സുപ്രീം കോടതി മന്ദിരത്തിൽ ദേശീയ ചിഹ്നം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തീർപ്പാക്കി

സുപ്രീം കോടതി മന്ദിരത്തിൽ ദേശീയ ചിഹ്നം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തീർപ്പാക്കി

ന്യൂഡല്‍ഹി: സുപ്രീം കോടതി മന്ദിരത്തിന്‍റെ പ്രധാന താഴികക്കുടത്തിൽ ദേശീയ ചിഹ്നം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തീർപ്പാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മാല്യ ബാഗ്‌ചി, ജസ്റ്റിസ് വിപുൽ പാഞ്ചോലി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വിഷയം കോടതിയുടെ ഭരണപരമായ  തലത്തിൽ പരിശോധിക്കുമെന്ന് വ്യക്തമാക്കി ഹർജി തീർപ്പാക്കിയത്.

സുപ്രീം കോടതിക്കായി പുതിയ മന്ദിരം നിർമ്മിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും ഈ സാഹചര്യത്തിൽ വിഷയം ഗൗരവമായി പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. നിലവിലെ മന്ദിരത്തിന്‍റെ കാര്യത്തിലും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കോടതി ഉറപ്പുനൽകി. ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ച് ജുഡീഷ്യൽ ഹർജികൾ ഫയൽ ചെയ്യുന്നതിന് പകരം ഭരണപരമായ തലത്തിൽ ചീഫ് ജസ്റ്റിസിന് കത്തയക്കുകയാണ് വേണ്ടതെന്ന് കോടതി നിർദ്ദേശിച്ചു. ബദർവാദ വേണുഗോപാൽ  എന്ന വ്യക്തിയാണ് ഹർജിനൽകിയത്.

കോടതിയുടെ ഭരണപരമായ വിഭാഗം ഈ വിഷയം പരിശോധിക്കണമെന്നും സുപ്രീം കോടതി സെക്രട്ടറി ജനറൽ ഇത് സംബന്ധിച്ച കുറിപ്പ് ബന്ധപ്പെട്ട അധികൃതർക്ക് മുൻപാകെ സമർപ്പിക്കണമെന്നും ബെഞ്ച് നിർദ്ദേശിച്ചു. സുപ്രീം കോടതിയുടെ പ്രധാന വാസ്തുവിദ്യാ സവിശേഷതയായ താഴികക്കുടത്തിന് മുകളിൽ ദേശീയ ചിഹ്നം പ്രദർശിപ്പിക്കാൻ കേന്ദ്ര സർക്കാരിനും സുപ്രീം കോടതി രജിസ്ട്രാർക്കും നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബദർവാദ വേണുഗോപാൽ ഹർജി നൽകിയത്.നേരത്തെ 2025 മെയ് മാസത്തിൽ ഇതേ ആവശ്യവുമായി ഹർജിക്കാരൻ ചീഫ് ജസ്റ്റിസിന്‍റെ ഓഫീസിനെ സമീപിച്ചിരുന്നു. എന്നാൽ സുപ്രീം കോടതി സ്വന്തം ചിഹ്നമാണ് ഉപയോഗിക്കുന്നതെന്ന മറുപടിയാണ് അന്ന് ലഭിച്ചത്. തന്‍റെ കാലാവധിക്ക് മുൻപുള്ള ഉത്തരവുകളുടെ അടിസ്ഥാനത്തിലാവാം അത്തരം മറുപടി നൽകിയതെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ്, പുതിയ സാഹചര്യത്തിൽ എന്തുചെയ്യാനാകുമെന്ന് പരിശോധിക്കുമെന്ന് അറിയിച്ചു.

അതേസമയം നിർമ്മാണത്തിലിരിക്കുന്ന പുതിയ കെട്ടിട സമുച്ചയം അത്തരം വാസ്‌തു വിദ്യാപരവും പ്രതീകാത്‌മകവുമായ ആവശ്യങ്ങൾ നിറവേറ്റുമെന്ന് വാദം കേൾക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് അറിയിച്ചു. ഈ ഹർജി കേവലം ഒരു നിയമപരമായ ആവശ്യം എന്നതിലുപരി ഭരണപരമായ വിഷയമായി കണക്കാക്കിയാണ് കോടതി തള്ളിയത്.ഭരണഘടനയുടെ അന്തസ്സത്തയ്ക്കും 2005-ലെ സ്റ്റേറ്റ് എംബ്ലം ഓഫ് ഇന്ത്യ (ദുരുപയോഗം തടയൽ) നിയമത്തിനും 2007-ലെ ചട്ടങ്ങൾക്കും അനുസൃതമായി ദേശീയ ചിഹ്നം കോടതിയുടെ വാസ്തുവിദ്യയുടെ ഭാഗമാക്കണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. ഇതിനായി നിലവിലെ വാസ്തുവിദ്യയിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെങ്കിൽ അതിനുള്ള സാങ്കേതിക നടപടികൾ സ്വീകരിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.