ബംഗ്ലാദേശില്‍ വോട്ടണ്ണെല്‍ പുരോഗമിക്കുന്നു : താരിഖ് റഹ്‌മാൻ്റെ ബംഗ്ലാദേശ് നാഷണലിസ്‌റ്റ് പാർട്ടി മുന്നിൽ

ധാക്ക: ഷെയ്‌ഖ് ഹസീനയുടെ പതനത്തിന് പിന്നാലെ ബംഗ്ലാദേശില്‍ ഇന്നലെയുണ്ടായ പൊതു തെരഞ്ഞെടുപ്പില്‍ വോട്ടണ്ണെല്‍ പുരോഗമിക്കുന്നു. 300 അംഗം സഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ട 151 സീറ്റുകൾ ഇതിനോടകം മറികടന്ന ബിഎന്‍പി (ബംഗ്ലാദേശ് നാഷണലിസ്‌റ്റ് പാർട്ടി) വിജയം ഉറപ്പിച്ച മട്ടാണ്. അതുകൊണ്ട് ബംഗ്ലാദേശ് ഇനി നയിക്കുക ബിഎൻപിയുടെ ചെയർമാൻ താരിഖ് റഹ്‌മാനായിരിക്കുമെന്ന റിപ്പോര്‍ട്ടുകളാണിപ്പോള്‍ ബംഗ്ലാദേശില്‍ നിന്നും പുറത്ത് വരുന്നത്.
ഷെയ്‌ഖ് ഹസീനയുടെ അവാമി ലീഗിന് വിലക്കേര്‍പ്പെടുത്തിയത് കൊണ്ട് തന്നെ ബംഗ്ലാദേശ് നാഷണലിസ്‌റ്റ് പാർട്ടി, ജമാഅത്തെ ഇസ്‌ലാമി എന്നീ പാര്‍ട്ടികളുടെ ഏറ്റുമുട്ടലാണ് ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. ബിന്‍പി 151 സീറ്റുകള്‍ മറികടന്നപ്പോള്‍ 43 സീറ്റുകളാണ് മുഖ്യ എതിരാളിയായ ജമാഅത്തെ ഇസ്‌ലാമി നേടിയത്. 60.69 ശതമാനം പോളിങ്ങാണ് ഇത്തവണ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്.മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും താരിഖ് റഹ്‌മാൻ വൻ ഭൂരിപക്ഷമാണ്. 291 സ്ഥാനാർഥികളെ നിർത്തിയാണ് ബിഎൻപി തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. സ്ഥാനാർഥിയുടെ മരണം മൂലം ഒരു സീറ്റിലെ മത്സരം മാറ്റിവച്ചിരിക്കുകയാണ്. 12,27,11,739 വോട്ടര്‍മാരാണ് ഇന്നലെ ബംഗ്ലാദേശില്‍ വോട്ട് രേഖപ്പെടുത്തിയത്. 64 ജില്ലകളിലായി 42761 പോളിങ് ബൂത്തുകളാണ് ക്രമീകരിച്ചിരുന്നത്. ആകെയുള്ള 350 സീറ്റുകളില്‍ 300 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. പ്രശ്‌ന ബാധിത മേഖലകളായതിനാല്‍ പോളിങ് ബൂത്തുകള്‍ക്ക് സമീപം കനത്ത സുരക്ഷയൊരുക്കിയാണ് വോട്ടെടുപ്പ് പൂര്‍ത്തീകരിച്ചത്.
2024ലാണ് പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന ബംഗ്ലാദേശിലെ കലാപങ്ങളെ തുടർന്ന് ഇന്ത്യയിൽ അഭയം തേടിയത്. കലാപത്തിൽ 1400 പേരാണ് കൊല്ലപ്പെട്ടത്. ഇന്ത്യയിൽ അഭയം തേടിയ ഷെയ്‌ഖ് ഹസീനക്കെതിരെ കോടതി വധശിക്ഷ വിധിക്കുകയും ഷെയഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന് തെരഞ്ഞെടുപ്പിൽ വിലക്ക് ഏർപ്പെടുത്തുകയും ചെയ്‌തു.15 വർഷത്തെ ഷെയ്‌ഖ് ഹസീന സർക്കാരിൻ്റെ പതനത്തിന് ശേഷം ഇടക്കാല സർക്കാർ മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിലായിരുന്നു പിന്നീട് ഭരണം. പൊതുതെരഞ്ഞെടുപ്പിൽ വിജയിക്കുന്നവർക്ക് എത്രയും വേഗം അധികാരം കൈമാറുമെന്ന് യൂനസ് പറഞ്ഞിരുന്നു. കഴിഞ്ഞ 18 മാസമായി ബംഗ്ലാദേശിനെ നയിക്കുന്നത് മുഹമ്മദ് യൂനസാണ്.
ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മുൻ പ്രസിഡൻ്റ് സിയാവൂർ റഹ്‌മാൻ്റെയും മകനാണ് താരിഖ് റഹ്‌മാൻ. 2008 മുതൽ ലണ്ടനിൽ താമസിക്കുകയായിരുന്ന ഇദ്ദേഹം ബിഎൻപിയുടെ ആക്‌ടിങ് ചെയർമാനുമാണ്. പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായുള്ള രാഷ്ട്രീയ ശത്രുതയിൽ അമ്മ ഖാലിദ സിയയെ ജയിലിലടച്ച കാലത്താണ് റഹ്‌മാൻ പാർട്ടിയുടെ നേതൃത്വത്തിലേക്ക് ആദ്യമായി വരുന്നത്.അതിന് ശേഷം ഖാലിദ സിയ 2001ൽ രണ്ടാമതും ഭരണത്തിലേറിയ കാലത്ത് റഹ്‌മാൻ പ്രധാന രാഷ്ട്രീയ നേതാവായി മാറി. എന്നാൽ അധിക കാലം അരങ്ങ് വാഴാൻ താരിഖ് റഹ്‌മാന് സാധിച്ചിരുന്നില്ല. രാഷ്ട്രീയ ദുർവിനിയോഗം, അഴിമതി, കലാപം എന്നീ കുറ്റങ്ങളിലെല്ലാം ആരോപണങ്ങള്‍ നേരിട്ടു. 2007ൽ താരിഖ് റഹ്‌മാനും അറസ്‌റ്റ് ചെയ്യപ്പെട്ടു.അർധരാത്രി തൻ്റെ വീട്ടിൽ നിന്ന് വലിച്ചഴിച്ചായിരുന്നു സൈന്യം താരിഖിനെ അറസ്‌റ്റ് ചെയ്‌തത്. 17 വർഷം ലണ്ടനിൽ അഭയാർഥിയായി കഴിഞ്ഞ ശേഷം വീണ്ടും നാട്ടിലേക്ക് തിരിച്ചത്തിയ റഹ്‌മാൻ ബിഎൻപിയുടെ ചെയർമാനായി സ്ഥാനമേറ്റു. ഡിസംബർ 30നാണ് ദീർഘകാല അസുഖത്തെ തുടർന്ന് ഖാലിദ സിയ മരിക്കുന്നത്.