തന്ത്രി കണ്ഠര് രാജീവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 തന്ത്രി കണ്ഠര് രാജീവരെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  തിരുവനന്തപുരം സെൻട്രൽ ജയിലിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്നാണ് അദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.പ്രാഥമിക പരിശോധനകൾക്ക് ശേഷം ഹൃദയസംബന്ധമായ തടസ്സങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കാൻ ഡോക്ടർമാർ ആൻജിയോഗ്രാം നിർദേശിച്ചു. നിലവിൽ മെഡിക്കൽ കോളേജിലെ ജയിൽ സെല്ലിലാണ് അദ്ദേഹം കഴിയുന്നത്. ഇന്ന് ആൻജിയോഗ്രാം പരിശോധന നടക്കും. പരിശോധനാ ഫലം വന്നതിനുശേഷം മാത്രമേ ആശുപത്രിയിൽ തുടരണോ അതോ ജയിലിലേക്ക് മടങ്ങണോ എന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ.

ശബരിമലയിലെ സ്വർണവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളിലും കൊള്ളയിലും പങ്കുണ്ടെന്ന ആരോപണത്തെ തുടർന്നാണ് കണ്ഠര് രാജീവരെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായതിന് തൊട്ടടുത്ത ദിവസവും സമാനമായ ശാരീരിക ബുദ്ധിമുട്ടുകൾ അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. അന്ന് മെഡിക്കൽ കോളേജിലെ നിരീക്ഷണത്തിന് ശേഷമാണ് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. തന്ത്രിയുടെ ആരോഗ്യസ്ഥിതി മോശമായത് ചൂണ്ടിക്കാട്ടി അഭിഭാഷകർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാനും സാധ്യതയുണ്ട് എന്നാണ് വിലയിരുത്തൽ.