"മാധ്യമ വാർത്തയുടെ പേരിൽ കമ്മിഷനെ ചോദ്യം ചെയ്യാനാവില്ല" :സുപ്രീം കോടതി

ന്യൂഡൽഹി: ബിഹാർ വോട്ടർ പട്ടിക പുതുക്കൽ നടപടിയുമായി ബന്ധപ്പെട്ട മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടാൻ സുപ്രീം കോടതി വിസമ്മതിച്ചു. വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യാൻ ലക്ഷക്കണക്കിന് നോട്ടിസുകൾ പ്രാദേശിക ഉദ്യോഗസ്ഥർക്ക് പകരം കേന്ദ്രീകൃതമായി അയച്ചു എന്നായിരുന്നു വാർത്തയിലെ ആരോപണം.ഈ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്. എന്നാൽ വെറുമൊരു മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷനോട് മറുപടി ആവശ്യപ്പെടുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വിഷയത്തിൽ ഇടപെടണമെങ്കിൽ വസ്തുതകൾ നിരത്തി സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി സന്നദ്ധ സംഘടനയോട് നിർദേശിച്ചു. പത്രവാർത്തകളെ മാത്രം ആശ്രയിച്ച് കോടതിക്ക് ഉത്തരവിടാനാകില്ലെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
മാധ്യമ വാർത്തയിലെ ആരോപണങ്ങളെ തെരഞ്ഞെടുപ്പ് കമ്മിഷന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി എതിർത്തു. എല്ലാ നോട്ടിസുകളും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ് നൽകിയതെന്നും ആരോപണങ്ങൾ തെറ്റാണെന്നും അദ്ദേഹം വാദിച്ചു. കേസിൽ വാദം കേൾക്കുന്നതിനിടെ മാധ്യമ വാർത്തകളോട് പ്രതികരിക്കാൻ കമ്മിഷനെ നിർബന്ധിക്കരുതെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.ബിഹാറിലെ വോട്ടർപട്ടിക പരിശോധനയിൽ ചട്ടങ്ങൾ ലംഘിക്കപ്പെട്ടുവെന്നത് ഗൗരവമേറിയ കാര്യമാണെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വാദിച്ചു. ജനപ്രാതിനിധ്യ നിയമപ്രകാരം പ്രാദേശിക ഉദ്യോഗസ്ഥർ ചെയ്യേണ്ട കാര്യങ്ങൾ കമ്മിഷൻ നേരിട്ട് നടപ്പാക്കിയെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കണമെങ്കിൽ കൃത്യമായ രേഖകൾ സഹിതം സത്യവാങ്മൂലം നൽകണമെന്ന് കോടതി ആവർത്തിച്ചു. മാധ്യമ വാർത്തകൾ പലപ്പോഴും ഉറവിടങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അവ പൂർണമായി ശരിയാകണമെന്നില്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി