"രാജ്യത്തെ സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ആർ‌എസ്‌എസും ബിജെപിയും": ബൃന്ദാ കാരാട്ട്

"രാജ്യത്തെ സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ആർ‌എസ്‌എസും ബിജെപിയും": ബൃന്ദാ കാരാട്ട്

ഹൈദരാബാദ് :രാജ്യത്ത് സ്ത്രീകൾക്ക് അവകാശങ്ങളും അംഗീകാരങ്ങളും ഇപ്പോഴും നിഷേധിക്കപ്പെടുന്നുവെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ(എഐഡിഡബ്ല്യുഎ) ദേശീയ രക്ഷാധികാരിയും മുൻ എംപിയുമായ ബൃന്ദ കാരാട്ട്."രാജ്യത്തുടനീളമുള്ള സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ആർ‌എസ്‌എസും ബിജെപിയുമാണ്. അവർ പിന്തുടരുന്ന മനുസ്‌മൃതി അടിസ്ഥാനമാക്കിയുള്ള നയങ്ങളാണ് സ്ത്രീപുരോഗതിക്ക് ഏറ്റവും വലിയ വെല്ലുവിളി. ആർ‌എസ്‌എസും മോദി നയിക്കുന്ന ബിജെപി സർക്കാരും സമത്വം, മതസൗഹാർദ്ദം, മതേതരത്വം എന്നിവയെ നശിപ്പിക്കാനായി ശ്രമിക്കുന്നു" ബൃന്ദ കാരാട്ട് വിമര്‍ശിച്ചു.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരികയാണ്. ജനാധിപത്യ അവകാശങ്ങളും മതേതരത്വവും ഗുരുതരമായ ഭീഷണിയിലാണ്. സ്ത്രീകൾ നേരിടുന്ന രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക അനീതികൾക്കെതിരായ പോരാട്ടം ശക്തമാക്കണമെന്നും ബൃന്ദ കാരാട്ട് ആഹ്വാനം ചെയ്‌തു. കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങളേയും അവര്‍ വിമർശിച്ചു.ഐ‌ഡി‌ഡബ്ല്യുഎ ഇതിനെതിരെ പോരാടുകയാണെന്നും നിരവധി സ്ത്രീകൾക്ക് തൊഴിൽ നൽകുന്ന തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കാൻ മോദി സർക്കാർ ഗൂഢാലോചന നടത്തുകയാണെന്നും ബൃന്ദ ആരോപിച്ചു. തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കുന്നത് തടയാൻ സ്ത്രീകൾ പോരാടണം. നിയമസഭയിൽ വനിതാ സംവരണ ബിൽ നടപ്പിലാക്കുന്നതിൽ കേന്ദ്ര സർക്കാർ കാലതാമസം വരുത്തുകയാണ്. വോട്ടർ പട്ടികയുടെ പ്രത്യേക സമഗ്ര പരിഷ്‌കരണത്തിൻ്റെ പേരിൽ ദരിദ്രരെയും സ്ത്രീകളെയും ഒഴിവാക്കാൻ അവർ ശ്രമിക്കുന്നു. സ്ത്രീകൾക്ക് സ്വാതന്ത്ര്യവും സമത്വവും പ്രസ്ഥാനങ്ങളിലൂടെ മാത്രമേ നേടാനാകൂവെന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു.ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് എഐഡിഡബ്ല്യുഎയുടെ ദേശീയ അധ്യക്ഷ പികെ ശ്രീമതി പതാക ഉയർത്തി. ചലച്ചിത്ര താരം രോഹിണി സമ്മേളനം ഉദ്ഘാടനം ചെയ്‌തു. 26 സംസ്ഥാനങ്ങളിൽ നിന്നുള്ള 850 പ്രതിനിധികളും 150 വിശിഷ്‌ട അതിഥികളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

വനിതകളെ ആദരിച്ചു 

എഐഡിഡബ്ല്യുഎ (All India Democratic Women's Association)യുടെ പൊതുസമ്മേളനത്തിൽ സ്ത്രീകളെ ആദരിച്ചു. തമിഴ്‌നാട് സ്വദേശികളായ റാണി, ബിഹാർ സ്വദേശി ബിബി റുകാർ, പുതുച്ചേരി സ്വദേശിയും യുവ പർവതാരോഹകയുമായ ദിവ്യ, രാജസ്ഥാൻ സ്വദേശി റസിയ ബാനു എന്നിവരെയാണ് സമ്മേളനത്തിൽ ആദരിച്ചത്.

തെലങ്കാനയിൽ നിന്നുള്ള ആദ്യ ദേശീയ വനിതാ ബാസ്‌ക്കറ്റ്‌ബോൾ താരം മിഹാനിയെയും ആദരിച്ചു. എഐഡിഡബ്ല്യുഎ ദേശീയ ട്രഷറർ പുണ്യവതി, സംസ്ഥാന അധ്യക്ഷ അരുണജ്യോതി, ജനറൽ സെക്രട്ടറി മല്ലു ലക്ഷ്‌മി, മുൻ എംഎൽഎ ജുലകാന്തി രംഗറെഡ്‌ഡി തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.