വി കുഞ്ഞികൃഷ്ണൻ എഴുതിയ `നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന പുസ്തകത്തിൻ്റെ പ്രകാശനം നടന്നു

കണ്ണൂർ: രക്തസാക്ഷി ഫണ്ടിൽ സിപിഎം എംഎൽഎ തട്ടിപ്പ് നടത്തിഎന്ന ആരോപണത്തിൽ പാർട്ടിയിൽനിന്നും പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണൻ എഴുതിയ `നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന പുസ്തകത്തിൻ്റെ പ്രകാശനം കനത്ത പോലീസ് സുരക്ഷയിൽ ഇന്ന് നടന്നു.പയ്യന്നൂര്‍ ഗാന്ധി സ്‌ക്വയറില്‍ സംഘടിപ്പിച്ച ചടങ്ങിൽവെച്ച് വച്ച് എം.എന്‍. വിജയന്റെ മകന്‍ ഡോ. വി.എസ്. അനില്‍കുമാറിന് ഒരു കോപ്പി നല്‍കി ജോസഫ് സി. മാത്യുവാണ് പ്രകാശനം നിർവഹിച്ചത്.
ചടങ്ങിൽ പങ്കെടുക്കാൻ വലിയ ജനാവലിയാണ് എത്തിയത്. നിരവധി പേർ കുഞ്ഞികൃഷ്ണന് ഹസ്തദാനം ചെയ്‌ത് അഭിനന്ദിച്ചു . 'ഇൻക്വിലാബ് 'വിളിച്ചുകൊണ്ടാണ് പുസ്തക പ്രകാശന ചടങ്ങ് നടന്നത് .'പുസ്തക പ്രകാശന ചടങ്ങ് മാറ്റിവെച്ചു' എന്ന് നവ മാധ്യമങ്ങളിലൂടെ പ്രചാരണം ഉണ്ടായതായി വി കുഞ്ഞികൃഷ്ണൻ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ്. സദസ്സിന് മുന്നിൽ പറയാൻ പറ്റാത്ത അശ്ലീല സന്ദേശം വരുന്നു. വ്യക്തിപരമായി തേജോവധം ചെയ്യുന്ന കാര്യങ്ങളിലേക്ക് കടക്കുകയാണെന്നും ഗീബൽസിയൻ തന്ത്രങ്ങൾ പുതിയ കാലത്തും നടപ്പാക്കാനുള്ള ശ്രമമാണെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.തനിക്കെതിരെ ഒരു വിരൽ ചൂണ്ടുമ്പോൾ ബാക്കി വിരലുകൾ പറയുന്ന ആൾക്കെതിരെ ആണെന്ന് ഓർത്താൽ നന്ന്. ശരിയായ രീതിയിൽ ആണോ വിമർശിക്കുക്കുന്നവർ എന്ന് ഓർക്കണമെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പരോക്ഷ മറുപടിയായി കുഞ്ഞികൃഷ്ണൻ പറഞ്ഞു.വിമർശനം ഉന്നയിച്ചാൽ വിരോധം വച്ച് പുലർത്തുന്ന രീതിയാണ് നേതൃത്വം സ്വീകരിക്കുന്നത്. കേരളത്തിലെ പാർട്ടിയെ രക്ഷിക്കണം. അതിന്‍റെ ഭാഗമായി പയ്യന്നൂരിലെ പാർട്ടിയെ രക്ഷിക്കണം കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു

അതേസമയം, വിഎസ് പറഞ്ഞതിന് സമാനമായ കാര്യങ്ങളാണ് കുഞ്ഞികൃഷ്ണനും പറയുന്നതെന്ന് ജോസഫ് സി മാത്യു പ്രസംഗത്തിൽ പറഞ്ഞു. സത്യത്തിനൊപ്പം നിൽക്കും എന്നതിന്റെ പേരിലാണ് വിഎസ് പോളിറ്റ് ബ്യുറോയ്ക്ക് പുറത്തായത്. എന്നാണ് കമ്മ്യൂണിസവും സത്യവും രണ്ടായത് എന്ന് ചോദിച്ച ജോസഫ് സി മാത്യു പാർട്ടി തള്ളിപ്പറഞ്ഞ കൊലയാളികളുടെ കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യത എങ്ങനെയാണു പാർട്ടിക്ക് വരുന്നതെന്നും ചോദിച്ചു.
വി.എസ്. അച്യുതാനന്ദനാണ് വി കുഞ്ഞിക്കൃഷ്ണന്‍ പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. സിപിഐഎമ്മിന് എതിരെ ഗുരുതര ആരോപണങ്ങളാണ് പുസ്തകത്തിലുള്ളത്.പയ്യന്നൂരിലെ വിഭാഗീയതയുടെ കാരണങ്ങളും, ടി.ഐ. മധുസൂദനന്‍ എംഎല്‍എക്കെതിരായ തുറന്നെഴുത്തും പുസ്തകത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. നൂറ് പേജുള്ള പുസ്തകം പാര്‍ട്ടി സഖാക്കളോട് പറയാനുള്ള കാര്യങ്ങളാണെന്നാണ് കുഞ്ഞികൃഷ്ണന്‍ തന്നെ പറഞ്ഞത്. ധനരാജ് ഫണ്ട്, ഏരിയ കമ്മിറ്റി ഓഫിസ് ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് തുടങ്ങിയവയിലുണ്ടായ വെട്ടിപ്പും കണക്കും പുസ്തകത്തിലുണ്ട്. നേരത്തെ പുസ്തകത്തിന്‍റെ ഏതാനും പേജുകള്‍ പുറത്തുവന്നതില്‍ തന്നെ നേതൃത്വത്തിനും ടി.ഐ. മധുസൂദനനുമെതിരായ രൂക്ഷമായ വിമര്‍ശനങ്ങളുണ്ടായിരുന്നു.
ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട കണക്ക് ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും തന്റെ പുസ്തകപ്രകാശനത്തിനുമുൻപ് അത് അവതരിപ്പിക്കണമെന്ന വി. കുഞ്ഞിക്കൃഷ്ണന്റെ ആവശ്യത്തിൽ മുഖം തിരിക്കുകയാണ് സിപിഐഎം. പുസ്തകം ഇറങ്ങുംമുൻപ് കണക്ക് പുറത്തുവിടാൻ മനസില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത്.