"ഇറാനിയൻ കപ്പൽ ആക്രമണത്തിൽ ,കേന്ദ്രം സ്വീകരിച്ച നിലപാട് പ്രതിഷേധാർഹം ":കേരള മുഖ്യമന്ത്രി

"ഇറാനിയൻ കപ്പൽ ആക്രമണത്തിൽ ,കേന്ദ്രം സ്വീകരിച്ച നിലപാട് പ്രതിഷേധാർഹം ":കേരള മുഖ്യമന്ത്രി

തിരുവനന്തപുരം: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ അതീവ ആശങ്കാജനകമാണെന്നും മേഖലയിലെ സൈനിക നടപടികൾ ലോകസമാധാനത്തിന് വലിയ ഭീഷണിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ .അമേരിക്ക–ഇസ്രായേൽ അച്ചുതണ്ടിന്‍റെ സൈനിക നീക്കങ്ങളും അതിനോടുള്ള ഇറാന്‍റെ പ്രത്യാക്രമണങ്ങളും സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുകയാണ്. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ സംഭവം അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചട്ടങ്ങളുടെയും നഗ്നമായ ലംഘനമാണ്. രാഷ്ട്രീയ സംഘർഷങ്ങൾ വ്യക്തിഹത്യയിലേക്കും കൊലപാതകങ്ങളിലേക്കും നീങ്ങുന്നത് വരാനിരിക്കുന്ന അപകടകരമായ പ്രത്യാഘാതങ്ങളുടെ സൂചനയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സംയുക്ത നാവികാഭ്യാസത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന ഇറാനിയൻ യുദ്ധക്കപ്പൽ ഇന്നലെ ആക്രമിക്കപ്പെട്ടതും നിരവധി നാവികർ കൊല്ലപ്പെട്ടതും അതീവ ഗൗരവകരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യയുടെ അതിഥിയായി എത്തിയ കപ്പലിന് നേരെ ആക്രമണമുണ്ടായിട്ടും, അത് ‘രാജ്യത്തിന്‍റെ അതിഥിയല്ല’ എന്ന നിലപാട് സ്വീകരിച്ച കേന്ദ്ര സർക്കാരിന്‍റെ പ്രതികരണം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരം നിലപാടുകൾ കേന്ദ്ര സർക്കാരിന്‍റെ അമേരിക്കൻ വിധേയത്വമാണ് വെളിപ്പെടുത്തുന്നത്. നമ്മുടെ സമുദ്രമേഖലയ്ക്ക് സമീപം നടന്ന ഈ ആക്രമണം അന്താരാഷ്ട്ര മര്യാദകളുടെ ലംഘനമാണെന്നും ഇന്ത്യൻ മഹാസമുദ്രത്തെ യുദ്ധക്കളമാക്കി മാറ്റുന്നത് മേഖലയിലെ സമാധാനത്തിന് വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്രയും ഗൗരവകരമായ വിഷയത്തിൽ പ്രധാനമന്ത്രിയോ കേന്ദ്ര സർക്കാരോ കൃത്യമായ നിലപാട് വ്യക്തമാക്കാത്തത് ശരിയായ സമീപനമല്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.പശ്ചിമേഷ്യയിലെ സംഘർഷം ഗൾഫ് മേഖലയിലാകെ പടരുന്നത് അവിടെ ഉപജീവനം നടത്തുന്ന ലക്ഷക്കണക്കിന് പ്രവാസി മലയാളികളുടെ സുരക്ഷയെ ബാധിക്കാനിടയുണ്ട്. കേരളത്തിന്‍റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസി സമൂഹത്തിന്‍റെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു .