'സർജ് പ്രൈസിങ്' മരവിപ്പിച്ചു; പ്രതിസന്ധിക്കിടെ എയർ ഇന്ത്യയുടെ നിർണായക ഇടപെടൽ

ന്യൂഡൽഹി: രാജ്യത്തെ വിമാനയാത്രാ മേഖലയിലെ പ്രതിസന്ധി തുടരുന്നതിനിടെ യാത്രക്കാർക്ക് ആശ്വാസമായി എയർ ഇന്ത്യ ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിച്ചു. ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതിനെത്തുടർന്ന് ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ ഡിസംബർ നാലു മുതൽ സർവീസ് നടത്തുന്ന എല്ലാ നോൺ-സ്റ്റോപ്പ് ഇക്കോണമി ക്ലാസ് വിമാനങ്ങൾക്കും ഈ നിയന്ത്രണം ബാധകമായിരിക്കും.
ആവശ്യക്കാർ ഏറുമ്പോൾ ടിക്കറ്റ് നിരക്ക് സ്വാഭാവികമായി വർധിക്കുന്ന 'ഓട്ടോമേറ്റഡ് റെവന്യൂ മാനേജ്മെൻ്റ്' സംവിധാനം മരവിപ്പിച്ചാണ് എയർ ഇന്ത്യ നിരക്ക് പിടിച്ചുനിർത്തുന്നത്. എന്നാൽ ചില തേർഡ് പാർട്ടി ബുക്കിങ് ആപ്പുകളിലും വെബ്സൈറ്റുകളിലും ഇപ്പോഴും ഉയർന്ന നിരക്ക് കാണിക്കുന്നതായി എയർ ഇന്ത്യ അധികൃതർ ശ്രദ്ധയിൽപ്പെടുത്തി. കണക്ഷൻ വിമാനങ്ങൾക്കോ അല്ലെങ്കിൽ ബിസിനസ്-ഇക്കോണമി ക്ലാസുകൾ ഇടകലർത്തിയുള്ള യാത്രകൾക്കോ ആണ് ഇത്തരം ഉയർന്ന നിരക്ക് കാണിക്കുന്നത്. സാങ്കേതികമായി ഇത് തടയാൻ ബുദ്ധിമുട്ടാണെങ്കിലും അത്തരം പ്ലാറ്റ്ഫോമുകളുമായി സംസാരിച്ച് നിയന്ത്രണം കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ടെന്ന് എയർ ഇന്ത്യ വക്താവ് എക്സിൽ കുറിച്ചു. യാത്രക്കാരെയും ലഗേജുകളെയും ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാൻ കൂടുതൽ സർവീസുകൾ നടത്താൻ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ശ്രമിക്കുന്നുണ്ട്.ഇൻഡിഗോ പ്രതിസന്ധി; കർശന നടപടിയുമായി കേന്ദ്രം
അതേസമയം, ഇൻഡിഗോയുടെ പ്രവർത്തനം ശനിയാഴ്ചയും താളംതെറ്റിയ നിലയിൽ തന്നെയായിരുന്നു. ശനിയാഴ്ച മാത്രം നൂറിലധികം വിമാനങ്ങളാണ് റദ്ദാക്കിയത്. ഇതോടെ മുംബൈ, ഹൈദരാബാദ്, ഗുവാഹത്തി തുടങ്ങിയ വിമാനത്താവളങ്ങളിൽ ആയിരക്കണക്കിന് യാത്രക്കാർ കുടുങ്ങി. വിമാനത്താവളങ്ങളിൽനിന്നുള്ള കണക്കുകൾ പ്രകാരം ഡൽഹിയിൽ മാത്രം 86 ഇൻഡിഗോ വിമാനങ്ങളാണ് (37 പുറപ്പെടുന്നവയും 49 എത്തുന്നവയും) റദ്ദാക്കിയത്. ഹൈദരാബാദിൽ 69 സർവീസുകളും അഹമ്മദാബാദിൽ 59 സർവീസുകളും കൊൽക്കത്തയിൽ 41 സർവീസുകളും മുടങ്ങി.യാത്രക്കാരുടെ പ്രതിഷേധം ശക്തമായതോടെ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇൻഡിഗോയ്ക്ക് കർശന നിർദേശം നൽകി. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് നൽകാനുള്ള റീഫണ്ട് ഞായറാഴ്ച (ഡിസംബർ 7) രാത്രി എട്ടുമണിക്കുള്ളിൽ പൂർണമായും നൽകണമെന്ന് മന്ത്രാലയം ഉത്തരവിട്ടു. വിമാനം റദ്ദാക്കിയത് മൂലം യാത്ര മാറ്റിവയ്ക്കേണ്ടി വന്നവരിൽനിന്ന് യാതൊരുവിധ റീഷെഡ്യൂലിങ് ചാർജും ഈടാക്കാൻ പാടില്ല. റീഫണ്ട് നൽകുന്നതിൽ വീഴ്ച വരുത്തിയാൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. യാതൊരു ചോദ്യങ്ങളും കൂടാതെ തന്നെ യാത്രക്കാർക്ക് ടിക്കറ്റ് തുക മടക്കിനൽകുമെന്നാണ് ഇൻഡിഗോ എക്‌സിലൂടെ അറിയിച്ചത്. പണം യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉപയോഗിച്ച അക്കൗണ്ടുകളിലേക്ക് തന്നെ ഓട്ടോമാറ്റിക്കായി എത്തുന്നതാണ്.