''കടിക്കാതിരിക്കാന്‍ നായകള്‍ക്ക് കൗണ്‍സിലിങ് നൽകാം''; തെരുവ് നായ വിഷയത്തിൽ പരിഹാസവുമായി സുപ്രീം കോടതി

''കടിക്കാതിരിക്കാന്‍ നായകള്‍ക്ക് കൗണ്‍സിലിങ് നൽകാം''; തെരുവ് നായ വിഷയത്തിൽ  പരിഹാസവുമായി സുപ്രീം കോടതി

ന്യൂഡൽഹി: തെരുവ് നായ ശല്യത്തിൽ പരിഹാസവുമായി സുപ്രീം കോടതി. മനുഷ്യരെ കടിക്കരുതെന്ന് നായകൾക്ക് ഉപദേശം നൽകാമെന്നും മൃഗങ്ങളുടെ മനസ് വായിക്കാൻ കഴിയില്ലെന്നും കോടതിയുടെ വിമർശനം. തെരുവ് നായ്ക്കളുടെ കേസ് പരിഗണിക്കുന്നതിനിടെയാണ് മൃഗസ്‌നേഹികളെ രൂക്ഷ ഭാഷയിൽ കോടതി വിമർശിച്ചത്.കടിക്കാതിരിക്കാന്‍ നായകള്‍ക്ക് കൗണ്‍സിലിങ് ചെയ്യാന്‍ മാത്രമേ ബാക്കിയുള്ളൂവെന്നും മൃഗങ്ങളുടെ മനസ് വായിക്കാൻ കഴിയില്ലെന്നും കോടതി വിമർശിച്ചു. രാജ്യത്തെ തെരുവുനായ പ്രശ്‌നത്തിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലായിരുന്നു വാദം. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻവി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

നായകൾ കടിക്കുന്നത് മാത്രമല്ല പ്രശ്‌നമെന്നും, നായകൾ വഴിയാത്രക്കാരെയും ഇരുചക്രവാഹനത്തിലോ സൈക്കിളിലോ സഞ്ചരിക്കുന്നവരെയും പിന്തുടരുന്നതും പ്രശ്‌നമാണെന്ന് ജസ്റ്റിസ് വിക്രംനാഥ് നിരീക്ഷിച്ചു. കേസിൽ ഒരു കക്ഷിയെ പ്രതിനിധീകരിച്ച് സംസാരിച്ച കപിൽ സിബൽ, എല്ലാ നായ്ക്കളും കടിക്കുന്നില്ലെന്നും അത് തിരിച്ചറിയേണ്ടത് അത്യാവശ്യമാണെന്നും വാദിച്ചിരുന്നു. ഇതോടെയാണ് കോടതി പരിഹാസ രൂപേണ വിമർശനം ഉന്നയിച്ചത്."രാവിലെ ഏത് നായ ഏത് മാനസികാവസ്ഥയിലാണെന്ന് നിങ്ങൾക്ക് എങ്ങനെ തിരിച്ചറിയാൻ കഴിയും'' എന്ന് ജസ്റ്റിസ് വിക്രം നാഥ് ആരാഞ്ഞു. എന്നാൽ എല്ലാ നായകൾക്കും അഭയം നൽകുന്നതാണോ പരിഹാരം എന്ന് കപിൽ സിബൽ കോടതിക്ക് മുൻപാകെ ചോദിച്ചു.നായകൾ കോമ്പൗണ്ടുകളിലാണ് താമസിക്കുന്നത്. "ഞാൻ ഒരു സർവകലാശാലയിൽ പഠിച്ചിരുന്ന സമയം അവിടെ നിരവധി നായകൾ ഉണ്ടായിരുന്നു. ആരും എന്നെ കടിച്ചിട്ടില്ല" എന്നും കപിൽ സിബൽ കോടതിയിൽ വിശദീകരിച്ചു. ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (ജെഎൻയു) നിരവധി നായ്ക്കൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഗൗരവമുള്ള വിഷയമാണിതെന്ന് പറഞ്ഞുകൊണ്ട് ജസ്റ്റിസ് സന്ദീപ്മേത്ത കപിൽ സിബലിൻ്റെ വാദത്തെ വിമർശിച്ചു. "നിങ്ങളുടെ വിവരങ്ങൾ കാലഹരണപ്പെട്ടതാണ്. ബെംഗളൂരുവിലെ നാഷണൽ ലോ സ്‌കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റിയിൽ നിരവധി നായആക്രമണങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്" എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നായ്ക്കളെ നീക്കം ചെയ്‌ത് വെടിവയ്ക്കണമെന്ന് ആരും പറയുന്നില്ലെന്നും, നായ്ക്കളുടെ കടിയേറ്റ സംഭവങ്ങൾ തടയാൻ നടപടി ഉണ്ടാകണമെന്നും ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു.

എന്നാൽ പ്രശ്‌നം പരിഹരിക്കാൻ ഒരു ശാസ്ത്രീയ രീതി സ്വീകരിക്കണമെന്ന് കപിൽ സിബൽ വാദിച്ചു. എല്ലാ നായകൾക്കും അഭയം നൽകുന്നത് പരിഹാരമല്ലെന്നും അദ്ദേഹം വാദിച്ചു. നായ്ക്കളുടെ കടിയേറ്റാൽ അവയെ നിയന്ത്രിക്കുന്നതിനും അക്രമികളായ നായകളുടെ പുനരധിവാസത്തിനുമുള്ള നിർദേശങ്ങളും കപിൽ സിബൽ മുന്നോട്ടുവച്ചു.കടിയേറ്റാൽ പേവിഷബാധയുണ്ടാകുന്നതിനെക്കുറിച്ചുള്ള ഒരു മാധ്യമ റിപ്പോർട്ടിനെത്തുടർന്ന് 2025 ജൂലൈ 28ന് സുപ്രീം കോടതി സ്വമേധയാ ആരംഭിച്ച കേസ് പരിഗണിക്കുകയായിരുന്നു. തെരുവ് നായ്ക്കളുടെ കേസിൻ്റെ വ്യാപ്‌തി ഡൽഹി-ദേശിയ തലസ്ഥാന മേഖലയുടെ പരിധിക്കപ്പുറത്തേക്ക് വ്യാപിപ്പിക്കുകയും എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ഈ വിഷയത്തിൽ കക്ഷികളാക്കണമെന്ന് നിർദേശിക്കുകയും ചെയ്‌തിരുന്നു. സുപ്രീം കോടതി കേസ് നാളത്തേക്ക് മാറ്റിവച്ചു. 2026 ജനുവരി എട്ടിന് വീണ്ടും വാദം കേൾക്കൽ തുടരും.