സംസ്ഥാനത്തെ ആദ്യവനിതാ ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ : സത്യപ്രതിജ്ഞ നാളെ

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവും അജിത് പവാറിൻ്റെ ഭാര്യയുമായ സുനേത്ര പവാർ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ജന്മനാടായ ബാരാമതിയിലുണ്ടായ വിമാനാപകടത്തിൽ 66 കാരനായ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രി അജിത്പവാർ മരണപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് ആ സ്ഥാനത്തേക്ക് അദ്ദേഹത്തിൻ്റെ സഹധർമ്മിണിയെ തെരഞ്ഞെടുക്കുന്നത്.നാളെ ഉച്ചയ്ക്ക് 2 മണിക്ക് മുംബൈയിലെ വിധാൻ ഭവനിൽ വെച്ച് പാർട്ടി നിയമസഭാ കക്ഷി യോഗം ചേർന്ന് അവരുടെ പേര് അന്തിമമാക്കും. തുടർന്ന് വൈകുന്നേരം സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. സത്യപ്രതിജ്ഞ ചെയ്യുന്നതോടെ അവർ സംസ്ഥാനത്തെ ആദ്യത്തെ വനിതാ ഉപമുഖ്യമന്ത്രിയാകും. അജിത്പവാറിൻ്റെ പദവിയിലേയ്ക്ക് ഏറ്റവും അനുയോജ്യ ആയിട്ടുള്ളത് സുനേത്ര പവാറാണെന്ന് മന്ത്രി ഛഗൻ ഭുജ്ബൽ നിർദ്ദേശിച്ചിരുന്നു. "സുനേത്ര പവാറിന് ഈ ഉത്തരവാദിത്തം നൽകണമെന്ന് പലരും ആഗ്രഹിക്കുന്നു നിലവിൽ ഒഴിവുള്ള ഉപമുഖ്യമന്ത്രി സ്ഥാനം സുനേത്ര ജിക്ക് നികത്താൻ കഴിയും... നാളത്തെ യോഗം പ്രധാനമായും നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിനാണ്." ഭുജ്‌പാൽ പറഞ്ഞു.
സുനേത്ര പവാർ നിലവിൽ രാജ്യസഭാ എംപിയാണ്.അവരുടെ നിയമനത്തിൽ പാർട്ടിക്കുള്ളിൽ എതിർപ്പില്ലെന്ന് എൻസിപി വർക്കിംഗ് പ്രസിഡന്റ് പ്രഫുൽ പട്ടേലും പറഞ്ഞു.അതേസമയം, എൻസിപിയുടെ ആഭ്യന്തര തീരുമാനത്തെ സർക്കാർ ബഹുമാനിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. "തീരുമാനം എൻസിപി എടുക്കും, ഞങ്ങൾ അതിനൊപ്പം നിൽക്കും പവാർ കുടുംബത്തിലെ ആരായാലും സർക്കാരും ബിജെപിയും അവരോടൊപ്പം ശക്തമായി നിലകൊള്ളുന്നു," ഫഡ്‌നാവിസ് പറഞ്ഞു.