ഉന്നാവോ ബലാത്സംഗ കേസ്; ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് അതിജീവിത

ഉന്നാവോ ബലാത്സംഗ കേസ്;  ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് അതിജീവിത

ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗക്കേസിലെ പ്രതിയായ ബിജെപി നേതാവിൻ്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് അതിജീവിത. മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗറിന് ജാമ്യം അനുവദിച്ച് ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി നടപടിയിൽ സമൂഹമാധ്യമങ്ങളിൽ അടക്കം പ്രതിഷേധം ശക്തമാകുന്നു.

ബലാത്സംഗ കുറ്റവാളിക്ക് ഡൽഹി ഹൈക്കോടതി ഇളവ് നൽകിയതിന് തൊട്ടുപിന്നാലെ, അതിജീവിത അമ്മയോടൊപ്പം ദേശിയ തലസ്ഥാനത്ത് പ്രതിഷേധിച്ചു. പൊലീസെത്തി ബലപ്രയോഗത്തിലൂടെ ഇവരെ നീക്കുകയായിരുന്നു. ഇയാള്‍ക്ക് ജാമ്യം അനുവദിച്ചതിൽ അതിജീവിതയുടെ അഭിഭാഷകരായ അഞ്ജലെ പട്ടേലും പൂജ ശിൽപ്‌കറും ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുമുണ്ട്.

സെൻഗാർ ജീവിതകാലം മുഴുവൻ ജയിലിൽ തുടരണമെന്ന വിചാരണ കോടതിയുടെ ഉത്തരവ് പരിഗണിക്കാതെയാണ് ഡൽഹി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്ന് അഭിഭാഷകർ ഹർജിയിൽ ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

"ബലാത്സംഗം പോലുള്ള ഹീനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ഗുരുതരമായ ക്രിമിനൽ പശ്ചാത്തലമുള്ള കുൽദീപ് സിങ് സെൻഗറിൻ്റെ ശിക്ഷ താത്‌ക്കാലികമായി നിർത്തിവച്ച ഹൈക്കോടതി നടപടി തെറ്റാണ്. പ്രോസിക്യൂഷൻ നൽകിയ ഭൗതിക തെളിവുകൾ പരിഗണിക്കുന്നതിൽ ഹൈക്കോടതി പരാജയപ്പെട്ടു, ഇത് പ്രതിയുടെ സാമ്പത്തിക സ്വാധീനത്തേയും ശക്തിയേയുമാണ് എടുത്ത് കാണിക്കുന്നത്. ഇരയുടെ പിതാവ് ജുഡീഷ്യൽ കസ്റ്റഡിയിലായിരിക്കുമ്പോൾ കുടുംബത്തെ നിശബ്‌ദമാക്കാൻ പ്രതി പലതും ചെയ്‌തു. നീതി നടപ്പാക്കുന്നത് തടയാൻ വേണ്ടി പ്രതി ഇരയുടെ പിതാവിനെ കൊലപ്പെടുത്തി" - ഹർജിയിൽ ചൂണ്ടിക്കാട്ടി.

ഏഴ് വർഷവും അഞ്ച് മാസവും ജയിൽ ശിക്ഷ അനുഭവിച്ചുവെന്ന പേരിൽ ഡിസംബർ 23നാണ് ഉന്നാവോ ബലാത്സംഗ കേസിൽ ജീവപര്യന്തം തടവ് അനുഭവിച്ചിരുന്ന സെൻഗാറിൻ്റെ ജയിൽ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചത്.

ആരോഗ്യകാരണങ്ങൾ അടക്കം ചൂണ്ടിക്കാട്ടി കുൽദീപ് സിങ് സെൻഗർ സമർപ്പിച്ച ഹർജിയിലാണ് ജീവപര്യന്തം കഠിനതടവ് മരവിപ്പിച്ചത്. ദില്ലിയിൽ തന്നെ തുടരണമെന്നും അതിജീവിത താമസിക്കുന്ന സ്ഥലത്തിൻ്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ പോകരുതെന്നും ഹൈക്കോടതി ഉപാധി വച്ചിട്ടുണ്ട്. ഏതെങ്കിലും വ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കുമെന്ന് ഹൈക്കോടതി പറഞ്ഞു.

ബലാത്സംഗ കേസും മറ്റ് അനുബന്ധ കേസുകളും സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം 2019 ഓഗസ്റ്റ് ഒന്നിന് ഉത്തർപ്രദേശിലെ ഒരു വിചാരണ കോടതിയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റിയിരുന്നു. പെൺകുട്ടിയുടെ പിതാവിൻ്റെ കസ്റ്റഡി മരണക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെതിരെ സെൻഗാർ സമർപ്പിച്ച അപ്പീൽ പരിഗണനയിലാണ്. താൻ ഇതിനകം തന്നെ ഒരുപാട് കാലം ജയിലിൽ കഴിഞ്ഞതിനാൽ ശിക്ഷ താത്‌ക്കാലികമായി നിർത്തിവയ്ക്കണമെന്ന് സെൻഗാർ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഉന്നാവോ ബലാത്സംഗക്കേസ്

2017 ജൂണിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗർ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തുവെന്നാണ് കേസ്. ഈ കേസിൽ 2019-ൽ ഡൽഹിയിലെ വിചാരണ കോടതി സെൻഗാറിനെ കുറ്റക്കാരനെന്ന് കണ്ടെത്തുകയും ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയും ചെയ്‌തു.

പീഡനക്കേസിൽ പ്രതിയായതിനെത്തുടർന്ന് 2019 ഓഗസ്റ്റിൽ സെൻഗാറിനെ ബിജെപിയിൽ നിന്ന് പുറത്താക്കി. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിലും ഇയാൾക്ക് 10 വർഷം തടവുശിക്ഷ ലഭിച്ചിട്ടുണ്ട്.