ടി20 ലോകകപ്പ് : പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് മിന്നും ജയം

ടി20 ലോകകപ്പ് : പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് മിന്നും ജയം

കൊളംബോ: ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്‌ക്ക് 61 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 18 ഓവറിൽ 114 റൺസെടുത്തു പുറത്തായി. ജയത്തോടെ ഇന്ത്യ എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി സൂപ്പര്‍ എട്ടിൽ കടന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്‌ത ഇന്ത്യ ആദ്യ ഓവറിൽ തന്നെ കനത്ത തിരിച്ചടിയാണ് നേരിട്ടത്. പാക് ക്യാപ്റ്റൻ സല്‍മാന്‍ അലി ആഗ എറിഞ്ഞ ആദ്യ ഓവറിലെ അവസാന പന്തില്‍ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മ റണ്ണെടുക്കാതെ പുറത്തായി.നാലു പന്ത് നേരിട്ട അഭിഷേകിന് അക്കൗണ്ട് തുറക്കാനായില്ല. പിന്നാലെ 40 പന്തിൽ 77 റൺസടിച്ച ഇഷാൻ കിഷനാണ് ഇന്ത്യയുടെ സ്‌കോറുയര്‍ത്തിയത്. മൂന്ന് സിക്സുകളും പത്ത് ഫോറുകളുമാണ് താരം പറത്തിയത്. സൂര്യകുമാർ യാദവ് (29 പന്തിൽ 32), തിലക് വർമ (24 പന്തിൽ 25), ശിവം ദുബെ (17 പന്തിൽ 27) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാര്‍. പാകിസ്ഥാനുവേണ്ടി സയ്യിം അയൂബ് മൂന്ന് വിക്കറ്റെടുത്ത് ബൗളിംഗില്‍ തിളങ്ങി. സൽമാൻ ആഗ, ഉസ്മാൻ താരിഖ് എന്നിവർ ഓരോ വിക്കറ്റുവീതവും വീഴ്ത്തി.

ഇന്ത്യ മുന്നോട്ടുവച്ച 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ നിരാശാജനകമായ തുടക്കമാണ് നൽകിയത്. സാഹിബ്‌സാദ ഫർഹാൻ ഒരു റൺസ് പോലും നേടാതെ പുറത്തായി. സയിം അയൂബ് 6 റൺസും സൽമാൻ ആഗ 4 റൺസും ബാബർ അസം 5 റൺസും നേടി. 13 റൺസിന് 3 വിക്കറ്റുകൾ നഷ്ടപ്പെട്ട പാകിസ്ഥാൻ പ്രതിസന്ധിയിലായി. മുന്‍ നായകന്‍ ബാബര്‍ അസമിനും ക്രീസില്‍ അധികം ആയുസുണ്ടായില്ല. തുടർന്ന് ഉസ്മാൻ ഖാനും ഷദാബ് ഖാനും അഞ്ചാം വിക്കറ്റിൽ 39 റൺസിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തി. ഉസ്മാൻ 34 പന്തിൽ 44 റൺസും ഷദാബ് ഖാൻ 15 പന്തിൽ 14 റൺസും നേടി.നാല് പാകിസ്ഥാൻ ബാറ്റ്സ്മാൻമാർക്ക് മാത്രമേ രണ്ടക്ക സ്കോർ തികയ്ക്കാൻ കഴിഞ്ഞുള്ളൂ. അവസാന ഓവറുകളിൽ 23 റൺസ് നേടി ഷഹീൻ അഫ്രീദി പരാജയത്തിന്‍റെ വ്യാപ്‌തി കുറയ്ക്കാൻ ശ്രമിച്ചു. ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അക്സർ പട്ടേൽ എന്നിവർ ടീം ഇന്ത്യയ്ക്കായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ത്യ പ്ലേയിങ് ഇലവൻ– അഭിഷേക് ശർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര.

പാക്കിസ്ഥാൻ പ്ലേയിങ് ഇലവൻ– സഹിബ്സദ ഫർഹാൻ (വിക്കറ്റ് കീപ്പർ), സയിം അയൂബ്, സൽമാൻ ആഗ (ക്യാപ്റ്റൻ), ബാബർ അസം, ശതാബ് ഖാൻ, ഉസ്‌മാൻ ഖാൻ, മുഹമ്മദ് നവാസ്, ഫഹീം അഷറഫ്, ഷഹീൻ ഷാ അഫ്രീദി, ഉസ്‌മാൻ താരിഖ്, അബ്രാർ അഹമ്മദ്.