പാഠപുസ്തക വിതരണം; സംസ്ഥാനതല ഉദ്ഘാടനം ഫെബ്രു: 13ന്

പാഠപുസ്തക വിതരണം; സംസ്ഥാനതല ഉദ്ഘാടനം ഫെബ്രു: 13ന്

തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തിലെ പാഠപുസ്തക വിതരണത്തിന്റെയും സൗജന്യ സ്‌കൂൾ യുണിഫോം, കൈത്തറി യുണിഫോം പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 13ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചരിത്രത്തിൽ ആദ്യമായാണ് സ്കൂൾ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ അടുത്ത അധ്യയന വർഷത്തിൽ 1 മുതൽ 10 വരെ ക്ലാസ്സുകളിലേയ്ക്കായി 3.5 കോടി പാഠപുസ്തകങ്ങൾ ഒന്നാം വാല്യത്തിൽ ഇൻഡന്റ് ചെയ്തിട്ടുണ്ട്. രണ്ടാം വാല്യത്തിൽ 1.9 കോടി പാഠപുസ്തകങ്ങൾ ഇൻഡന്റ് ചെയ്തിട്ടുണ്ട്. 2025-26 അദ്ധ്യയന വർഷം ഒന്നാം വാല്യത്തിൽ 3.8 കോടി പാഠപുസ്തകങ്ങളും രണ്ടാം വാല്യത്തിൽ 2.16 കോടി പാഠപുസ്തകങ്ങളാണ് ഓർഡർ  ചെയ്തിരുന്നത്.2026-27 അദ്ധ്യയന വർഷത്തേയ്ക്ക് 79 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി നിലവിൽ കെബിപിഎസിൽ പൂർത്തീകരിച്ചിട്ടുണ്ട്.  ഇതിൽ 55 ലക്ഷം പാഠപുസ്തകങ്ങൾ കെബിപിഎസ് വിവിധ ഹബ്ബുകളിൽ എത്തിച്ചിട്ടുണ്ട്. ഫെബ്രുവരി രണ്ടാം വാരത്തിൽ തന്നെ വിതരണം ആരംഭിച്ച് മേയ് അവസാന വാരത്തോട് കൂടി തന്നെ എല്ലാ പുസ്തകങ്ങളും സ്‌ക്കൂളുകളിൽ എത്തിക്കുന്നതിനുള്ള നടപടികളാണ് നിലവിൽ സ്വീകരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കൈത്തറി വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന സൗജന്യ യുണിഫോം പദ്ധതി രണ്ട് ഘടകങ്ങളായാണ് നടപ്പിലാക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിൽ വരുന്ന സൗജന്യ യൂണിഫോം പദ്ധതിയും സൗജന്യ കൈത്തറി യൂണിഫോം പദ്ധതിയും. സംസ്ഥാനത്തെ സ്റ്റാൻഡ് എലോൺ എൽ.പി, യു.പി  സർക്കാർ സ്‌കൂളുകളിലും, 1 മുതൽ 4 വരെയുള്ള എയ്ഡഡ് എൽ.പി സ്‌കൂളുകളിലും കൈത്തറി വകുപ്പ് വഴി കൈത്തറി യൂണിഫോം നൽകിവരുന്നു. കൈത്തറി യൂണിഫോം ലഭിക്കാത്ത 1 മുതൽ  8 വരെയുള്ള ഗവ.  ഹൈസ്‌കൂളിലെ എപിഎൽ വിഭാഗം ആൺകുട്ടികൾക്കും, 1 മുതൽ  8 വരെയുള്ള എയ്ഡഡ് ഹൈസ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും ഇതോടൊപ്പം 1 മുതൽ  5 വരെയുള്ള എയ്ഡഡ് സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും ഒരു കുട്ടിക്ക് രണ്ട് ജോഡി യൂണീഫോമിന് 600 രൂപ നിരക്കിൽ അലവൻസ് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും നൽകിവരുന്നു.പ്രസ്തുത രണ്ട് വിഭാഗങ്ങളിലും ഉൾപ്പെടാത്ത  സർക്കാർ ഹൈസ്‌കൂളുകളിലെ 1 മുതൽ 8 വരെയുള്ള ബിപിഎൽ ആൺകുട്ടികൾ, എസ്.സി/എസ്.ടി ആൺകുട്ടികൾ, മുഴുവൻ പെൺകുട്ടികൾ എന്നീ വിഭാഗങ്ങൾക്ക്  എസ്.എസ്.കെ യൂണിഫോം തുക നൽകുന്നു