റിട്ടയേർഡ് അധ്യാപികയെ ദുരൂഹ സാഹചര്യത്തിൽ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി

റിട്ടയേർഡ് അധ്യാപികയെ  ദുരൂഹ സാഹചര്യത്തിൽ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം: കൊച്ചിയിൽ റിട്ടയേർഡ് അധ്യാപികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പോണേക്കര പ്രതീക്ഷ നഗറിൽ വനജ (70)യെയാണ് കിടപ്പുമുറിയിൽ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.

ശരീരത്തിൽ മുറിവുകളുണ്ടെന്നും രക്തം വാർന്ന് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നുമാണ് പൊലീസ് നൽകുന്ന വിവരം. കൊലപാതകമാണോ, ആത്മഹത്യയാണോയെന്നത് പോസ്റ്റ്മോർട്ടത്തിന് ശേഷമേ വ്യക്തമാവുകയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി.പ്രാഥമികമായി നടത്തിയ പരിശോധനയിൽ കൊലപാതക സാധ്യത തള്ളാനാവില്ല. കൂടുതൽ പരിശോധനകള്‍ക്കുശേഷമേ കൊലപാതകമാണോയെന്ന് സ്ഥിരീകരിക്കാനാകുവെന്നാണ് പൊലീസ് നിലപാട്. മൃതദേഹത്തിന് അരികിൽ നിന്ന് ഒരു കത്തിയും കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ് പകൽ മുഴുവൻ വീട്ടിൽ വനജ തനിച്ചായിരുന്നുവെന്നാണ് സമീപവാസികള്‍ പറയുന്നത്.ഇന്നലെ രാത്രി ഒമ്പതരയോടെ ബന്ധുക്കൾ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഫോറന്‍സിക് വിദഗ്‌ധരടക്കമെത്തി ശാസ്ത്രീയ പരിശോധന നടത്തും. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി, പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റും.