തമിഴ്‌നാട് തെരഞ്ഞെടുപ്പ് : ഡിഎംകെ സഖ്യത്തിൻ്റെ പ്രചാരണ പരിപാടികൾക്ക് എം കെ സ്റ്റാലിൻ മാർച്ച് 31-ന് തുടക്കം

തമിഴ്‌നാട് തെരഞ്ഞെടുപ്പ് : ഡിഎംകെ സഖ്യത്തിൻ്റെ പ്രചാരണ പരിപാടികൾക്ക്  എം കെ സ്റ്റാലിൻ മാർച്ച് 31-ന് തുടക്കം

ചെന്നൈ : ഭരണം നിലനിർത്താൻ ഡിഎംകെയും അധികാരം പിടിച്ചെടുക്കാൻ  പ്രതിപക്ഷ പാർട്ടികളും തെരഞ്ഞെടുപ്പ് കളത്തിലിറങ്ങുന്ന  വാശിയേറിയ പോരാട്ടത്തിന്  തമിഴ്‌നാട് സാക്ഷ്യം വഹിക്കാൻപോകുകയാണ് .ഏപ്രിൽ 23 നാണ് സംസ്ഥാനത്തെ 234 നിയമസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ്. 

ഭരണം നിലനിർത്താനായി ഡിഎംകെ സഖ്യത്തിൻ്റെ പ്രചാരണ പരിപാടികൾക്ക് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മാർച്ച് 31-ന് തുടക്കം കുറിക്കും. അന്തരിച്ച ഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ ജന്മനാടായ തിരുവാരൂരിൽ നിന്നാണ് ആദ്യഘട്ട പര്യടനം ആരംഭിക്കുന്നത്.ഡിഎംകെ നയിക്കുന്ന മതേതര പുരോഗമന സഖ്യത്തിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്തുടനീളം വോട്ട് തേടിയുള്ള മുഖ്യമന്ത്രിയുടെ യാത്ര. മാർച്ച് 31 മുതൽ ഏപ്രിൽ 2 വരെ നീണ്ടുനിൽക്കുന്ന ആദ്യഘട്ട പ്രചാരണത്തിൽ സഖ്യകക്ഷി സ്ഥാനാർഥികൾക്കായി അദ്ദേഹം പൊതുയോഗങ്ങളിൽ സംസാരിക്കും. ഡിഎംകെയുടെയും സഖ്യകക്ഷികളുടെയും സ്ഥാനാർഥികൾക്കായി സ്‌റ്റാലിൻ വോട്ട് തേടുമെന്ന് പാർട്ടി പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.

മാർച്ച് 31 ന് തന്നെ കരൂരിലെ രായനൂരിൽ നടക്കുന്ന പൊതുയോഗത്തിൽ പ്രസംഗിക്കും. ഏപ്രിൽ 2 ന്, എസ്‌പിഎ സ്ഥാനാർഥികൾക്കായി പ്രചാരണം നടത്തുന്നതിനായി ഈറോഡ്-സിത്തോട്ടിൽ നടക്കുന്ന പൊതുയോഗത്തിന് അദ്ദേഹം നേതൃത്വം നൽകും. കൂടാതെ കോയമ്പത്തൂർ കൊഡീഷ്യ ഗ്രൗണ്ടിൽ നടക്കുന്ന പൊതുയോഗത്തിലും സുലൂർ, കോയമ്പത്തൂർ വെസ്‌റ്റ്, കോയമ്പത്തൂർ സൗത്ത്, സിംഗനല്ലൂർ, കിണത്തുകടവ്, പൊള്ളാച്ചി, വാൽപ്പാറ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർഥികൾക്കായും വോട്ടുതേടും.