പ്രധാനമന്ത്രിയുമായുമായുള്ള സിറോ മലബാർ സഭ നേതൃത്വത്തിൻ്റെ കൂടിക്കാഴ്ച ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുമായുമായുള്ള സിറോ മലബാർ സഭ നേതൃത്വത്തിൻ്റെ കൂടിക്കാഴ്ച ഡല്‍ഹിയില്‍ നടക്കുന്നു . സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, ഫരീദാബാദ് അതിരൂപത ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര എന്നിവരാണ് പ്രധാനമന്ത്രിയെ സന്ദർശിച്ചത്.കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിൽ വിശ്വാസികളെയും പാസ്റ്റർമാരെയും വിലക്കിയ സംഭവം വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതിനുപിന്നാലെയാണ് സിറോ മലബാർ സഭാ നേതൃത്വം മോദിയെ സന്ദര്‍ശിക്കാൻ ഒരുങ്ങുന്നതെന്നും ശ്രദ്ധേയമാണ്. അതേസമയം, ഫരീദാബാദിനെ അതിരൂപതയാക്കി ഉയർത്തിയതിനുശേഷമുള്ള സൗഹൃദ സന്ദർശനമാണ് ഇതെന്നാണ് സഭാ നേതൃത്വം പറയുന്നത്.ഛത്തീസ്ഗഡിലെ എട്ട് ഗ്രാമങ്ങളിൽ പാസ്റ്റർമാരേയും, ക്രിസ്തുമതത്തിലേയ്ക്ക് പരിവർത്തനം ചെയ്യുന്നുവെന്ന് ആരോപിച്ച് വിശ്വാസികളേയും വിലക്കി ബോർഡുകൾ സ്ഥാപിച്ച സംഭവത്തിൽ സിറോ മലബാർ സഭ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. വർഗീയതയുടെ പുതിയ രഥയാത്രയുടെ തുടക്കമാണെന്നും, ഒരു വിഭാഗത്തെ രണ്ടാംതരം പൗരൻമാരാക്കി മാറ്റുന്ന നടപടിയാണെന്നും സഭ ഫേസ്ബുക്കിൽ കുറിച്ചു. ഇത്തരം ബോർഡുകൾ സ്ഥാപിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നൽകിയ ഹർജി കഴിഞ്ഞ ദിവസം ഛത്തീസ്ഗഡ് ഹൈക്കോടതി തള്ളുകയും ചെയ്തു.ന്യൂനപക്ഷവിരുദ്ധ ആൾക്കൂട്ട വിചാരണക്കാരും കൊലപാതകികളും ദളിത് ആദിവാസി പീഡകരും നിർബന്ധിത ഘർവാപ്പസിക്കാരുമൊന്നും നിരോധിക്കപ്പെട്ടിട്ടില്ലാത്ത രാജ്യത്തെ ഈ വിധി സുപ്രീം കോടതിയിൽ ചോദ്യം ചെയ്യേണ്ടതാണെന്നും സഭ വ്യക്തമാക്കിയിരുന്നു. അതേസമയം, കാങ്കർ, ബസ്തർ ജില്ലകളിലെ എട്ട് ഗ്രാമങ്ങളിലാണ് പാസ്റ്റർമാരെയും മതം മാറിയ ക്രിസ്ത്യാനികളെയും പ്രവേശിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. നിർബന്ധിത മത പരിവർത്തനം തടയാനുള്ള മുൻ കരുതൽ നടപടിയായാണ് ഗ്രാമങ്ങൾ ബോർഡുകൾ സ്ഥാപിച്ചത് എന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്.
കന്യാസ്ത്രീകള്‍ക്ക് എതിരായ അതിക്രമം:
മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡിൽ മലയാളികളായ രണ്ട് കന്യാസ്തീകളെ അറസ്റ്റ് ചെയ്ത സംഭവം മുമ്പ് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. സിറോ മലബാർ സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസസഭയിലെ അംഗങ്ങളായ വന്ദ, പ്രീതി എന്നിവരെയായിരുന്നു മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് വ്യാജേന അറസ്റ്റ് ചെയ്തത്.ഇതിനെ ശക്തമായി അപലപിച്ച് കേരളത്തില്‍ നിന്നുള്ള ക്രൈസ്തവ സഭകള്‍ രംഗത്തെത്തിയിരുന്നു. വീട്ടു ജോലിക്കായി മൂന്ന് പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടു വരാനായി ദുർഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം നടന്നത്. റെിൽവേ സ്റ്റേഷനിൽ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞ വയ്ക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.
പിന്നീട് ഇവർക്ക് എതിരെ മത പരിവർത്തന, മനുഷ്യക്കടത്ത് കുറ്റങ്ങൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കൊപ്പമുണ്ടായിരുന്ന ആദിവാസി യുവാവായ സുഖ്മാൻ മാണ്ഡവിയെയും റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. കന്യാസ്ത്രീകളുടെ അറസ്റ്റ് വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിയൊരുക്കി. പൊലീസിൻ്റെ നടപടിയെ കോൺഗ്രസും സിപിഎമ്മും വിമർശിക്കുകയും ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് പൊലീസ് വിഷയത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തു.