അഹമ്മദാബാദ് വിമാനാപകടം : ദുരന്തത്തിന്‍റെ കുറ്റം വൈമാനികന് മേല്‍ കെട്ടി വയ്ക്കേണ്ടതില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ തകര്‍ന്ന് വീണ ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന്‍റെ ദുരന്തത്തിന്‍റെ കുറ്റം വൈമാനികന് മേല്‍ കെട്ടി വയ്ക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. ലണ്ടനിലേക്കുള്ള വിമാനമാണ് ഇക്കഴിഞ്ഞ ജൂണില്‍ അഹമ്മദാബാദില്‍ തകര്‍ന്ന് വീണത്. 260 ജീവനുകളാണ് ദുരന്തത്തില്‍ പൊലിഞ്ഞത്. ദുരന്തത്തിന്‍റെ കാരണം എന്തും ആയിക്കൊള്ളട്ടെ എന്ന് പറഞ്ഞ പരമോന്നത കോടതി പക്ഷേ വൈമാനികനല്ല അതിന് കാരണമെന്നും നിരീക്ഷിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്‌ചി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ദുരന്തത്തിനിരയായ വിമാനത്തിന്‍റെ വൈമാനികനായിരുന്ന സുമീത് സഭര്‍വാളിന്‍റെ പിതാവ് പുഷ്‌കര്‍ രാജ് സഭര്‍വാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചത്. ജുഡീഷ്യല്‍ സമിതി സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം ഹര്‍ജി സമര്‍പ്പിച്ചത്. പരമോന്നത കോടതിയിലെ മുന്‍ജഡ്‌ജി അന്വേഷണത്തിന് നേതൃത്വം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിനെ ഹര്‍ജിയില്‍ അപലപിക്കുന്നുണ്ട്. ഇത് അടിമുടി ദുരൂഹമാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. അന്വേഷണ സംഘം സമഗ്രമായ ഒരു സാങ്കേതിക അന്വേഷണം നടത്തിയിട്ടില്ല. മരിച്ചു പോയ വൈമാനികരുടെ തലയില്‍ മുഴുവന്‍ കുറ്റവും കെട്ടിവയ്ക്കാനാണ് ഈ അന്വേഷണത്തിന്‍റെ ശ്രമം. ഇവര്‍ക്ക് സ്വയം നേരിട്ടെത്തി പ്രതിരോധിക്കാനാകില്ലല്ലോ എന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.
ദുരന്തത്തിന് മറ്റെന്തെങ്കിലും സാങ്കേതിക കാരണങ്ങളോ നടപടിക്രമങ്ങളിലെ പ്രശ്‌നങ്ങളോ ഉണ്ടായോ എന്ന് അന്വേഷണ സംഘം പരിശോധിച്ചിട്ടില്ലെന്നും സഭര്‍വാളും ഇന്ത്യന്‍ പൈലറ്റ്‌സ് ഫെഡറേഷനും നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഭൗതിക വസ്‌തുതകള്‍ പരിശോധിക്കാതെ അപൂര്‍ണമായ ഒരു റിപ്പോര്‍ട്ട് നല്‍കി അന്വേഷണ സംഘം എല്ലാം അവസാനിപ്പിച്ചിരിക്കുന്നു. എല്ലാം വൈമാനികന്‍റെ കുറ്റമാണെന്ന് ധൃതിപിടിച്ച് വരുത്തി തീര്‍ക്കുന്ന ഒരു റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കപ്പെട്ടത്. നിര്‍ണായകമായ പല കാര്യങ്ങളും അന്വേഷണ സംഘം പരിശോധിച്ചിട്ടില്ല. അന്തരിച്ച വിമാന ജീവനക്കാരുടെ സ്‌മരണകള്‍ക്ക് മേല്‍ പോലും കരിനിഴല്‍ വീഴ്‌ത്തുന്ന റിപ്പോര്‍ട്ടാണിത്.പല ഗുരുതര സാങ്കേതിക പ്രശ്‌നങ്ങളും ഈ റിപ്പോര്‍ട്ടിനുണ്ട്. ഇവരെത്തിയിട്ടുള്ള നിഗമനം സത്യസന്ധമല്ല. റാം എയര്‍ ടര്‍ബന്‍ അഥവാ റാറ്റിന്‍റെ ഉപയോഗം അന്വേഷണ സംഘം തീര്‍ത്തും തള്ളിയിരിക്കുന്നു. ബോയിങ് കോമണ്‍ കോര്‍ സംവിധാനത്തിന്‍റെ നിര്‍ണായക വീഴ്‌ചകളെക്കുറിച്ച് പരിഗണിച്ചിട്ടില്ല. സുരക്ഷാ -ഡേറ്റ സംവിധാനങ്ങളുടെ തുടര്‍ച്ചയായ പരാജയം വിശദീകരിച്ചിട്ടില്ല. ഇത്തരം വസ്‌തുതകള്‍ ദുരന്തത്തിന് കാരണം മാനുഷികമായ പിഴവിനുമപ്പുറം ഇലക്‌ട്രിക്കല്‍ പ്രശ്‌നമാണെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
എയര്‍ ക്രാഫ്റ്റ് 9 അപകട അന്വേഷണ നിയമത്തിലെ പന്ത്രണ്ടാം ചട്ടപ്രകാരം ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.ഇന്ന് നടന്ന വാദത്തില്‍ ഹര്‍ജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ ഹാജരായി. നിഷ്‌പക്ഷ അന്വേഷണം വേണമെന്ന് അദ്ദേഹം വാദിച്ചു. ഇപ്പോള്‍ എഎഐബിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണം സ്വതന്ത്രമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദുരന്തവും അദ്ദേഹത്തിന് മകനെ നഷ്‌ടമായതും അത്യന്തം നിര്‍ഭാഗ്യകരമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ ഇതിന്‍റെ പാപഭാരം അദ്ദേഹം ചുമക്കേണ്ടതില്ല. ആര്‍ക്കും അദ്ദേഹത്തെ കുറ്റപ്പെടുത്താന്‍ യാതൊരു അവകാശവുമില്ലെന്നും കോടതി വ്യക്തമാക്കി.
വാള്‍സ്‌ട്രീറ്റ് ജേര്‍ണലിലെ ഒരു ലേഖനത്തില്‍ വൈമാനികനെ കുറ്റപ്പെടുത്തുന്നതായി ശങ്കരനാരായണ കോടതിയെ ബോധിപ്പിച്ചു. നമുക്ക് വിദേശത്തെ ഒരു മാധ്യമത്തിനെതിരെ നടപടിയെടുക്കാനാകില്ലെന്ന് ജസ്റ്റിസ് ബാഗ്‌ചി ഇതിന് മറുപടി നല്‍കി.വാള്‍ സ്‌ട്രീറ്റ് ജേര്‍ണലിനെതിരെ അമേരിക്കന്‍ കോടതിയില്‍ പരാതി നല്‍കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇന്ത്യന്‍ അധികൃതരെ ഉദ്ധരിച്ചാണ് വാള്‍ സ്‌ട്രീറ്റ് ജേര്‍ണല്‍ ലേഖനമെഴുതിയിരിക്കുന്നതെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഒരു വിദേശ മാധ്യമം ആരുടെയെങ്കിലും തെറ്റായ പരാമര്‍ശം ചേര്‍ക്കുന്നത് വിഷയമല്ലെന്നും ജസ്റ്റിസ് ബാഗ്‌ചി മറുപടി നല്‍കി.91 വയസുള്ള തന്‍റെ കക്ഷിയോട് മകന്‍ എന്നാണ് വിവാഹമോചനം നേടിയതെന്ന് ചോദിക്കാനായി അന്വേഷണ സംഘം രണ്ട് ഉദ്യോഗസ്ഥരെ ഓഗസ്റ്റ് മൂന്നിന് അയച്ചിരുന്നു. പതിനഞ്ച് വര്‍ഷം മുമ്പാണെന്ന് അദ്ദേഹം മറുപടി നല്‍കി. അന്ന് മുതല്‍ ഇന്ന് വരെ കൊണ്ടു നടന്ന വിഷാദം മൂലമാണ് ഇപ്പോള്‍ ആത്മഹത്യ ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. തന്‍റെ ഭാര്യ എന്നാണ് മരിച്ചതെന്നും സംഘം ചോദിച്ചു. മൂന്ന് വര്‍ഷമായെന്ന് മറുപടി നല്‍കി. ഇതും മകന്‍റെ വിഷാദത്തിന് കാരണായി അവര്‍ എഴുതി ചേര്‍ത്തു.ഇന്ത്യ ഒരു ചെറിയ രാജ്യമല്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് കാന്ത് രാജ്യത്ത് 142 കോടി ജനങ്ങളുണ്ടെന്നും അവരാരും വൈമാനികരുടെ പിഴവ് മൂലമാണ് അപകടമുണ്ടായതെന്ന് കരുതുന്നില്ലെന്നും പറഞ്ഞു. തന്‍റെ കക്ഷിയുടെ മകനും ചെറുമകനും വൈമാനികരാണ്. അവര്‍ രാജ്യത്തിന് വേണ്ടി സേവനം അനുഷ്‌ഠിക്കുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ അത് കൊണ്ട് തന്നെ ശരിയല്ലെന്നും അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.
കോടതി കേന്ദ്ര സര്‍ക്കാരിനോട് വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം സമാനമായ സംഭവം പരിഗണിക്കുന്ന ഈ മാസം പത്തിന് വീണ്ടും പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.