സൂരജ് ലാമയെ കാണാതായ സംഭവം: പ്രത്യേക അന്യേഷണ സംഘം രൂപീകരിക്കണമെന്ന് ഹൈക്കോടതി

സൂരജ് ലാമയെ കാണാതായ സംഭവം:  പ്രത്യേക അന്യേഷണ സംഘം രൂപീകരിക്കണമെന്ന് ഹൈക്കോടതി

എറണാകുളം: ബംഗ്ലൂരു സ്വദേശിയായ സൂരജ് ലാമയെ കാണാതായ സംഭവത്തിൽ ഡിസിപി റാങ്കിൽ കുറയാത്ത ഓഫിസറുടെ  കീഴിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക്  കോടതി നിർദേശം . മകൻ സന്ദൻ ലാമ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ. ലാമയെ എത്രയും വേഗം കണ്ടെത്തിയേ മതിയാകൂ എന്നും കോടതി ഉത്തരവിട്ടു. സൂരജ് ലാമയെ  കുവൈറ്റിലെ വിഷമദ്യ ദുരന്തത്തിൽ  ഓർമ നഷ്ടപ്പെട്ടതിനെ തുടർന്ന് ഇന്ത്യയിലേക്ക് നാടുകടത്തുകയായിരുന്നു.  താമസ്ഥലമായ ബംഗ്ലൂരുവിനു പകരം കൊച്ചിയിലേക്കുള്ള വിമാനത്തിലായിരുന്നു അധികൃതർ മാറി കയറ്റി വിട്ടത്. ഒക്ടോബർ 5ന് കൊച്ചിയിലെത്തിയ ലാമ വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങി ബസിൽ കയറുകയും തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. മദ്യത്തിൽ നിന്നുള്ള വിഷബാധ കാരണം സംസാര വൈകല്യവും ഓർമക്കുറവും ലാമയ്ക്ക് ഉണ്ടായിരുന്നു. കുവൈത്തിൽ ദീർഘകാലമായി ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം.മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മിനിറ്റുകൾക്കകം ആരുടെയും ശ്രദ്ധയിൽപ്പെടാതെ ലാമ അവിടുന്ന് കാണാതായി എന്നാണ് വിവരം. കൊച്ചിയിലേക്ക് ലാമയെ അയച്ച വിവരം മനസ്സിലാക്കിയ കുടുംബം ഒക്ടോബർ 8ന് കൊച്ചി വിമാനത്താവള പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ആലുവ മെട്രോ സ്റ്റേഷനിലും പിന്നീട് തൃക്കാക്കരയ്ക്കു സമീപവും ഒക്ടോബർ 15ന് കളമശ്ശേരിക്ക് സമീപവും പിതാവിനെ കണ്ടതായി ഓട്ടോ ഡ്രൈവർ ഉൾപ്പടെയുള്ളവർ അവകാശപ്പെട്ടെന്ന് മകൻ സന്ദൻ ലാമ അറിയിച്ചു. ഈ വിവരങ്ങൾ നൽകി അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.കേസിൻ്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തരമായി നടപടിയെടുക്കാൻ ഹൈക്കോടതി പൊലീസിന് നിർദേശം നൽകുകയായിരുന്നു. ഒരു വിദേശ രാജ്യത്ത് വിഷമദ്യ ദുരന്തത്തെത്തുടർന്ന് ഓർമ നഷ്ടപ്പെട്ടയാൾ നാട്ടിൽ തിരിച്ചെത്തിയശേഷം കാണാതാകുന്നത് അതീവ ഗുരുതരമായ വിഷയമാണെന്ന് കേസ് പരിഗണിച്ച ബഞ്ച് നിരീക്ഷിച്ചു. ഡിസിപി റാങ്കിലുള്ള ഓഫിസർ നേരിട്ട് മേൽനോട്ടം വഹിക്കുമ്പോൾ അന്വേഷണത്തിന് വേഗതയും കാര്യക്ഷമതയും ലഭിക്കുമെന്നാണ് കോടതി വിലയിരുത്തിയത്.തുടർന്നുള്ള ദിവസങ്ങളിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്.