സൂരജ് ലാമയുടെ ദുരൂഹ മരണം : പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ കോടതിയുടെ ഉത്തരവ്

സൂരജ് ലാമയുടെ ദുരൂഹ മരണം :  പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ കോടതിയുടെ  ഉത്തരവ്

എറണാകുളം: സൂരജ് ലാമയുടെ ദുരൂഹ മരണത്തിൽ നിർണായക നീക്കവുമായി ഹൈക്കോടതി. കുവൈറ്റ് മദ്യദുരന്തത്തിന് പിന്നാലെ നാടുകടത്തപ്പെട്ട് കൊച്ചിയിലെത്തുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ കോടതി ഉത്തരവിട്ടു. ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ സംഘത്തിന് നേതൃത്വം നൽകണം.പൊലീസ് സമർപ്പിച്ച പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണകാരണം വ്യക്തമല്ലെന്നും, അതിനാൽ കൊലപാതക സാധ്യതയടക്കം വിശദമായി അന്വേഷിക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഉൾപ്പെട്ട സിംഗിൾ ബെഞ്ച് നിർദേശിച്ചു. മൂന്നാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതിയുടെ കർശന നിർദേശം.

ലാമ ഇന്ത്യയിൽ എത്തിയത് മുതൽ മരണം വരെയുള്ള കാര്യങ്ങളാണ് അന്വേഷിക്കേണ്ടത്. പൊലീസ് ഹാജരാക്കിയ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ മരണകാരണം വ്യക്തമല്ലെന്നും കൊലപാതക സാധ്യതയും അന്വേഷിക്കാമെന്നും സിംഗിൾ ബഞ്ച് ഉത്തരവിട്ടു.ഡിഎൻഎ പരിശോധനയിലായിരുന്നു കളമശ്ശേരിയിൽ അഴുകിയ നിലയിൽ കണ്ടെത്തിയത് സൂരജ് ലാമയുടെ മൃതദേഹം ആണെന്ന് തിരിച്ചറിഞ്ഞത്. മദ്യദുരന്തത്തിന് പിന്നാലെ ഓർമശക്തി നഷ്ടമായ സൂരജ് ലാമയെ തേടി കുടുംബം കേരളത്തിലെത്തിയപ്പോഴാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. കേസ് അന്വേഷണത്തിൽ വീഴ്ചവരുത്തിയതിന് നേരത്തെ നെടുമ്പാശ്ശേരി എസ്എച്ച്ഒയെ കോടതി വിളിച്ച് വരുത്തിയിരുന്നു.

സൂരജ് ലാമയുടെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പൊലീസിനെ രൂക്ഷമായ ഭാഷയിലാണ് ഹൈക്കോടതി വിമർശിച്ചത്. ലാമയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് എവിടെയെന്നും മരണം കൊലപാതകമാകാനുള്ള സാധ്യത എങ്ങനെ തള്ളിക്കളയുമെന്നും ചോദിച്ച കോടതി ഇതൊക്കെ ലോകം കാണുന്നുണ്ടെന്ന് മനസിലാക്കണമെന്നും പൊലീസിനെ ഓർമിപ്പിച്ചു.പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഹാജരാക്കാൻ നിർദേശിച്ചിട്ടും അത് കോടതിയിൽ എത്തിക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്. ഇത്രയും നാളായിട്ടും ഒരു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പോലും ഇല്ലേ എന്നാണ് ഹൈക്കോടതി ചോദിച്ചത്. ലാമ എങ്ങനെ മരിച്ചു എന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ലെന്നും അതൊരു കൊലപാതകമായിക്കൂടേ എന്നും കോടതി ചോദിച്ചു. കേസിൻ്റെ തുടക്കം മുതൽ ലാമയുടെ മരണം വരെ പൊലീസിന് ഉണ്ടായ വീഴ്ചകൾ കോടതി എണ്ണിപ്പറന്നെങ്കിലും അതൊന്നും കേട്ടഭാവം നടിക്കുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി. ഈ വാർത്ത കേൾക്കുമ്പോൾ തന്നെ സംസ്ഥാനത്തുള്ളവർക്ക് ലജ്ജ തോന്നുന്ന തരത്തിലാണ് കാര്യങ്ങൾ പുരോഗമിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.കുവൈറ്റ് വിഷമദ്യ ദുരന്തത്തിൽ ഓർമ നഷ്ടപ്പെട്ട സൂരജ് ലാമയെ ബെംഗളൂരുവിനു പകരം കൊച്ചിയിലേക്ക് അധികൃതർ വിമാനത്തിൽ കയറ്റി വിട്ടു. ഒക്ടോബർ 5ന് കൊച്ചിയിലെത്തിയ ലാമ വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങി ബസിൽ കയറുകയും തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. മദ്യത്തിൽ നിന്നുള്ള വിഷബാധ കാരണം സംസാര വൈകല്യവും ഓർമക്കുറവും ലാമയ്ക്ക് ഉണ്ടായിരുന്നു. കുവൈത്തിൽ ദീർഘകാലമായി ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം.മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മിനിറ്റുകൾക്കകം ആരുടെയും ശ്രദ്ധയിൽപ്പെടാതെ ലാമ അവിടുന്ന് കാണാതായി എന്നാണ് വിവരം. കൊച്ചിയിലേക്ക് ലാമയെ അയച്ച വിവരം മനസ്സിലാക്കിയ കുടുംബം ഒക്ടോബർ 8ന് കൊച്ചി വിമാനത്താവള പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ആലുവ മെട്രോ സ്റ്റേഷനിലും പിന്നീട് തൃക്കാക്കരയ്ക്കു സമീപവും ഒക്ടോബർ 15ന് കളമശ്ശേരിക്ക് സമീപവും പിതാവിനെ കണ്ടതായി ഓട്ടോ ഡ്രൈവർ ഉൾപ്പടെയുള്ളവർ അവകാശപ്പെട്ടെന്ന് മകൻ സന്ദൻ ലാമ പറഞ്ഞിരുന്നു.