തരംഗ് ഇവന്റ്സ് & പ്രൊഡക്ഷൻസിൻ്റെ ഉദ്ഘാടനം നവിമുംബൈയിൽ നടന്നു : ആദ്യ പുരസ്ക്കാരം ഏറ്റുവാങ്ങി ഗാനരചയിതാവ് ശ്രീകുമാരൻതമ്പി

മുംബൈ :  തരംഗ് ഇവന്റ്സ് & പ്രൊഡക്ഷൻസ് ഔദ്യോഗികമായി ഉദ്ഘാടനം  മലയാള ഭാഷയുടെ പുണ്യവും ബഹുമുഖ പ്രതിഭയുമായ  ശ്രീകുമാരൻ തമ്പി നവിമുംബൈയിൽ സംഘടിപ്പിച്ച സംഗീതപരിപാടിയിൽവെച്ച് നിർവഹിച്ചു.ചടങ്ങിൽ  ശ്രീകുമാരൻതമ്പി രചിച്ച അനശ്വര ഗാനങ്ങളെ ആസ്പദമാക്കിയുള്ള  ‘രാഗതരംഗം’ സംഗീതനിശയും അരങ്ങേറി.



 തരംഗ്  ഇവന്റ്സ് & പ്രൊഡക്ഷൻസിൻ്റെ  പ്രഥമ   ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം മലയാള ചലച്ചിത്രശാഖയ്ക്ക് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ച് ശ്രീകുമാരൻ തമ്പിക്ക് നവിമുംബൈയിലെ ഇ.വി. ഗ്രൂപ്പ് സ്ഥാപകനും ബിസിനസ് രംഗത്തെ പ്രമുഖനുമായ  ഈ.വി. തോമസ് സമ്മാനിച്ചു.നവിമുംബയിലെ സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖരായ ലൈജി വർഗീസ്, കോമളൻ ജി, അനിൽ പ്രകാശ്, പി.ഡി. ജയപ്രകാശ്, മനോജ്‌ മാളവിക എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനും നാടകപ്രവർത്തകനുമായ പി.ആർ സഞ്ജയ്പരിപാടി  ഏകോപിപ്പിച്ചു.


കലാസാംസ്കാരിക മേഖലയിൽ ഉന്നത നിലവാരത്തിലുള്ള സ്റ്റേജ്  പരിപാടികൾ  ഒരുക്കുക, കലാകാരന്മാർക്ക് അംഗീകാരം ലഭിക്കേണ്ട വേദികൾ സൃഷ്ടിക്കുക, നഗരത്തിലെ  കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക, സംഘടനകൾക്കും സമാജങ്ങൾക്കും ഉയർന്ന നിലവാരമുള്ള ഷോകൾ ചെയ്തുകൊടുക്കുക എന്നിവയാണ് തരംഗിന്റെ പ്രവർത്തന ലക്ഷ്യങ്ങളെന്ന് സംഘാടകർ  ഉദ്‌ഘാടനച്ചടങ്ങിൽ അറിയിച്ചു.

ആറ് സംഗീതപ്രേമികളായ സുഹൃത്തുക്കളുടെ സംരംഭമാണ് തരംഗ് ഇവന്റ്സ് & പ്രൊഡക്ഷൻസ്. വന്ദന വിജയ്, വാസൻ വീരച്ചേരി, ശ്യാംലാൽ, മഹേശ്വർ, വിനിൽ നളിനാക്ഷൻ, ജിതിൻ നായർ എന്നിവരാണ് തരംഗിന്റെ അണിയറ ശില്പികൾ. ഏപ്രിൽ മാസത്തിൽ വിഷു പ്രത്യേക പരിപാടി നവിമുംബയിൽ സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.