യുവ വനിത ഡോക്‌ടറുടെ ആത്മഹത്യ: ഒരു വർഷത്തിലേറെയായി കടുത്ത രാഷ്ട്രീയ, പൊലീസ് സമ്മർദം നേരിട്ടിരുന്നതായി ബന്ധുക്കൾ

മുംബൈ: സത്താറയിൽ യുവ വനിത ഡോക്‌ടറുടെ ആത്മഹത്യയിൽ നിർണായക വെളിപ്പെടുത്തലുമായി ബന്ധുക്കൾ. ഒരു വർഷത്തിലേറെയായി കടുത്ത രാഷ്ട്രീയ, പൊലീസ് സമ്മർദം ഡോക്ട്ടർ നേരിട്ടിരുന്നതായി ബന്ധുക്കൾ അറിയിച്ചു . പോസ്റ്റ്‌മോർട്ടം, ഫിറ്റ്‌നസ് റിപ്പോർട്ടുകൾ എന്നിവ വ്യാജമായി നിർമ്മിക്കാൻ ഡോക്‌ടര്‍ നിർബന്ധിതയായി എന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു."കഴിഞ്ഞ ഒരു വർഷമായി അവള്‍ രാഷ്ട്രീയക്കാരുടെയും, പൊലീസിൻ്റെയും സമ്മർദത്തിലായിരുന്നു. ആശുപത്രിയിലെ മെഡിക്കൽ ജീവനക്കാരും ഇതിൽ പങ്കാളികളാണ്. തെറ്റായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ ഉണ്ടാക്കാനും വ്യാജ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കാനും എല്ലാവരും അവളെ നിർബന്ധിച്ചു. മറ്റ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ ഉണ്ടായിരുന്നിട്ടും കൂടുതൽ പോസ്റ്റ്‌മോർട്ടങ്ങൾ നടത്താൻ അവളെ നിർബന്ധിച്ചു" - മരിച്ച ഡോക്‌ടറുടെ ബന്ധു പറഞ്ഞു.മൃതദേഹം കൈകാര്യം ചെയ്‌തതിനെക്കുറിച്ചുള്ള ആശങ്കകൾ ഉന്നയിച്ചുകൊണ്ട്, മരണശേഷം നടപടിക്രമങ്ങളിൽ വീഴ്‌ചയുണ്ടായതായി ബന്ധു ആരോപിച്ചു. "അവൾ മരിച്ചപ്പോൾ, രാവിലെ 6 മണി വരെ പോസ്റ്റ്‌മോർട്ടം നടത്താൻ ആരുമുണ്ടായിരുന്നില്ല. ഞങ്ങൾ ഇല്ലാത്ത സമയത്ത് അവർ അവളുടെ മൃതദേഹം വീട്ടിൽ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ഇതെല്ലാം കുടുംബാംഗങ്ങളുടെ മുന്നിൽ സംഭവിക്കേണ്ടതായിരുന്നു" - ഡോക്‌ടറിൻ്റെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.
താൻ അനുഭവിച്ചപീഡനങ്ങളും പരാതികളും കൈപ്പത്തിയിൽ എഴുതിവെച്ച് ആത്മഹത്യ ചെയ്‌ത ഡോക്‌ടർ മറ്റൊരു ആത്മഹത്യാക്കുറിപ്പ് കൂടിഎഴുതിയിട്ടുണ്ടാകുമെന്ന് അവർ സംശയം പ്രകടിപ്പിച്ചു. "മറ്റൊരു ആത്മഹത്യാക്കുറിപ്പ് അവശേഷിപ്പിച്ചിരിക്കാമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഒരു ചെറിയ കുറിപ്പ് മാത്രം കൈയിൽ എഴുതി മരിക്കാൻ അവൾക്ക് കഴിയില്ല" - ബന്ധു പറഞ്ഞു.അന്വേഷണത്തിൽ വിട്ടുവീഴ്‌ച വരാൻ പാടില്ലെന്നുള്ളതിനാൽ എസ്‌ഐടി അന്വേഷണം വേണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം. "സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണത്തെ സ്വാധീനിക്കും എന്നാരോപിച്ച് മഹാരാഷ്ട്രയ്ക്ക് പുറത്തുനിന്നുള്ള ഒരു വനിതാ ഉദ്യോഗസ്ഥയുടെ സാന്നിധ്യത്തിൽ എസ്‌ഐടി അന്വേഷണം നടത്തണം" - കുടുംബം ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയിലെ ബീഡ് സ്വദേശിനിയാണ് ആത്മഹത്യ ചെയ്‌ത ഡോക്‌ടർ. സത്താറ ജില്ലയിലെ ഒരു സർക്കാർ ആശുപത്രിയിൽ സേവനമനുഷ്‌ഠിച്ചിരുന്ന ഡോക്‌ടറെ ഒക്ടോബർ 23 വ്യാഴാഴ്‌ച രാത്രി ഫാൽട്ടണിലെ ഒരു ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.തൻ്റെ കൈപ്പത്തിയിൽ ആത്മഹത്യക്കുറിപ്പെഴുതിയ ശേഷമാണ് യുവതി ജീവനൊടുക്കിയത്. കൈയിൽ എഴുതിയ ആത്മഹത്യക്കുറിപ്പിൽ, പൊലീസ് സബ് ഇൻസ്പെക്‌ടർ ബദാനി തന്നെ പലതവണ ബലാത്സംഗം ചെയ്‌തുവെന്നും, ഡോക്‌ടർ താമസിച്ചിരുന്ന വീട് ഉടമസ്ഥൻ്റെ മകനും സോഫ്റ്റ്‌വെയർ എഞ്ചിനീയറുമായ പ്രശാന്ത് ബാങ്കർ മാനസികമായി പീഡിപ്പിച്ചുവെന്നും കുറിപ്പിൽ ആരോപിച്ചു. ഇതേ തുടർന്ന് സത്താറ ജില്ലയിലെ ഫൽട്ടാനിൽ ഇരുവർക്കുമെതിരെ ബലാത്സംഗത്തിനും ആത്മഹത്യ പ്രേരണയ്ക്കും കേസെടുത്തു.പ്രശാന്ത് ബാങ്കാറുമായി ഫോണിൽ സംസാരിച്ച ശേഷമാണ് ഡോക്‌ടർ ജീവനൊടുക്കിയതെന്ന് പൊലീസ് അന്വേഷണത്തിൽ പറഞ്ഞു. അന്വേഷണത്തിനിടെ സബ് ഇൻസ്പെക്‌ടറായ ബദാനിയുടെ പേര് പുറത്തുവന്നതിനെത്തുടർന്ന് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്‌തു. കേസിലെ പ്രതിയായ ബദ്‌നെയെ ഞായറാഴ്ച ഫാൽട്ടാനിലെ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയിൽ ഹാജരാക്കി ഒക്ടോബർ 30 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.കേസിലെ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് ഡോക്‌ടറുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു വെള്ളിയാഴ്‌ച രാത്രി ബീഡിലെ വാദ്വാനി തഹ്‌സിലിൽ മൃതദേഹം ഡോക്റ്ററുടെ സംസ്‌കരിച്ചു.