"സമഗ്രമായ ജനകീയ വികസന നയങ്ങളുടെ നേട്ടം": അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്ന പൊതുചടങ്ങിൽ പിണറായി വിജയൻ

തിരുവനന്തപുരം:  രാജ്യത്തെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി  കേരളത്തെ പ്രഖ്യാപിക്കുന്ന ചടങ്ങിൽ എൽ ഡി എഫിന്‍റെ വികസന നേട്ടങ്ങൾ എണ്ണി പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയൻ.ചടങ്ങിൽ നടൻ മമ്മൂട്ടി വിശിഷ്ടാതിഥിയായിരുന്നു.എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി  ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നത് . മുഖ്യമന്ത്രിക്ക് പുറമെ ഭൂരിഭാഗം മന്ത്രിമാരും ഈ സുപ്രധാന ചടങ്ങിന് സാക്ഷ്യം വഹിക്കാൻ സന്നിഹിതരായിരുന്നു.

അതിദാരിദ്ര്യ മുക്ത സംസ്ഥാനമെന്ന പ്രഖ്യാപനം തട്ടിപ്പല്ല യാഥാർഥ്യം  

പല കാലഘട്ടങ്ങളിലെ യു ഡി എഫ് സർക്കാരിന്‍റെ നയങ്ങളെ വിമർശിച്ചു എൽ ഡി എഫ് സർക്കാരിൻ്റെ നേട്ടങ്ങളും വിശദീകരിച്ചു നടത്തിയ അരമണിക്കൂറോളം നീണ്ടു നിന്ന പ്രസംഗത്തിൽ അതിദാരിദ്ര്യ മുക്ത സംസ്ഥാനമെന്ന പ്രഖ്യാപനം തട്ടിപ്പല്ല യഥാർത്ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു മുന്നണി അധികാരത്തിൽ വന്നാൽ പിന്നാലെ മറ്റൊരു മുന്നണി അധികാരത്തിൽ വരുന്ന രീതിയാണ് നമ്മുടെ നാട്ടിലുണ്ടായിരുന്നത്.ഒരു കൂട്ടർ വലിയ വികസനത്തിന് നേതൃത്വം നൽകുന്നു, മറ്റൊരു കൂട്ടർ വരുമ്പോൾ അത് തകർന്നടിയും. കുടുംബശ്രീക്ക് പകരം ജനശ്രീ കൊണ്ടു വരാൻ ശ്രമിച്ചതും നാം കണ്ടു. 2021 ൽ തിരഞ്ഞെടുപ്പിനിടെ ഒരു മുന്നണി വന്നത് ഞങ്ങൾ അധികാരത്തിൽ വന്നാൽ 'ലൈഫ് മിഷൻ' പിരിച്ചു വിടുമെന്നായിരുന്നു.4 ലക്ഷത്തോളം വീടുകൾ നിർമിക്കാൻ കഴിഞ്ഞത് ജനങ്ങൾ എൽ ഡി എഫിനെ അധികാരത്തിൽ കൊണ്ടു വന്നത് കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അമേരിക്കയുടെ വികസന രംഗവുമായും മുഖ്യമന്ത്രി കേരളത്തിലെ വികസനത്തെ താരതമ്യം ചെയ്തു. അമേരിക്കയിലെ ശിശു -മാതൃ മരണ നിരക്കെടുത്താൽ അതിനേക്കാളും കുറവാണ് കേരളത്തിലെന്നും അമേരിക്കയുടെ സാക്ഷരത നിരക്ക് 79 ശതമാനമാണെന്നും അദ്ദേഹം വിശദീകരിച്ചു.167.9 ബില്യൺ ഡോളർ മാത്രമാണ് നമ്മുടെ സംസ്ഥാനത്തിന്റെ ജി ഡി പി. 30.51 ട്രില്യൺ ഡോളറാണ് അമേരിക്കയുടെ ജി ഡി പി. അവരുടെ ജി ഡി പി യുടെ 0.51 ശതമാനമാണ് കേരളത്തിന്റെ സാമ്പത്തിക നില.. ഇതാണ് യഥാർഥ കേരള സ്റ്റോറി. കുന്നു കൂടിയ സമ്പത്തല്ല, ജനങ്ങൾക്ക് നൽകുന്ന കരുതലും പരിഗണനയുമാണ് ഒരു നാടിന്‍റെ വികസന കോലെന്നും അദ്ദേഹം പറഞ്ഞു.

സമഗ്രമായ ജനകീയ വികസന നയങ്ങളുടെ  ഈ നേട്ടം.

2016 മുതല്‍ സര്‍ക്കാര്‍ ക്ഷമയോടെയും നിശ്ചയദാര്‍ഢ്യത്തോടെയും നടപ്പാക്കിവരുന്ന സമഗ്രമായ ജനകീയ വികസന നയങ്ങളുടെ തുടര്‍ച്ചയും ഫലവുമാണ് ഈ നേട്ടം.2016 ല്‍ അധികാരമേല്‍ക്കുമ്പോള്‍ 'വികസന മരവിപ്പ്' ബാധിച്ച കേരളത്തെയാണ് കണ്ടത്. തകര്‍ന്ന റോഡുകളും തകരാനിരിക്കുന്ന പാലങ്ങളും ഈ നാടിന്റെ പ്രതീകം പോലെയായി. ദേശീയപാതാ വികസനം അസാധ്യമെന്നുകണ്ട് ദേശീയപാതാ അതോറിറ്റി അതിന്റെ ഓഫീസ് അടച്ചുപൂട്ടി കേരളം വിട്ടു. 600 രൂപ മാത്രമായിരുന്ന ക്ഷേമ പെന്‍ഷന്‍ 18 മാസത്തോളം കുടിശ്ശികയായി. പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. സര്‍ക്കാര്‍ ആശുപത്രികള്‍ സൗകര്യങ്ങളും മരുന്നുകളുമില്ലാതെ പ്രതിസന്ധിയില്‍. വികസനവും വളര്‍ച്ചയും മുരടിച്ച് നാടു വിറങ്ങലിച്ചു നിന്ന അവസ്ഥ. അവിടെ നിന്നാണ് നാം തുടങ്ങിയത്.2016 ലെ 600 രൂപയില്‍ നിന്ന് ക്ഷേമ പെന്‍ഷനിപ്പോള്‍ 2,000 രൂപയായി വര്‍ദ്ധിപ്പിച്ചിരിക്കുന്നു. 60 ലക്ഷം പേര്‍ക്കത് ഇന്ന് മുടങ്ങാതെ എത്തിക്കുന്നു.

1980 ലെ നായനാര്‍ സര്‍ക്കാരാണ് കര്‍ഷക തൊഴിലാളി പെന്‍ഷന്‍ ആരംഭിച്ചത് അന്ന് അത് 45 രൂപയായിരുന്നു. 1987 ല്‍ വീണ്ടും നായനാര്‍ സര്‍ക്കാര്‍ വന്നപ്പോഴാണ് അത് 60 രൂപയാക്കി വര്‍ദ്ധിപ്പിച്ചത്. വീണ്ടും 1996 ല്‍ നായനാര്‍ സര്‍ക്കാര്‍ തന്നെ വന്നപ്പോള്‍ പെന്‍ഷന്‍ ഇരട്ടിപ്പിച്ച് 120 രൂപയാക്കി.2006 ല്‍ വി എസ് സര്‍ക്കാര്‍ വന്നപ്പോള്‍ നേരത്തെ ഉണ്ടായിരുന്ന കുടിശ്ശിക കൊടുത്തുതീര്‍ത്ത് പെന്‍ഷന്‍ തുക 500 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. അടുത്ത അഞ്ച് വര്‍ഷം (2011-2016) 100 രൂപ വര്‍ദ്ധിപ്പിച്ചെങ്കിലും 18 മാസം കുടിശ്ശികയാക്കി. 2016 ലെ സര്‍ക്കാരാണ് 1,000 രൂപ വര്‍ദ്ധിപ്പിച്ച് പെന്‍ഷന്‍ 1,600 രൂപയാക്കിയത്. കുടിശ്ശികയും കൊടുത്തുതീര്‍ത്തു. ഇപ്പോഴിതാ അത് 2,000 രൂപയാക്കിയിരിക്കുന്നു.2011-16 കാലത്ത് മൂവായിരത്തോളം വീടുകള്‍ മാത്രമാണ് സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയത്. ആ സ്ഥാനത്താണ് ലൈഫ് മിഷനിലൂടെ നാലര ലക്ഷത്തിലധികം (4,68,436) ഭവനരഹിതര്‍ക്ക് അന്തസ്സുള്ള വീടുകള്‍ നല്‍കിയ്. ഇത് കെട്ടിടം നിര്‍മ്മിച്ച് നല്‍കല്‍ മാത്രമല്ല, ഓരോ കുടുംബത്തിനും സുരക്ഷിതത്വവും അന്തസ്സും നല്‍കലാണെന്നും മുഖ്യമന്ത്രി.

സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പ്രൗഢഗംഭീരമായ ഒരു സദസ്സിനെ സാക്ഷിനിർത്തിക്കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തിന്‍റെ അഭിമാനകരമായ നേട്ടം പൊതുവേദിയിൽ പ്രഖ്യാപിച്ചത്. രാവിലെ നിയമസഭയിൽ ഇതിന്‍റെ പ്രഖ്യാപന ചടങ്ങ് നടന്നതിന് പിന്നാലെയാണ് ജനങ്ങൾക്ക് മുമ്പാകെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.