ആല്‍ക്കഹോള്‍ അളവ് അനുസരിച്ച് നികുതി; കർണാടകയിൽ സിദ്ധരാമയ്യയുടെ പുതിയ പരിഷ്‌കാരം

ബംഗളുരു : പതിറ്റാണ്ടുകള്‍ പഴക്കമുള്ള മദ്യ നികുതി നിയമങ്ങളില്‍ പരിഷ്‌കരണം ഏര്‍പ്പെടുത്തി കര്‍ണാട സര്‍ക്കാര്‍. മദ്യനികുതിയിലും നിയന്ത്രണ ചട്ടക്കൂടിലുമാണ് സര്‍ക്കാര്‍ പുതിയ പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.ഓരോ പാനീയത്തിലെയും ആല്‍ക്കഹോള്‍ അളവ് അടിസ്ഥാനമാക്കി നികുതി ഏര്‍പ്പെടുത്തുമെന്ന് 2026-27 ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി. മുമ്പ് സ്ലാബുകളുടെ അടിസ്ഥാനത്തിലായിരുന്നു നികുതി ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ മദ്യത്തിൻ്റെ അളവ് അനുസരിച്ച് ഇനി നികുതി ഏര്‍പ്പെടുത്തുമെന്നാണ് പ്രഖ്യാപനം.2026 ഏപ്രില്‍ മുതല്‍ മാറ്റം പ്രാബല്യത്തില്‍ വരും.
മദ്യ വിൽപ്പനയിൽ നിന്നുള്ള വരുമാനം 2026-27 വർഷത്തേക്ക് 45,000 കോടി രൂപയായി ഉയർത്തുമെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചു. വിലകള്‍ ഒറ്റരാത്രികൊണ്ട് മാറില്ല - സമയമെടുത്ത് 2-4 വര്‍ഷങ്ങളില്‍ ക്രമേണയായിരിക്കും മാറ്റമെന്നും സിദ്ധരാമയ്യ പറഞ്ഞു. പെട്ടന്നുള്ള ആഘാതം ഒഴിവാക്കാനാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു."ആല്‍ക്കഹോള്‍ അളവിന് നികുതി ചുമത്തുക എന്നത് അന്തര്‍ദ്ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ട രീതിയാണ്. അതിനാൽ 2026 ഏപ്രിൽ മുതൽ ഞങ്ങൾ ഇത് അവതരിപ്പിക്കുന്നു" 2026-27ലെ ബജറ്റ് അവതരിപ്പിക്കവേ സിദ്ധരാമയ്യ പറഞ്ഞു.ആറ് പതിറ്റാണ്ട് പഴക്കമുള്ള കർണാടക എക്സൈസ് നിയമത്തിലെ മിക്ക വ്യവസ്ഥകളും കാലഹരണപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാല്‍ ഈ പരിഷ്‌കാരങ്ങൾ ആവശ്യമാണെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു. സുതാര്യത ശക്തിപ്പെടുത്തുക, എക്സൈസുമായി ബന്ധപ്പെട്ട നിയന്ത്രണ ചട്ടക്കൂട് നവീകരിക്കുക, നിലവിലെ ആവശ്യങ്ങൾക്ക് അനുസരിച്ച് എക്സൈസ് മേഖലയിൽ മാറ്റം കൊണ്ടുവരിക എന്നിവയാണ് നിർദിഷ്‌ട പരിഷ്‌കാരങ്ങളുടെ ലക്ഷ്യം.
രാജ്യത്ത് ഇതാദ്യമായാണ് ആൽക്കഹോൾ-ഇൻ-ബിവറേജ് അടിസ്ഥാനമാക്കിയുള്ള എക്സൈസ് തീരുവ പ്രഖ്യാപിക്കുന്നതെന്ന് എക്സൈസ് കമ്മിഷണർ ആർ വെങ്കിടേഷ് കുമാർ പറഞ്ഞു.