കേരളത്തിൽ വേനൽ കടുക്കുന്നു:കണ്ണൂർ ഉൾപ്പെടെ 9 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: കേരളത്തിൽ വേനൽ കടുക്കുന്നു. വരും ദിവസങ്ങളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ 9 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളിൽ താപനില 37°C വരെയും കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36°C വരെയും ചൂട് ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.ഉയർന്ന ചൂടും അന്തരീക്ഷത്തിലെ ഈർപ്പവും കാരണം മലയോര മേഖലകളിലൊഴികെ കടുത്ത അസ്വസ്ഥതയ്ക്കും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
പ്രധാന ജാഗ്രതാ നിർദ്ദേശങ്ങൾ:
പകൽ 11 AM മുതൽ 3 PM വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. നിർമ്മാണത്തൊഴിലാളികൾ, കർഷകർ, വഴിയോരക്കച്ചവടക്കാർ എന്നിവർ ജോലി സമയം ക്രമീകരിക്കണം.
ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. നിർജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ പകൽ സമയത്ത് ഒഴിവാക്കണം.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകളും കുടയോ തൊപ്പിയോ ഉപയോഗിക്കുക.
കുട്ടികൾക്ക് സ്കൂളുകളിൽ ശുദ്ധമായ കുടിവെള്ളവും ക്ലാസ് മുറികളിൽ വായുസഞ്ചാരവും ഉറപ്പാക്കണം. വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കണം.
ചൂട് കൂടുന്നതിനാൽ മാർക്കറ്റുകൾ, മാലിന്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തീപിടുത്ത സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തുകയും വനമേഖലകളിൽ കാട്ടുതീ പടരാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം.
കന്നുകാലികളെ ഉച്ചവെയിലിൽ മേയാൻ വിടരുത്. വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കണം. കുട്ടികളെയോ മൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകരുത്.
അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ വിശ്രമിക്കണമെന്നും വൈദ്യസഹായം തേടണമെന്നും അധികൃതർ അറിയിച്ചു.