വാശിയേറിയ പ്രചാരണവുമായി തളിപ്പറമ്പ് : പ്രവചനാതീതമാകുന്ന പോരാട്ടം

വാശിയേറിയ പ്രചാരണവുമായി തളിപ്പറമ്പ് : പ്രവചനാതീതമാകുന്ന പോരാട്ടം

കണ്ണൂർ: കനത്ത ചൂടിൽ കണ്ണൂരിലെ സിപിഎമ്മിൻ്റെ കരുത്തുറ്റ കോട്ടകളിലൊന്നായ തളിപ്പറമ്പിൽ പ്രചാരണത്തിൻ്റെ തീവ്രത കൂടുന്നു. പതിറ്റാണ്ടുകളായി ഇളകാതെ നിൽക്കുന്ന പാർട്ടി കോട്ടയാണ്  സിപിഎമ്മിന് തളിപ്പറമ്പ് . എന്നാൽ ഏത് കൊടുങ്കാറ്റിലും കൂടെ നിൽക്കുമെന്ന് സിപിഎം ഉറച്ചുവിശ്വസിക്കുന്ന മണ്ഡലത്തിലാണ് ടി കെ ഗോവിന്ദനെന്ന ജില്ലാ സെക്രട്ടേറിയറ്റംഗം കനൽ കോരിയിട്ടത്. ഈ തെരഞ്ഞെടുപ്പ് കാലത്ത് പയ്യന്നൂരിന് പിന്നാലെ തളിപ്പറമ്പിലുണ്ടായ പൊട്ടിത്തെറി സിപിഎമ്മിനുണ്ടാക്കിയ ആഘാതം ചെറുതല്ല. അടിയൊഴുക്കുകൾ നേരിയ തോതിൽ പ്രകടമായി തുടങ്ങിയ തളിപ്പറമ്പിൽ ടി കെ ഗോവിന്ദൻ സ്ഥാനാർഥിത്വം കൂടി പ്രഖ്യാപിച്ചതോടെ സിപിഎം മണ്ഡലത്തിൽ നേരിടുന്നത് വലിയ വെല്ലുവിളിയാണ്.

പി കെ ശ്യാമളയും ടി കെ ഗോവിന്ദനും നേർക്കുനേർ വരുമ്പോൾ പോരാട്ടം തീപാറുമെന്നുറപ്പാണ്. സിപിഎം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ്റെ ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമാണ് പി കെ ശ്യാമള. നിലവിലെ തളിപ്പറമ്പ് എംഎൽഎയായ എം വി ഗോവിന്ദൻ്റെ പിൻഗാമിയായി ഭാര്യ പി കെ ശ്യാമളയെ നിർദേശിച്ചതുമുതൽ തന്നെ പാർട്ടിയിൽ എതിർപ്പുണ്ടായിരുന്നു. ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാകമ്മിറ്റിയിലും മണ്ഡലംകമ്മിറ്റിയിലും കടുത്തവിയോജിപ്പുണ്ടായി. എന്നാല്‍ പാർട്ടിയിൽ ഒരു വിഭാഗീയതയും ഇല്ലെന്നും ഒറ്റക്കെട്ടാണെന്നും ജില്ലയിൽ മണ്ഡലത്തിൽ വൻഭൂരിപക്ഷം ഉറപ്പാണെന്നും പി കെ ശ്യാമള പറയുന്നു.

എം വി ഗോവിന്ദൻ്റെനും  ശ്യാമളയ്ക്കുമെതിരെ   കടുത്ത ആരോപണങ്ങളുന്നയിച്ചാണ് ടി കെ ഗോവിന്ദൻ തെരഞ്ഞെടുപ്പ് ഗോദയിൽ സജീവമാകുന്നത് . സിപിഎമ്മിന് എതിരില്ലാത്ത, പാർട്ടി കോട്ടയായ മലപ്പട്ടം സ്വദേശിയാണ് ഗോവിന്ദൻ. പയ്യന്നൂരിൽ പാർട്ടിയിൽനിന്ന് പുറത്താക്കിയ മുൻ ജില്ലാകമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണൻ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ടി കെ ഗോവിന്ദനും സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. ഇത് സി പി എമ്മിന് കനത്ത ആഘാതം ആയി. ദീർഘകാലം തളിപ്പറമ്പ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പുചുമതലക്കാരനായിരുന്ന ഗോവിന്ദൻ്റെ വിമതനീക്കം കടുപ്പമേറിയ പ്രതിസന്ധിയാകും സിപിഎമ്മിനുണ്ടാക്കുക.

സിപിഎമ്മിൻ്റെ കുടുംബാധിപത്യത്തിന് എതിരെയുള്ള വോട്ട് കൂടി സമാഹരിക്കാൻ കഴിയുമെന്നും അത്തരം സൂചനകൾ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സഖാക്കളിൽ നിന്ന് വ്യക്തമാണെന്നും ഗോവിന്ദൻ  പറഞ്ഞു. പാർട്ടി സെക്രട്ടറി എംഎൽഎയായ മണ്ഡലം ആണിത്. തനിക്കുശേഷം ഭാര്യയെ അവരോധിക്കുന്ന രീതി തെറ്റാണെന്ന് ജനങ്ങൾ തെളിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


ബിജെപി നേതാവ് എൻ ഹരിദാസ് ആണ് മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്നത്. 'കോൺഗ്രസ് നേതൃത്വത്തിന് പോലും താല്‍പര്യമില്ലാത്ത നേതാവാണ് ടി കെ ഗോവിന്ദൻ. ആന്തൂർ സാജൻ കൊലപാതക കേസിലെ പ്രതിയായ പി കെ ശ്യാമളയെ ജനങ്ങൾ പുറന്തള്ളുമെന്നും എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ട് തങ്ങൾക്ക് ലഭിക്കുമെന്നും' എൻ ഹരിദാസ് പറഞ്ഞു.

തെരഞ്ഞെടുപ്പ് ചരിത്രം

കഴിഞ്ഞ രണ്ട് ലോക്സഭ തെരഞ്ഞെടുപ്പിലും സിപിഎമ്മിൻ്റെ ചെങ്കോട്ടയെ വിറപ്പിക്കാൻ യുഡിഎഫിന് കഴിഞ്ഞു എന്നതാണ് തളിപ്പറമ്പിനെ ഹോട്ട് സീറ്റ്‌ ആക്കുന്നത്. കണ്ണൂരിലെ കോൺഗ്രസിൻ്റെ കരുത്തുറ്റ മുഖമായ കെ സുധാകരൻ ഈ തെരഞ്ഞെടുപ്പുകളിൽ സിപിഎമ്മിനെ മറികടന്ന് ലീഡെടുത്തു. 2019-ലും 2024-ലുമാണ് സുധാകരൻ ഇടതുകോട്ടകളെ വിറപ്പിച്ചത്. സിപിഎം അക്ഷരാർഥത്തിൽ ഞെട്ടിയത് തളിപ്പറമ്പിലാണ്. മണ്ഡലത്തിൽ 725 വോട്ടിൻ്റെ ലീഡെടുത്തായിരുന്നു സുധാകരൻ്റെ കുതിപ്പ്.