സന്ദർശകരെ കാത്ത്, ആധുനിക സൗകര്യങ്ങളോടെ തലശ്ശേരി സെന്റിനറി പാർക്ക്

കണ്ണൂർ : പുത്തൻ കളിയുപകരണങ്ങളും ആധുനിക സൗകര്യങ്ങളുമായി തലശ്ശേരി സെന്റിനറി പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുക്കാൻ സജ്ജമായി. മലയാളസംഗീത ലോകത്തെ കുലപതി കെ. രാഘവന്‍ മാസ്റ്ററുടെ സ്മൃതിമണ്ഡപം സ്ഥിതിചെയ്യുന്നത് ഈ പാര്‍ക്കിലാണ് . കാട് കയറി  അകത്തുകയറാന്‍ സാധിക്കാത്ത രീതിയിലായിരുന്നു നേരത്തെ പാര്‍ക്കിൻ്റെ  അവസ്ഥ. പൊതുജനങ്ങളുടെ ആവശ്യത്തെത്തുടര്‍ന്നാണ് പാര്‍ക്കിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചത്. മൂന്നര കോടി രൂപ ചെലവഴിച്ചാണ് പാർക്കിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കായിരുന്നു നിർമ്മാണ ചുമതല. തലശ്ശേരി സഹകരണ റൂറൽ ബാങ്ക് പത്ത് വർഷത്തേക്ക് പാർക്കിന്റെ നടത്തിപ്പ് ഏറ്റെടുത്തു.

കുട്ടികൾക്കായി വിപുലമായ കളിസ്ഥലവും അത്യാധുനിക ഉപകരണങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട് .ത ലശ്ശേരിയുടെ പൈതൃകം വിളിച്ചോതുന്ന 'ഞമ്മളെ തലശ്ശേരി' ആർട്ട് വാൾ പാർക്കിന്റെ പ്രധാന ആകർഷണമാണ്. കോട്ട, കടൽപാലം, ക്രിക്കറ്റ്, സർക്കസ്, കേക്ക് തുടങ്ങിയ തലശ്ശേരിയുടെ അടയാളങ്ങൾ ഇതിൽ ആലേഖനം ചെയ്തിട്ടുണ്ട് .സ്കാറ്റിംഗ് പരിശീലനത്തിനുള്ള യാർഡ്‌ ,വ്യായാമത്തിനായി ഓപ്പൺ ജിംനേഷ്യo ,സാംസ്കാരിക പരിപാടികൾക്കായി ഓപ്പൺ സ്റ്റേജ്, ഫിഷ് സ്പാ, ഫുഡ് കിയോസ്കുകൾ, കടൽ സൗന്ദര്യം ആസ്വദിക്കാനുള്ള വ്യൂ പോയിന്റ് എന്നിവയും സന്ദർശകർക്കായി കാത്തിരിക്കുന്നു.നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായാലുടൻ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചു