സുനേത്ര പവാർ എൻസിപി ദേശീയ പ്രസിഡന്റ് : ബാരാമതി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കും

മുംബൈ: മുൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അന്തരിച്ച അജിത്പവാറിൻ്റെ ഭാര്യയും സംസ്‌ഥാന ഉപമുഖ്യമന്ത്രിയുമായ സുനേത്ര പവാറിനെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപി) ദേശീയ പ്രസിഡന്റായി തിരഞ്ഞെടുത്തു. പാർട്ടി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.വിമാനാപകടത്തിൽ ദാരുണമായി മരിക്കുന്നതുവരെ ആ സ്ഥാനത്ത് തുടർന്നിരുന്നത് അജിത് പവാറായിരുന്നു.
.പാർട്ടി എംഎൽഎമാരുടെയും മുതിർന്ന നേതാക്കളുടെയും ഏകകണ്ഠമായ തീരുമാനത്തെ തുടർന്നാണ് സുനേത്ര പവാർ പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്.ദേശീയ കൺവെൻഷനിൽ പാർട്ടി നേതാക്കളെയും പ്രതിനിധികളെയും അഭിസംബോധന ചെയ്തുകൊണ്ട് മുതിർന്ന എൻസിപി നേതാവ് പ്രഫുൽ പട്ടേൽ വികാരഭരിതമായ ഒരു പ്രസംഗം നടത്തി, മുന്നോട്ടുള്ള വഴിയിൽ പാർട്ടി നേതാക്കൾക്കിടയിൽ പൂർണ്ണ വ്യക്തതയും ഐക്യവും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.അജിത് പവാർ എട്ട് തവണ പ്രതിനിധീകരിച്ച സീറ്റായ ബാരാമതിയിൽ നിന്നും സുനേത്ര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കും .
വിഎസ്ആർ വെഞ്ചേഴ്‌സ് കമ്പനിക്കെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യണമെന്നാവശ്യം
വിമാനാപകടത്തെ തുടർന്ന് അജിത് പവാർ കൊല്ലപ്പെട്ട സംഭവത്തിൽ വിഎസ്ആർ വെഞ്ചേഴ്‌സ് കമ്പനിക്കെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് അജിത്ത് പവാറിൻ്റെ കുടംബം. എൻസിപി (എസ്‌പി) എംഎൽഎ രോഹിത് പവാറും സഹോദരൻ യുഗേന്ദ്ര പവാറും ബാരാമതി പൊലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. അജിത് പവാറിൻ്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ കുറ്റക്കാർക്കെതിരെയും വിമാനക്കമ്പനിക്കെതിരെയും എഫ്ഐആർ രജിസ്‌റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.
വിഎസ്ആർ വെഞ്ചേഴ്‌സിനും അതിൻ്റെ ഡയറക്‌ടർമാർക്കുമെതിരെ മുംബൈയിലെ മറൈൻ ഡ്രൈവ് പൊലീസ് സ്‌റ്റേഷനിൽ എംഎൽഎ രോഹിത് പവാർ സമാനമായ പരാതി നൽകിയതിന് ഒരു ദിവസത്തിന് ശേഷമാണ് ഈ നടപടി. അജിത് പവാറിന് നീതി ആവശ്യപ്പെട്ട് പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി നിരവധിപ്പേരാണ് ബാരാമതി പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തിയത്.പിന്നാലെ രേഖാമൂലം സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. വിമാനാപകടം സംബന്ധിച്ച് അന്വേഷണ സംഘം (എഎഐബി) ഇതുവരെ പ്രാഥമിക റിപ്പോർട്ട് നൽകിയിട്ടില്ലെന്നും പരാതിയിൽ ഉന്നയിച്ചു. ഉപമുഖ്യമന്ത്രി അജിത് പവാറും മറ്റ് നാല് പേരും സഞ്ചരിച്ചിരുന്ന പൂനെ ജില്ലയിലെ ബാരാമതിയിൽ തകർന്നുവീണ ലിയർജെറ്റ്-45 വിമാനം പ്രവർത്തിപ്പിച്ചത് വിഎസ്ആർ വെഞ്ചേഴ്‌സായിരുന്നുവെന്ന് വീണ്ടും പ്രതിഷേധക്കാര്‍ പറഞ്ഞു.
"അജിത് പവാർ കൊല്ലപ്പെട്ട സംഭവത്തിൽ വിഎസ്ആർ വെഞ്ചേഴ്‌സിനെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യണം. ഈ പോരാട്ടത്തിൽ പിന്തുണയുമായി ഞങ്ങൾ ഇവിടെയുണ്ട്. അജിത് ദാദയ്ക്ക് നീതി ലഭിക്കണമെന്നും അപകടത്തെക്കുറിച്ചുള്ള അന്വേഷണം വേഗത്തിലാക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നുവെന്ന്" രോഹിത് പവാറിൻ്റെ സഹോദരൻ യുഗേന്ദ്ര പവാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിഎസ്ആർ വെഞ്ചേഴ്‌സിൻ്റെ ഭാഗത്ത് നിന്നുള്ള കുറ്റകരമായ അനാസ്ഥ ഡിജിസിഎ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന് യുഗേന്ദ്ര പവാർ അവകാശപ്പെട്ടു. കുറ്റം തെളിയിക്കപ്പെട്ടാൽ കമ്പനിക്കെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.