രാജ്യത്ത് ഓരോ എട്ടു മിനിറ്റിലും ഒരു കുട്ടിയെ വീതം കാണാതാകുന്നുവെന്ന റിപ്പോര്‍ട്ടില്‍ ആശങ്കയറിയിച്ച് സുപ്രീംകോടതി

രാജ്യത്ത് ഓരോ എട്ടു മിനിറ്റിലും ഒരു കുട്ടിയെ വീതം കാണാതാകുന്നുവെന്ന റിപ്പോര്‍ട്ടില്‍ ആശങ്കയറിയിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്ത് ഓരോ എട്ടു മിനിറ്റിലും ഒരു കുട്ടിയെ വീതം കാണാതാകുന്നുവെന്ന റിപ്പോര്‍ട്ടില്‍ ആശങ്കയറിയിച്ച് സുപ്രീംകോടതി. ഇത് ഗുരുതരമായ പ്രശ്‌നമാണെന്ന് ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. രാജ്യത്ത് ദത്തെടുക്കല്‍ സങ്കീര്‍ണമാണെന്നും അതു കാര്യക്ഷമമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.''രാജ്യത്ത് ഓരോ എട്ടു മിനിറ്റിലും ഒരു കുട്ടിയെ കാണാതാകുന്നതായി ഒരു പത്രത്തില്‍ ഞാന്‍ വായിച്ചു. ഇത് ഗുരുതരമായ പ്രശ്‌നമാണ്'' ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു. ദത്തെടുക്കല്‍ പ്രക്രിയ കൃത്യമായി പാലിക്കപ്പെടാതിരിക്കാന്‍ സാധ്യതയുണ്ടെന്നും കുട്ടികളെ ലഭിക്കാന്‍ ആളുകള്‍ നിയമവിരുദ്ധ മാര്‍ഗങ്ങള്‍ തേടുന്നുവെന്നും കോടതി നിരീക്ഷിച്ചു. ഗുരിയ സ്വയം സേവി സന്‍സ്ഥാന്‍ എന്ന സന്നദ്ധ സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്.കുട്ടികളെ കാണാതാകുന്ന കേസുകള്‍ക്കായി നോഡല്‍ ഓഫീസറെ നിയമിക്കാന്‍ ആറാഴ്ച വേണമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി ആവശ്യപ്പെട്ടു. എന്നാല്‍ കോടതി അനുമതി നല്‍കിയില്ല. ഡിസംബര്‍ ഒമ്പതിനകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കാണാതാകുന്ന കുട്ടികളെ കണ്ടെത്താനുള്ള ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കിടയിലെ ഏകോപനമില്ലായ്മയെ കോടതി വിമർശിക്കുകയും ചെയ്തിരുന്നു.