ടി20 ലോകകപ്പിലെ സൂപ്പർ 8 : സിംബാബ്‌വെയെ 72 റൺസിന് തകർത്ത് ഇന്ത്യ

ചെന്നൈ: ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടത്തിൽ സിംബാബ്‌വെയെ 72 റൺസിന് തകർത്ത് ഇന്ത്യ സെമി പ്രതീക്ഷകൾ സജീവമാക്കി. ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അർഷ്ദീപ് സിംഗിന്‍റെ തകർപ്പൻ ബൗളിംഗും (3-24) ബാറ്റിംഗ് നിരയുടെ വെടിക്കെട്ടുമാണ് ഇന്ത്യക്ക് കരുത്തായത്. തോൽവിയോടെ സിംബാബ്‌വെ ടൂർണമെന്‍റില്‍ നിന്ന് പുറത്തായി. ഇതോടെ ഗ്രൂപ്പിൽ നിന്ന് ദക്ഷിണാഫ്രിക്ക സെമി ഫൈനൽ ഉറപ്പിച്ചു.
ദക്ഷിണാഫ്രിക്കയോട് നേരത്തെ പരാജയപ്പെട്ട ഇന്ത്യക്ക് ഈ വിജയം അത്യന്താപേക്ഷിതമായിരുന്നു. ഇതോടെ മാർച്ച് ഒന്നിന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന മത്സരം ഒരു 'വർച്വൽ നോക്കൗട്ട്' ആയി മാറി. ഈ മത്സരത്തിൽ വിജയിക്കുന്നവർ സെമിയിലേക്ക് മുന്നേറും.
ബെന്നറ്റിന്‍റെ പോരാട്ടം, തകർപ്പൻ സ്പെല്ലുമായി അർഷ്‌ദീപ്
ഇന്ത്യ ഉയർത്തിയ 257 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെയ്ക്ക് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 59 പന്തിൽ 97 റൺസുമായി പുറത്താവാതെ നിന്ന ബ്രയൻ ബെന്നറ്റാണ് സിംബാബ്‌വെയുടെ പോരാട്ടം നയിച്ചത്. എട്ട് ഫോറുകളും നാല് സിക്സറുകളും പറത്തിയ ബെന്നറ്റിന് മൂന്ന് റൺസ് അകലെ സെഞ്ച്വറി നഷ്ടമായി.
സിംബാബ്‌വെ ഓപ്പണർ താഡിവനാഷെ മരുമാനി (20) തുടക്കത്തിൽ പതറിയെങ്കിലും പവർപ്ലേയിൽ വിക്കറ്റ് പോകാതെ അവർ നോക്കി. എന്നാൽ അക്സർ പട്ടേലിന്‍റെ പന്തിൽ മരുമാനി പുറത്തായതോടെ തകർച്ച തുടങ്ങി. വരുൺ ചക്രവർത്തി ഡിയോൺ മയേഴ്സിനെ പുറത്താക്കി. പിന്നാലെ എത്തിയ അർഷ്ദീപ് സിംഗ് സിക്കന്ദർ റാസയെയും റയാൻ ബേളിനെയും ടോണി മന്യോംഗയെയും പുറത്താക്കി സിംബാബ്‌വെയുടെ പ്രതീക്ഷകൾ തകർത്തു.വിജയിച്ചെങ്കിലും ഇന്ത്യയുടെ ബൗളിംഗ് പ്രകടനം ടീം മാനേജ്‌മെന്‍റിനെ ചിന്തിപ്പിക്കുന്നതാണ്. രണ്ട് ഓവറിൽ 46 റൺസ് വഴങ്ങിയ ശിവം ദുബെയുടെ പ്രകടനം നിരാശാജനകമായിരുന്നു. ടി20 ലോകകപ്പ് ചരിത്രത്തിൽ രണ്ട് ഓവർ എറിഞ്ഞ ഒരു ബൗളർ വഴങ്ങുന്ന ഏറ്റവും ഉയർന്ന റൺസാണിത്. വരുൺ ചക്രവർത്തി നാല് ഓവറിൽ 35 റൺസ് വിട്ടുകൊടുത്തു. വിൻഡീസിനെ നേരിടുന്നതിന് മുൻപ് ബൗളിംഗിലെ ഈ പോരായ്മകൾ ഇന്ത്യക്ക് തിരുത്തേണ്ടി വരും.നേരത്തെ അഭിഷേക് ശർമ്മയുടെ അർദ്ധ സെഞ്ച്വറിയും (55), ഹാർദിക് പാണ്ഡ്യയുടെ (പുറത്താവാതെ 50) വെടിക്കെട്ടുമാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചത്. കൂറ്റൻ വിജയത്തോടെ ഇന്ത്യയുടെ നെറ്റ് റൺ റേറ്റ് വലിയ തോതിൽ ഉയർന്നിട്ടുണ്ട്