കരിമ്പ് കർഷകർ പ്രതിസന്ധിയിൽ; വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്ന് കർണ്ണാടക മുഖ്യമന്ത്രി

കരിമ്പ് കർഷകർ പ്രതിസന്ധിയിൽ; വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്ന് കർണ്ണാടക മുഖ്യമന്ത്രി

ബെംഗളൂരു: കർണാടകയിലെ കരിമ്പ് കർഷകരുടെ അവസ്ഥ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കർഷകരെയും പഞ്ചസാര മില്ലുടമകളേയും ചർച്ചകളിൽ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടും പ്രക്ഷോഭം ശക്തമാവുകയാണെന്നും കർഷകർക്കിടയിൽ ഇത് അസ്വസ്ഥത വളർത്താൻ ഇടയാക്കിയെന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു.തങ്ങളുടെ ഉത്പന്നങ്ങൾക്ക് ഉയർന്ന വില ആവശ്യപ്പെട്ട് സംസ്ഥാനത്ത് കരിമ്പ് കർഷകർ നടത്തുന്ന പ്രതിഷേധം ഇതിനോടകം തന്നെ എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. വടക്കൻ കർണാടകയിൽ പ്രത്യേകിച്ച് ബെലഗാവി, ബാഗൽകോട്ട്, വിജയപുര, വിജയനഗര, ബീദർ, ഗദഗ്, ഹുബ്ലി-ധാർവാഡ്, ഹാവേരി ജില്ലകളിലെ കരിമ്പ് കർഷകരുടെ അവസ്ഥ ദയനീയമായി തുടരുകയാണ്.

'ബെലഗാവിയിൽ ഡെപ്യൂട്ടി കമ്മിഷണർ പഞ്ചസാര മില്ലുടമകളോട് 11.25 ശതമാനം റിക്കവറി നിരക്കിൽ ടണ്ണിന് 3,200 രൂപ നൽകണമെന്ന് നിർദേശിച്ചിരുന്നു. വിളവെടുപ്പ്, ഗതാഗത ചാർജുകൾ (H&T) ഒഴികെ, 10.25 ശതമാനം റിക്കവറി നിരക്കിൽ ടണ്ണിന് 3,100 രൂപയാണ്. റിക്കവറി, തൂക്കം, കിഴിവുകൾ, പേമെൻ്റുകൾ എന്നിവ നിരീക്ഷിക്കാൻ വ്യത്യസ്‌ത കമ്മിറ്റികളേയും രൂപീകരിച്ചു. കർഷക താത്‌പര്യങ്ങൾ സംരക്ഷിക്കുന്നതിനായി എപിഎംസി കേന്ദ്രങ്ങളിൽ സൗജന്യ വെയ്റ്റിങ് മെഷീനുകളും നൽകി' മുഖ്യമന്ത്രി പറഞ്ഞു.ഇത്തരം നടപടികൾ ഉണ്ടായിട്ടും കർഷകർ ഇപ്പോഴും അസംതൃപ്‌തരാണെന്നും അവരുടെ ആവശ്യങ്ങൾ നിറവേറ്റിയില്ലെങ്കിൽ ദേശീയപാത ഉപരോധങ്ങൾ ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. 2025-26 സീസണിൽ കേന്ദ്ര സർക്കാർ നിശ്ചയിച്ച വില (FRP) ക്വിൻ്റലിന് 355 രൂപയാണ്. നിർബന്ധിത വിളവെടുപ്പ്, ഗതാഗതം തുടങ്ങിയ ചെലവുകൾക്ക് ടണ്ണിന് മിനിമം 800 രൂപ മുതൽ 900 രൂപ വരെയാകും. ഇത് ഒഴിച്ചാൽ കർഷകന് ശരിക്കും ലഭിക്കുന്നത് ടണ്ണിന് 2,600-3,000 രൂപ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വളം, ജലസേചനം, ഗതാഗത ചെലവുകൾ തുടങ്ങിയവയിലെ കുത്തനെയുള്ള വില വർധനവ് കാരണം, കരിമ്പ് കൃഷി സാമ്പത്തികമായി സുസ്ഥിരമല്ലാതായി. പ്രശ്‌നത്തിൻ്റെ മൂലകാരണം കേന്ദ്ര നയങ്ങളാണ് എന്നാണ് പറയുന്നത്. ന്യായമല്ലാത്ത വില, പഞ്ചസാരയുടെ മിനിമം താങ്ങുവില ലഭ്യമാക്കത്തത്, കയറ്റുമതിയിലെ നിയന്ത്രണങ്ങൾ തുടങ്ങിയവയാണ് ഇതിൻ്റെ മൂല കാരണമായി ചൂണ്ടിക്കാട്ടുന്നത്. കർഷകർ 3,500 രൂപ കരിമ്പ് വിലയായി ആവശ്യപ്പെട്ടെന്നും മുഖ്യമന്ത്രി പറയുന്നു. അറ്റവില നിശ്ചയിക്കാനോ അംഗീകരിക്കാനോ സംസ്ഥാനങ്ങളെ അനുവദിച്ചുകൊണ്ട് ഒരു കേന്ദ്ര വിജ്ഞാപനമോ അല്ലെങ്കിൽ കർഷകർ ആവശ്യപ്പെട്ട പോലെ ടണിന് 3,500 രൂപയാക്കി കൊണ്ടുള്ള ഉത്തരവോ പുറപ്പെടുവിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.പഞ്ചസാരയുടെ താങ്ങുവിലയിൽ പരിഷ്‌കരണം, എഥനോൾ വിഹിതം വർധിപ്പിക്കുകയും സംഭരണം ഉറപ്പാക്കുകയും ചെയ്യുക, കർഷകരുടെ കുടിശികകൾക്ക് മുൻഗണന നൽകി പേമെൻ്റ് എൻഫോഴ്‌സ്‌മെൻ്റ് പ്രോട്ടോക്കോളുകൾ ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും മന്ത്രി മുന്നോട്ട് വച്ചിട്ടുണ്ട്. കൂടാതെ, കരിമ്പ് വില നിർണയം നിരീക്ഷിക്കുന്നതിനായി ഒരു സംയുക്ത സമിതിയെ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു."നമ്മുടെ സംസ്ഥാനം ജാഗ്രതയോടെ പ്രവർത്തിച്ചിട്ടുണ്ട്. എന്നാല്‍ അടിസ്ഥാനപരമായ നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാരിൻ്റെ കൈകളിലായതിനാൽ പ്രതിസന്ധി നിലനിൽക്കുന്നു. കരിമ്പ് കർഷകരുടേയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടേയും രാജ്യത്തെ കരിമ്പ് വ്യവസായത്തിൻ്റെ പുരോഗതിക്കുമായി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി അടിയന്തര നടപടി സ്വീകരിക്കാന്‍ അഭ്യർഥിക്കുന്നുവെന്നും മുഖ്യമന്ത്രി കത്തിൽ കുറിച്ചു.