദേശം മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ഈ നിർണായക നടപടി.സെപ്റ്റംബർ 19-നായിരുന്നു സുബിൻ ഗാർഗ് മരണപ്പെട്ടത്. എന്നാൽ കഴിഞ്ഞ മാസം നവംബർ 25-ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സുബിന്റെ മരണം കൊലപാതകമാണെന്ന് പരസ്യമായി വെളിപ്പെടുത്തിയിരുന്നു. കൊലപാതകി ആരാണെന്ന് അന്ന് വ്യക്തമാക്കിയിരുന്നില്ല. ഇതിനെത്തുടർന്നാണ് കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചത്.ഗായകന്റെ മാനേജർ, പരിപാടി സംഘാടകൻ, ഒരു ബന്ധു എന്നിവരടക്കം ഏഴു പേർക്കെതിരെയാണ് നിലവിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഈ കേസിൻ്റെ തുടർനടപടികൾ ഇനി കോടതിയിലാണ് നടക്കുക