ശബരിമല സ്വർണ കൊള്ള: "മേൽശാന്തി സഹായികളുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കണം": ഹൈക്കോടതി

എറണാകുളം: ശബരിമല മാളികപ്പുറം മേൽശാന്തിമാർക്കുവേണ്ടി സഹായികളെ അനുവദിക്കുന്ന വിഷയത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടു. സഹായികളാക്കാൻ ഉദ്ദേശിക്കുന്നവരുടെ പേര്, മുൻകാല പശ്ചാത്തലം, മറ്റ് വിശദാംശങ്ങൾ എന്നിവ ശേഖരിച്ച് സത്യവാങ്മൂലത്തോടൊപ്പം നൽകണം. മുൻകാലങ്ങളിൽ മേൽശാന്തിമാരുടെ കീഴിൽ സന്നിധാനത്ത് ഇവർ സഹായികളായി പ്രവർത്തിച്ചിട്ടുണ്ടോയെന്നും, രേഖകൾ ശേഖരിച്ച് പരിശോധിച്ചിട്ടുണ്ടോയെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിക്കണം.
മേൽശാന്തിമാരായി നിയമിക്കപ്പെട്ടവർക്ക് സഹായികളെ അനുവദിക്കുന്ന കാര്യത്തിൽ അഭിപ്രായം തേടിയപ്പോഴാണ് ഹൈക്കോടതി ദേവസ്വം ബോർഡിനോട് വിശദീകരണം തേടിയത്. സന്നിധാനത്ത് സേവനത്തിന് എത്തുന്നതിന് മുമ്പ് ഈ വ്യക്തികളുടെ രേഖകൾ പരിശോധിച്ചിട്ടുണ്ടോയെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കണം. മേൽശാന്തിമാർ നിയമിച്ച സഹായികൾ സന്നിധാനത്ത് ഏതെങ്കിലും നിയമവിരുദ്ധ പ്രവർത്തികളിൽ ഏർപ്പെട്ടാൽ ആർക്കാണ് ഉത്തരവാദിത്വമെന്നും ബോർഡ് മറുപടി നൽകേണ്ടതുണ്ട്. മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ കമ്മിഷണർ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഈ ഇടക്കാല ഉത്തരവ്.സന്നിധാനത്തെയും മാളികപ്പുറത്തെയും പവിത്രതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായാണ് ഈ വിവരങ്ങൾ തേടുന്നതെന്ന് ഹൈക്കോടതി എടുത്തുപറഞ്ഞു. ശബരിമല സ്വർണക്കവർച്ചയുടെ പശ്ചാത്തലത്തിൽ കോടതി മേൽനോട്ടം കൂടുതൽ കർശനമാക്കുകയാണ്. സഹായികളുടെ പ്രതിഫലവും മറ്റ് കാര്യങ്ങളും മേൽശാന്തിമാരുടെ ചുമതലയാണെന്ന് ദേവസ്വം ബോർഡ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ശബരിമലയിലെ ആചാരപരമായ കാര്യങ്ങളിൽ മേൽശാന്തിയെ സഹായിക്കാൻ നിയോഗിക്കപ്പെടുന്നവരുടെ പൂർണ വിവരങ്ങൾ സുരക്ഷയ്ക്കും ക്ഷേത്ര പവിത്രതയ്ക്കും അനിവാര്യമാണെന്ന് ദേവസ്വം ബെഞ്ച് നിരീക്ഷിച്ചു.